രചന : മാധവ് കെ വാസുദേവ് ✍
ഒരു ചരിത്രസംഭവമെന്നു ലോക ചരിത്രകാരൻമാർ വിശ്വസിക്കുകയും, ഒരു വിഭാഗം ആളുകൾ ആ വിശ്വാസത്തെ ഒരാത്മീയ ദർശ്ശനമായി കൊണ്ടു നടക്കുകയും ചെയ്യുന്ന തത്വസംഹിതയുടെ ജനയിതാവായ ഒരു മനുഷ്യൻ.
തന്റെ ജീവിതകാലത്തു സമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങളെയും അന്നുവരെ ആചരിച്ചുപോന്ന ഒരു ആചാരസംഹിതക്കെതിരെയും, തന്റെ ജനനം മുതൽ മരണം വരെയുള്ള സമരമായി ജീവിതത്തെ മാറ്റുകയും ആ പ്രവർത്തിമണ്ഡലത്തെ സ്വജീവിതവുമായി കൂടെകൊണ്ടുനടക്കാൻ ആഗ്രഹിക്കുകയും ചെയ്ത ഒരു ജന്മസുദിനമെന്നതിന്‍റെ പേരിൽ മാത്രമല്ല, മനുഷ്യസ്നേഹിയായ ഒരു സാമൂഹിക പ്രവർത്തകൻ, അവൻ എങ്ങിനെ ആയിരിക്കണം സമൂഹത്തിനു മാതൃകയാവേണ്ടതു എന്നതിന്‍റെ ഉദാത്തമായ ജീവിതത്തിനുടമ എന്നതുകൊണ്ടാണ് യേശു എനിക്കു പ്രിയപ്പെട്ടവന്‍ ആകുന്നത്.
യേശുക്രിസ്തു ക്രൂശിക്കപ്പെട്ടതിന്‍റെ മൂന്നാംനാള്‍ ഉയര്‍ത്തെഴുന്നേറ്റു എന്നതു, അതിന്‍റെ വിശ്വാസ്യത അതുള്‍ക്കൊള്ളുന്ന മനസ്സുകളെ ആശ്രയിച്ചാണ്. എങ്കിലും ഈ കഥ ഉണർത്തുന്ന ഉയര്‍ത്തെഴുന്നേല്‍പ്പ് ചില പാഠങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. അല്ലെങ്കില്‍ മനസ്സിലാക്കിത്തരുന്നു എന്നതാണ് , ഈസ്റ്റർ എനിക്കു ഇഷ്ടപ്പെട്ട ഒരുദിനമായി മാറുന്നതിനു കാരണം.
ഒരു പഴയ തത്വസംഹിതയെയും അതിന്റെ ജീർണ്ണിച്ച അടിസ്ഥാന ശിലകളെയും സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ ദുഷിച്ച ആചാര പ്രവണതകളെയും തുടച്ചുമാറ്റാൻ വേണ്ടി പഴയ പുരോഹിത മേധാവിത്വത്തെ വെല്ലുവിളിച്ചതും അതിനെതിരെ പ്രവര്‍ത്തിച്ചതും കൊണ്ടുമാത്രമാണീ ഈ ക്രുശിതമരണം യേശുവിനു വരിക്കേണ്ടി വന്നത്.
ഒരു കാലഘട്ടത്തെ അപ്പാടെ കൈയടക്കി വെച്ചിരുന്ന, അധികാര വർഗ്ഗത്തിനും അതിന്‍റെ ദുഷിച്ച പാതകളെയും വെട്ടിമാറ്റിയൊരു പുതിയ ലോകത്തിന്റെ വാതിലുകള്‍ തുറന്നുതന്നു ലോകത്തിനു കൃശഗാത്രനായ ഈ താടിക്കരാൻ.
എന്താണു സ്നേഹം, ത്യാഗം, സഹാനുഭൂതി എന്നൊക്കെ പറയുക മാത്രമല്ല ഇതെല്ലാം തന്റെ സ്വന്തം ജീവിതത്തിലൂടെ കാട്ടിത്തന്ന ഈ മനുഷ്യ സ്നേഹി. സഹജീവികളുടെ ജീവിത ദുരിതങ്ങളെ സ്വന്തം ചുമലിലേറ്റി അവരുടെ ദു:ഖങ്ങള്‍, കഷ്ടപ്പാടുകൾ എല്ലാമകറ്റാന്‍ ഒരു പുതു വെളിച്ചമേന്തി വന്ന മനുഷ്യപുത്രന്‍, തന്‍റെ പ്രവര്‍ത്തികളിലൂടെ മാനവരാശിക്കു വഴികാട്ടിയായി നമ്മള്‍ക്കു മുന്നേ നടന്നതിനു കാരണം ആ മനസ്സിൽ തന്റെ സമൂഹത്തോടും സഹജീവികളോടുമുള്ള കാരുണവും സ്നേഹവും മാത്രമായിരുന്നിരിക്കണം.
