രചന : സെഹ്റാൻ ✍
അവർ നാല് പേരുണ്ടായിരുന്നു. ചെന്നായ്ക്കൾ! കുറ്റിക്കാട്ടിലേക്കവരെന്നെ
വലിച്ചിഴച്ചപ്പോൾ കൈകാലുകളടിച്ച് ഞാൻ നിലവിളിച്ചു. പിടഞ്ഞു. പ്രതിഷേധിച്ചു.
ചെന്നായ്മുഖങ്ങളെനിക്ക് വ്യക്തമായില്ല. ഉദ്ധരിച്ചുനിൽക്കുന്ന അവരുടെ ലിംഗങ്ങൾ മാത്രം കണ്ടു. മറ്റൊന്നും കാണാനാവാത്ത വിധത്തിൽ അവയെന്റെ കാഴ്ച്ചയിൽ നീണ്ടുനിറഞ്ഞുനിന്നു. ബലമായി അവരതെന്റെ വായിലേക്കും, ജനനേന്ദ്രിയത്തിലേക്കും തിരുകിക്കയറ്റി.
ആകാശം കറുക്കാൻ തുടങ്ങി.
പൊടുന്നനെ മഴപെയ്യാനും…
🌿. 🌿. 🌿
തെരേസ. എന്റെ പ്രിയകൂട്ടുകാരി. അവൾ ചോദിക്കുന്നു;
“അലക്സാൻഡ്രാ, ലൈംഗികതയെ കുറിച്ച് നീയെന്ത് പറയുന്നു ? “
“അതൊരു ലളിതമായ വാക്കാണെന്ന് ഞാൻ കരുതുന്നില്ല. പ്രണയമെന്നതൊരു സർഗാത്മക പ്രക്രിയയായി സങ്കൽപ്പിച്ചു നോക്കൂ. എങ്കിലതിന്റെ ഉച്ചസ്ഥായിയുടെ ആവിഷ്ക്കാരവേദിയായിരിക്കും ലൈംഗികത. പ്രണയത്തിലത് ഉള്ളടങ്ങിയിരിക്കുന്നു. അതുകൊണ്ടാണ് പ്രണയത്തിന്റെ രണ്ടാം വാതിലായി ലൈംഗികതയെ തുറന്നിട്ടിരിക്കുന്നത്…”
തെരേസയുടെ കണ്ണുകളിൽ കരിനിറമുള്ള കുരുവികൾ പിടയ്ക്കുന്നു. കണ്ണെടുക്കാതെ ഞാനവയെ ഉറ്റുനോക്കി.
കൂടുതലടുത്ത്… ദാഹത്താലവളുടെ ചുണ്ടുകൾ രണ്ടായി പിളർന്നു. രണ്ട് നാരങ്ങയല്ലികൾക്കിടയിലെന്നോണം ഞാനവിടെ ചുണ്ടമർത്തി. മധുരം!!
തലയ്ക്കു മുകളിലൂടെ ഒരുപറ്റം പക്ഷികൾ ചിറകടിച്ചു ബഹളമുണ്ടാക്കി പറന്നു.
കാടിന്റെ വിജനതയിൽ നാല് മുലക്കണ്ണുകൾ പരസ്പരം ചുംബിക്കാൻ
തുടങ്ങി…
🌿. 🌿. 🌿
മുൻഭാഗം മടുത്തിട്ടോ എന്തോ ചെന്നായ്ക്കളിലൊരുവൻ ബലമായെന്നെ കുനിച്ചുനിർത്തി പിൻഭാഗത്തേക്ക് അവയവം പ്രവേശിപ്പിക്കാൻ തുടങ്ങി. വേദന അതിന്റെ പരിധികൾ ലംഘിക്കുമ്പോൾ മരവിപ്പ് ശരീരത്തെ കാർന്നുതിന്നാൻ തുടങ്ങുന്നു.
തെരേസയുടെ ചുംബനങ്ങളേറ്റ, പ്രണയസ്പർശങ്ങളേറ്റ മുലക്കണ്ണുകൾ ചരൽമണ്ണിലുരയുന്നു. ചെളിയിൽ കുഴയുന്നു. ചോരപൊടിയുന്നു!
