രചന : ശ്രീകുമാർ എം പി ✍
ഓ ജീസസ്,
ഗാഗുൽത്താമലയിലേയ്ക്ക്
ലോകത്തിന്റെ പാപവുമേന്തി
നടന്നു നീങ്ങിയ സ്നേഹസ്വരൂപാ
ഞങ്ങളങ്ങയെ നമിയ്ക്കുന്നു.
ജീസസ്
നിർമ്മലസ്നേഹമെ
അവിടുത്തെ
തിരുഹൃദയത്തിൽ നിന്നും,
അവരേല്പിച്ച
മുറിവുകളിലൂടൊഴുകിയ
രക്തച്ചാലുകൾ
സ്നേഹത്തിന്റെയും
ത്യാഗത്തിന്റെയും
ശോണകാന്തി ലോകത്തിന് കാട്ടിക്കൊടുത്തു !
ജീസസ്
മൂന്നാംദിനം
അങ്ങ് ഉയിർത്തെഴുന്നേറ്റപ്പോൾ
അവർ ആഴത്തിലേയ്ക്ക്
താഴുകയായിരുന്നു. എങ്കിലും അവർക്ക് മോചനമുണ്ടാകാം.
കാരണം
അവിടുന്ന് അവർക്കായി
പ്രാർത്ഥിച്ചിരുന്നു.
ജീസസ്
അവർ അങ്ങയെ
പീഡിപ്പിച്ച് കുരിശിലേറ്റിയപ്പോൾ
അവർ വികലമായ
ആൾക്കൂട്ടമായി
അധ:പതിയ്ക്കുകയായിരുന്നു.
ആൾക്കൂട്ടങ്ങൾ ചിലപ്പോൾ
സാമൂഹ്യ വിരുദ്ധരായി മാറുന്നു.
ഓ ജീസസ്
അങ്ങേയ്ക്ക്
സ്നേഹചുംബനമേകിക്കൊണ്ട്,
കഴുകൻമാർക്കിട്ടു കൊടുത്ത
ആ നീചകൃത്യത്തിന്
വില വാങ്ങിയ
യൂദാസിന്റെ അനുയായികൾ
ഏറിവരുന്ന ഇക്കാലത്ത്
അവിടുന്ന് നിരന്തരം ക്രൂശിയ്ക്കപ്പെടുന്നു !
എങ്കിലും തുടർന്നുളള ഉയിർത്തെഴുന്നേല്പ്
അവരെ അസ്വസ്ഥരാക്കുന്നു.
അപ്പോഴും പാപചക്രത്തിൽ പെട്ടുഴലുന്ന അവരുടെ മോചനത്തിനായുള്ള
ആ പ്രാർത്ഥന,
ചെറിയൊരു വ്യത്യാസത്തോടെ
ഞങ്ങളും ചൊല്ലുകയാണ്.
“ദൈവമെ
ഇവർ ചെയ്യുന്നതെന്തെന്ന്
ഇവർ അറിയുന്നു,
ഇവരോടെ പൊറുക്കരുതെ”