കഴിഞ്ഞകാല പുണ്യപ്രവര്‍ത്തികള്‍ ഒരു വക്തിയെ അനശ്വരനാക്കും മഹാത്മാവാക്കും എന്നതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ ക്രുശിത മരണത്തിന്‍റെ മൂന്നു ദിനങ്ങള്‍ക്കു ശേഷമുള്ള പുനര്‍ജീവനത്തിലൂടെ ജീസ്സസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത് …
ഇവിടെ ക്രിസ്തു ക്രുശിലേറ്റപ്പെട്ടത്തിന്‍റെ മൂന്നാം നാളുടലോടെ സ്വര്‍ഗ്ഗ രാജ്യത്തേയ്ക്ക് പോയി എന്നതു സത്യമോ മിഥ്യയോ ആയ കഥയോ സംഭവമോ ഇവിടെ ചർച്ച ആക്കുവാൻ ഞാൻ ഇല്ല.
ഞാൻ വിശ്വസിക്കുന്നതു മരിച്ച മൂന്നാം നാളിൽ ക്രിസ്തുവിന്‍റെ ഭൗതിക ശരീരത്തിനല്ല മറിച്ച് ഈ മനുഷ്യസമൂഹത്തിനു മുന്നിൽ അദ്ദേഹം നിരത്തി വെച്ച ആശയങ്ങൾ ആവണം അന്നത്തെ ഓരോ മനുഷ്യ മനസ്സുകളെ ഉണര്‍ത്തിയതും അതിലൂടെ അദേഹം ഉയർത്തെഴുന്നേറ്റതും എന്നാണു ഞാൻ കരുതുന്നത്.
ഈ സ്നേഹത്യാഗസമര്‍പ്പണസമ്പന്നത തന്നെയാന്നു യേശുവിനെ മഹാനാക്കുന്നതും ദൈവ പാദങ്ങളിലേക്കു അല്ലെങ്കിൽ ദൈവാത്തിനോപ്പമോ അദേഹത്തെ ഉയര്‍ത്തുന്നതും ഉയര്‍പ്പിച്ചതും.
കറകളഞ്ഞ ഒരു മനുഷ്യസ്നേഹി സഹജീവകാരുണ്യം വാക്കിലും പ്രവര്‍ത്തിയിലും കാട്ടി കൂടപ്പിറപ്പായ പാപങ്ങളെ, ഇരുളിനെ വെളിച്ചം
എന്ന പോലെ അകറ്റാന്‍ മനസ്സിന്‍റെ പ്രകാശ വ്യാപാരത്തെ അതിലൂടെ അതിജീവിപ്പിക്കാന്‍. അങ്ങിനെ ഇരുളില്‍ കഴിഞ്ഞ ഒരു ജനതയെ ചരിത്രത്തിലൂടെ കൈപിടിച്ച് വെളിച്ചത്തിലേയ്ക്ക് കൂട്ടികൊണ്ടുപോയി അദ്ദേഹം എന്നതാണ് ജോസഫിന്റെ മകനെ മഹാനാക്കുന്നത്.
സുഗന്ധമുള്ള പൂവിന്‍റെഗന്ധം അടുത്തു കിടക്കുന്ന കല്ലിനും കൂടിയുണ്ടാവും അതിന്റെ സൗരഭ്യം എന്ന കവിവാക്യത്തെ ഓര്‍മ്മിപ്പിക്കുന്ന പോലെ ഇരുവശങ്ങളില്‍ ക്രൂശിക്കപ്പെട്ട കള്ളന്മാരുടെ പാപങ്ങള്‍പോലും മാറ്റിക്കിട്ടി എന്നതുകൊണ്ടു അർത്ഥമാക്കേണ്ടതു തന്റെ ഒപ്പം നടന്ന മനസ്സുകളിലെ ഇരുളിനെ മറിയത്തിന്റെ മകൻ മാറ്റിയെടുത്തു എന്നതാവണം ആ കഥയുടെ അന്ത:സത്തയെന്നു ഞാൻ വിശ്വസിക്കുന്നു.
ഈ സംസ്ക്കാരമഹത്വമാണാ പുണ്യമനസ്സിന്‍റെ പവിത്രത അതിന്‍റെ ഏറ്റവും വലിയ സാക്ഷ്യപ്പെടുത്തല്‍.
ആ മനസ്സിന്റെ നന്മ ജീവിതത്തിന്റെ എളിമ സത്യസന്ധത ഇതൊക്കെ യാണെന്നെ സംബന്ധിച്ചടുത്തോളം ഈസ്റ്റർ ദിനം എനിക്കു കൂടുതല്‍ പ്രിയപ്പെട്ടതാകുന്നത്.
ഇന്നദേഹത്തിന്റെ പിന്ഗാമികളിൽ എത്രപേർക്കു കൃസ്തുവിന്റെ അനുയായി എന്ന് സത്യസന്ധമായി അവകാശപ്പെടാൻ കഴിയും എന്നതും അവർ ചിന്തിക്കേണ്ട സന്ദർഭമാണ്.