എവിടെയോ പെലിക്കനുകൾ നിലവിളിക്കുന്ന ശബ്ദം എന്റെ കാതുകളിൽ വന്നുനിറഞ്ഞു. അല്ല….
അതെന്റെ തന്നെ നിലവിളിയായിരുന്നു. മഴയുടെ ഇരമ്പമതിനെ മുക്കിക്കൊല്ലുന്നു.
🌿 🌿 🌿
ആ രാത്രിയിൽ മലമുകളിലായിരുന്നു ഞങ്ങളിരുവരും.ആകാശം നിറയെ നക്ഷത്രങ്ങൾ. തെരേസയുടെ തുളുമ്പുന്ന മാറോടു ചേർന്ന് ആകാശം നോക്കി ഞാനിരുന്നു. അവളുടെ ഹൃദയമിടിപ്പുകൾ ഞാൻ കേട്ടു. രാപ്പക്ഷികളുടെ ചിറകടി പോലിരുന്നുവത്. നിർത്താതെ കിരുകിരുത്തുകൊണ്ടിരുന്ന ചിവീടുകൾ പൊടുന്നനെയൊരു നിശബ്ദതയിലേക്ക് ആണ്ടുപോയത് ഞാനറിഞ്ഞു…
ഉച്ചത്തിൽ ഓലിയിട്ടുകൊണ്ടിരുന്ന നായ്ക്കൾ പൊടുന്നനെയൊരു സ്തബ്ധതയിലേക്ക് അമർന്നുകിടന്നത് ഞാനറിഞ്ഞു…
കൂടുതൽ കൂടുതൽ ഞാനവളിലേക്ക് ചാഞ്ഞിരുന്നു. ആകാശത്തേക്ക് കൈയെത്തിച്ച് അവളൊരു നക്ഷത്രമെനിക്ക് പറിച്ചു തന്നു. കണ്ണിമയ്ക്കാതെ ഞാനതിനെയുറ്റുനോക്കി. തിരിച്ചും മറിച്ചും പരിശോധിച്ചു. വക്ക് പൊട്ടിയൊരു നക്ഷത്രം! ഞാനതിനെ തിരികെ ആകാശത്ത് വെച്ചു. തെരേസയുടെ വിരലുകളെന്റെ അരക്കെട്ടിൽ വീണമീട്ടാൻ തുടങ്ങി. വിശ്രാന്തി!!
🌿 🌿 🌿
ജനനേന്ദ്രിയമാകെ കീറിപ്പിളർന്ന് പോയിരുന്നു. മുലക്കണ്ണുകൾ പറിഞ്ഞടർന്നു. മേലാകെ ദന്തക്ഷതങ്ങൾ…
മാന്തിക്കീറിയ പാടുകൾ… മഴ ശമിച്ചിരുന്നു. ചെന്നായ്ക്കൾ അപ്രത്യക്ഷരായിരുന്നു.
തെരേസയുടെ തലോടലുകളേറ്റുവാങ്ങിയ
ശരീരം മണ്ണിലിഴച്ച് ഞാൻ ഇഴഞ്ഞുനീങ്ങി.
ദേഹമാകെ കല്ലുകളും,
കള്ളിമുള്ളുകളുമുരഞ്ഞ് പോറലുകളുണ്ടാക്കി എനിക്ക് വേദനിച്ചതേയില്ല! ചെന്നായ്ക്കളുടെ ആക്രമണത്തോളം വരില്ല മറ്റൊന്നും.
തെരേസാ, നീ നൽകിയ നക്ഷത്രങ്ങളെല്ലാം കെട്ടുപോയിരിക്കുന്നു.
ഇരുട്ട്… കൂരിരുട്ട്!!
🌿 🌿 🌿
ഇരുളിൽ ഒരു നക്ഷത്രവെട്ടം! ആര്…?
റാന്തൽവിളക്കേന്തിയ ഒരു വൃദ്ധൻ!
കൂടെ ആരൊക്കെയോ…
“അലക്സാൻഡ്രാ, നിനക്കെന്തുപറ്റി ?
ദേഹമാകെ ചോര !?”
