രചന : മോഹൻദാസ് എവർഷൈൻ ✍
ഗേറ്റ് തുറന്ന് കിടക്കുകയായിരുന്നു. അപ്പോൾ പട്ടിയെ കൂട്ടിൽ കയറ്റിയെന്നുറപ്പായി.
മുറ്റത്തേക്ക് നടന്ന് കയറുമ്പോൾ വാസുമാഷ് മാറ്റാരുമായോ സംസാരിച്ചിരിക്കുന്നത് ദൂരെ നിന്നേ കണ്ടപ്പോൾ, വേണു പറഞ്ഞു.
“നമ്മളെപ്പോലെ ഏതോ പിരിവ് കാരാണെന്ന് തോന്നുന്നു, ഇനിയിപ്പോ നമുക്ക് ചാൻസ് ഉണ്ടാകുമോ?”.
“നീ ഒന്ന് മിണ്ടാതിരിക്ക്, നിനക്ക് പണ്ടേഎല്ലാത്തിനും ഒരു സംശയമാ “. പിള്ള സാർ അങ്ങനെ ശാകരിച്ച് പറഞ്ഞപ്പോൾ വേണു ഒരു ചമ്മിയ ചിരി ചിരിച്ചു.
“രണ്ട് വർഷമായി ഉത്സവപിരിവിന്റെ കാര്യം പറഞ്ഞ് നമ്മൾ ആരെയും ബുദ്ധിമുട്ടിച്ചിട്ടില്ല.
അതുകൊണ്ട് ഈ വരവ് ആർക്കും ഒരു മുഷിവും ഉണ്ടാക്കില്ല”.
എല്ലാവർക്കും ആത്മവിശ്വാസം വിളമ്പിയത് അമ്പലകമ്മിറ്റി സെക്രട്ടറിയായ രഘുവാണ്.
എല്ലാവരെയും കൂടി കണ്ടപ്പോൾ വാസുമാഷ് ഉമ്മറത്ത് നിന്നും ഇറങ്ങി വന്നു.
“എന്താ എല്ലാവരുംകൂടി ഇവിടെ നിന്ന് കളഞ്ഞത്?”.
“അവിടെ മാഷ് അവരുമായി സംസാരിക്കുന്നത് കണ്ടപ്പോൾ അത് കഴിയട്ടെയെന്ന് കരുതി ഇവിടെ നിന്നതാണ് “.
പിള്ളസാറാണ് മറുപടി പറഞ്ഞത്. സാറ് സംസാരിക്കുമ്പോൾ സാറിന്റെ കള്ളരിപ്പൻ മീശ വിറയ്ക്കുന്നത് നോക്കി വേണു ചിരിച്ചു.
അവനൊരു കഥയില്ലാത്തവനായതിനാൽ കണ്ടിട്ടും പിള്ള സാർ അത് കണ്ടതായി ഭാവിച്ചില്ല.
“അതോ അവർ ഹെൽത്ത് ഇൻഷുറൻസ് പുതുക്കാൻ വന്നതാ, അവരുടെ ഇടപാട് തീർത്തു,പിന്നെ ഇത്തിരി നാട്ട് വർത്താനം പറഞ്ഞിരുന്നതാ, സമയം പോകണ്ടേ,
നിങ്ങള് വാ’.
“അല്ല മാഷേ ഈ ഹെൽത്ത് ഇൻഷുറൻസ് സാറിന് എപ്പോഴെങ്കിലും കിട്ടിയിട്ടുണ്ടോ?”. പൊതുവെ സംശയം ചുമക്കുന്ന വേണു തന്റെ സ്വതസിദ്ധമായ സംശയത്തോടെ ചോദിച്ചു.
“എടാ അത് കിട്ടാൻ വേണ്ടിയൊന്നുമല്ല, പ്രധാനമായും ഞാൻ അടയ്ക്കുന്നത്, നമുക്ക് അസുഖം വരാതിരിക്കുവാൻ വീട്ടുകാരെക്കാൾ ഭംഗിയായി ഇവർ സകലദൈവങ്ങളോടും പ്രാർത്ഥിക്കും. അതറിയോ നിനക്ക്?”.
ഒന്നും മനസ്സിലാകാതെ വായുംപൊളിച്ചു നില്കുന്ന വേണുവിനെ കണ്ടപ്പോൾ മാഷ് പറഞ്ഞു.
“എടാ എനിക്ക് അസുഖം വന്നാൽ ആർക്കാ കാശ് നഷ്ടം വരുന്നത്? ഇൻഷുറൻസ്കാർക്കല്ലേ, അപ്പോൾ അവർ എനിക്ക് ഒന്നും വരുത്തരുതേയെന്നല്ലേ പ്രാർത്ഥിക്കൂ “.
മാഷിന്റെ തമാശ കേട്ട് എല്ലാവരും ചിരിച്ചുകൊണ്ട് ഉമ്മറത്തേക്ക് നടന്നു.സംശയം വിട്ടുമാറാതെ പിന്നാലെ വേണുവും.