രചന : അശോകൻ പുത്തൂർ ✍

പിരിഞ്ഞതിൻ ശേഷമൊരു
കവിതയെഴുതി
ചോരയിലൊട്ടിച്ച് പോസ്റ്റുചെയ്യുന്നു.
കുറിപ്പ് വായിച്ച്
നീയൊരു ചിരിചിരിക്കും
എന്റെ മരണത്തേക്കാൾ
മുഴക്കമുള്ളത്
അന്നായിരിക്കും ഞാൻ ദൈവത്തിന്
പ്രാണൻകൊണ്ട്
ഉപന്യാസമെഴുതുക.
എഴുത്തു വായിച്ച്
ദൈവവും ചിരിക്കും
പിന്നെ കുറിപ്പിനു മുകളിൽ
അപായചിഹ്നം വരഞ്ഞ്
ചതിക്കപ്പെട്ട ഒരുവന്റെ
തിരുഹൃദയം
തൂക്കിയിടും
നിലവിളികളും
പ്രാർത്ഥനകളും
പള്ളിമണികളുടെ ഒച്ചയിലേക്ക്
അടർന്നുവീഴും ആ ദിവസത്തെ
ദുഃഖവെള്ളിയെന്ന്
നീ പരിഹസിക്കും.

അശോകൻ പുത്തൂർ

By ivayana