ഈ ശബ്ദമെനിക്ക് പരിചിതമാണ്. അടയാൻ തുടങ്ങുന്ന കണ്ണുകൾ പണിപ്പെട്ട് വലിച്ചുതുറന്നു. നരച്ച മുടി, താടി, തലപ്പാവ്.
അതെ. അയാളാണത്. അബ്ബാസ് അലി ഹംദാൻ. ‘ജെ’ യിലെ ജ്ഞാനവൃദ്ധൻ.
മേലങ്കിയൂരി അയാളെന്നെ പുതപ്പിച്ചു.
“വേഗം എടുക്ക്” സഹായികളോടയാൾ കൽപ്പിക്കുന്നത് കേട്ടു. റാന്തൽവെളിച്ചം ഇരുളിനെ വകഞ്ഞുനീക്കി…
🌿 🌿 🌿
വാതിൽ തുറന്നത് സുന്ദരനായൊരു ബാലനായിരുന്നു. അലി ഹംദാന്റെ ശിഷ്യൻ നൂർ ഹസ്സൻ.
“വേഗം വെള്ളം തിളപ്പിക്കൂ നൂർ…”
ഹംദാൻ ശിഷ്യനോട് ആജ്ഞാപിച്ചു.
അവൻ ധൃതിയിൽ അകത്തേക്ക് മറഞ്ഞു.
തൂവൽക്കിടക്കയിൽ വിവസ്ത്രയായി ഞാൻ കിടന്നു. അലി ഹംദാൻ എന്റെ മുറിവുകളിലെ ചോരക്കറ തുടച്ചുമാറ്റി.
ലേപനങ്ങൾ പുരട്ടി. ശുശ്രൂഷയ്ക്ക് അയാൾ അകത്തുകയറിയതും അയാളുടെ ശിഷ്യൻമാർ മടങ്ങിയിരുന്നു.
“ശാന്തമായ് ഉറങ്ങൂ അലക്സാൻഡ്രാ…”
അയാളെന്റെ നെറ്റിയിൽ പതിയെ തലോടി.
വീണ്ടും ഞാൻ തെരേസയെ ഓർത്തു. അധികരിച്ച വ്യസനത്തോടെ ഉറങ്ങാൻ ശ്രമിച്ചു. അലി ഹംദാൻ ഒരു കമ്പിളിയെടുത്തെന്നെ മൂടി.
മേശപ്പുറം വൃത്തിയാക്കാൻ നൂർ ഹസ്സൻ വന്നു. അലി ഹംദാൻ റാന്തൽവിളക്കിന്റെ തിരിതാഴ്ത്തി. അരണ്ട ചുവന്ന വെളിച്ചം!
ഞാനുറങ്ങുകയാണോ എന്ന് ശ്രദ്ധിച്ച് അയാൾ നൂറിന്റെ തുടുത്ത കൈത്തണ്ടയിൽ പിടിച്ചു. അയാളുടെ കണ്ണുകളിൽ തിളങ്ങുന്ന കാമാസക്തി അരണ്ട വെട്ടത്തിലും ഞാൻ വ്യക്തമായി കണ്ടു. നൂറിന്റെ കണ്ണുകളിലെ ഭീതി കലർന്ന അമ്പരപ്പും. അവനെയയാൾ ചേർത്തുപിടിച്ച് അടുത്ത മുറിയിലേക്ക് കൊണ്ടുപോയി.
ചെന്നായ്ക്കൾ ചുരമാന്തുന്ന ശബ്ദം…
പെലിക്കനുകൾ നിലവിളിക്കുന്ന ശബ്ദം…
അലി ഹംദാന്റെ ചെന്നായ്ക്കിതപ്പുകൾ…
നൂർ ഹസ്സന്റെ പെലിക്കൻ നിലവിളികൾ…
🌿 🌿 🌿
മേൽക്കൂരയിൽ കുതിരക്കുളമ്പടി കേട്ടു. അത് എലിസബത്ത് സള്ളിവന്റെ പറക്കും കുതിരയായിരുന്നു. അതിന്റെ കാൽവെപ്പുകളിൽ മേൽക്കൂരയിലെ പലകകളിളകി. ഉമ്മറവാതിൽ തുറന്ന് നൂർ ഹസ്സൻ പുറത്തേക്ക് പോകുന്നത് കണ്ടു.
അവന്റെ കാലുകൾ നിലത്തുറച്ചിരുന്നില്ല.
നിലവിളി വറ്റിയിരുന്നില്ല. അലി ഹംദാൻ സാവധാനം പുറത്തേക്ക് നടന്ന് മുറ്റത്തെ ജലധാരയ്ക്കരികിൽ കുന്തിച്ചിരുന്നു.
കൈകളിൽ ജലധാരയിലെ വെള്ളം കോരിയെടുത്ത് അയാൾ തന്റെ ലൈംഗികാവയവം കഴുകി.
കുളമ്പടിശബ്ദം വീണ്ടും കേട്ടു. കിടന്നകിടപ്പിൽ ഞാൻ ജാലകത്തിലൂടെ ആകാശത്തേക്ക് നോക്കി. ‘ജെ’ യുടെ ആകാശത്ത് മേഘത്തുണ്ടുകളിൽ ചവിട്ടി കുതിച്ചുപായുന്ന മാന്ത്രികക്കുതിര. അതിന്റെ വായിൽ വക്കുപൊട്ടിയൊരു നക്ഷത്രം!
⭕⭕⭕⭕
‘ജെ’ യിലെ ഹോസ്പിറ്റലിൽ തൂപ്പുകാരനായി ജോലിചെയ്യവേയാണ് ഞാൻ തെരേസയെ പരിചയപ്പെടുന്നത്. അവളുടെ പ്രിയസുഹൃത്ത് അലക്സാൻഡ്ര ക്രൂരമായൊരു ലൈംഗികാതിക്രമത്തിനിരയായി അവിടെ ചികിത്സയിലായിരുന്നു. അവളുടെ കിടയ്ക്കക്കിരുവശമിരുന്ന് മാതാപിതാക്കൾ കണ്ണീരൊഴുക്കിക്കോണ്ടേയിരുന്നു.
അബോധാവസ്ഥയിൽ അസ്പഷ്ടമായി അവൾ പറഞ്ഞ വാക്കുകൾ കൂട്ടിച്ചേർത്താൽ നിങ്ങൾ മുകളിൽ വായിച്ച കഥയായി. തെരേസയോട് ഞാനതെക്കുറിച്ച് സംസാരിച്ചില്ല.
ഒരു സായാഹ്നത്തിൽ കടൽക്കരയിൽ പട്ടംപറത്തുന്ന കുട്ടികൾക്കിടയിൽ ഞാൻ നൂർ ഹസ്സനെ കണ്ടു. നേരിയ വെയിലിൽ അവൻ കൂടുതൽ സുന്ദരനായ് കാണപ്പെട്ടു. അലി ഹംദാനെക്കുറിച്ച് അലക്സാൻഡ്ര വെളിപ്പെടുത്തിയത് ഞാനവനോട് ചോദിച്ചു. അവന്റെ മുഖം കറുത്ത് ഗൗരവം പരന്നു.
“അലി ഹംദാൻ ഞങ്ങളുടെ ആത്മീയാചാര്യനാണ്. ഞങ്ങളുടെ ബാബ. അദ്ദേഹത്തെക്കുറിച്ച് അപവാദം പറഞ്ഞാൽ ഞങ്ങളാരും കൈകെട്ടി നോക്കിയിരിക്കില്ല…”
അവനോട് ക്ഷമ ചോദിച്ച് ഞാൻ നടന്നു.
അകലെയകലെ അലയടിക്കുന്ന തിരമാലകളിൽ ചവിട്ടി എലിസബത്ത് സള്ളിവന്റെ മാന്ത്രികക്കുതിര പാഞ്ഞുപോകുന്നത് അപ്പോഴൊരു മിന്നായം പോലെ കാണുകയുണ്ടായി.
അതിന്റെ വായിൽ വക്കുപൊട്ടിയൊരു നക്ഷത്രമുണ്ടായിരുന്നോ…?
അറിയില്ല!!
⚫