എം ജി രാജൻ ✍
അമ്പതുവര്‍ഷം മുമ്പ് ഈ ഗ്രാമത്തില്‍ താമസം തുടങ്ങുമ്പോള്‍ പറമ്പില്‍ നിറയെ വലിയ എലികളുണ്ടായിരുന്നു. “പെരുച്ചാഴി” എന്ന് അറിയപ്പെട്ടിരുന്ന അത്തരം എലികളെ അതിനുമുമ്പ് ഒരിക്കലും കണ്ടിട്ടില്ലാതിരുന്നതുകൊണ്ട് അവയെ പേടിയായിരുന്നു.
ചില ദിവസങ്ങളില്‍ കുറച്ചു മനുഷ്യര്‍ എലിവേട്ടയ്ക്കായി വരും. സകുടുംബമായാണ് ഇവരുടെ വരവ്. പറമ്പ് മുഴുവന്‍ കയറി ഇറങ്ങി അവര്‍ മടങ്ങുമ്പോള്‍ അഞ്ചോ ആറോ പെരുച്ചാഴികള്‍ അവരുടെ കയ്യിലുണ്ടാവും. എലിപിടുത്തം അവരുടെ തൊഴിലായിരിക്കും എന്നാണ് ആദ്യമൊക്കെ കരുതിയിരുന്നത്. പക്ഷെ കൂലി ഒന്നും വാങ്ങാതെയാണ് അവര്‍ പോകുന്നതെന്ന് മനസ്സിലാക്കിയ ഒരു ദിവസം ഇവര്‍ ഇതിനെ എന്തുചെയ്യും എന്ന് അച്ഛനോട് ചോദിച്ചു.
അവര്‍ അതിനെ തിന്നാനാണ് കൊണ്ടുപോകുന്നതെന്ന് പറഞ്ഞപ്പോള്‍ അറപ്പും വെറുപ്പും തോന്നി. എലികളെ ആരെങ്കിലും തിന്നുമോ എന്നായിരുന്നു സംശയം. അച്ഛനോട് ഒരു കാര്യം ചോദിച്ചാല്‍ പിന്നെ ഒരു മണിക്കൂര്‍ നീളുന്ന ഒരു ക്ലാസ് ആയിരിക്കും മറുപടി.
ലോകത്തിന്‍റെ പലഭാഗത്തുള്ള മനുഷ്യരുടെ ഇടയില്‍ നിലനില്‍ക്കുന്ന ഭക്ഷണ രീതികളെക്കുറിച്ചും പട്ടി, പാമ്പ് മുതല്‍ തേള്‍, എട്ടുകാലി വരെയുള്ളവയെ ഭക്ഷിക്കുന്ന മനുഷ്യരെക്കുറിച്ചും അറിവ് കിട്ടുന്നതങ്ങിനെയാണ്. Food Cycle നെക്കുറിച്ചും അച്ഛന്‍ വിശദീകരിച്ചിരുന്നു.
1972 ല്‍ ഉണ്ടായ വിമാനാപകടത്തില്‍ മരിച്ചവരുടെ മാംസം ഭക്ഷിച്ച് ജീവന്‍ നിലനിര്‍ത്തേണ്ടി വന്ന അവസ്ഥ ആ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ തന്നെ വെളിപ്പെടുത്തിയത് പിന്നീട് വായിച്ചിട്ടുമുണ്ട്.
(വെറും പതിനേഴ് വര്‍ഷം മാത്രം കൂടെയുണ്ടായിരുന്ന അച്ഛന്‍റെ ഇത്തരം ക്ലാസ്സുകളെ അന്ന് ഞാന്‍ അത്ര ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും മുതിര്‍ന്നപ്പോള്‍ ഒരു പച്ച മനുഷ്യനായി ജീവിക്കാനും സമൂഹത്തില്‍ ഇടപെടാനുമുള്ള വകതിരിവ് ഉണ്ടാക്കിത്തന്നതില്‍ അതിനുള്ള പങ്ക് പിന്നീട് ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് ഇതേ ശീലം തുടരുന്ന എന്നെ ഭാര്യയും മകളും കളിയാക്കുമ്പോള്‍ ഞാന്‍ വെറുതെ ചിരിക്കാറാണ് പതിവ്.)
ഉപവാസമോ നൊയമ്പോ നിരാഹാര സമരമോ നടത്തുമ്പോഴുള്ള വിശപ്പല്ല; ഇനിയെന്ന്, എപ്പോള്‍ ഭക്ഷണം ലഭിക്കും എന്ന് പോലുമറിയാത്ത അവസ്ഥയില്‍ വിശപ്പറിഞ്ഞവനേ ഭക്ഷണത്തിന്‍റെ വിലയറിയൂ . അവിടെ ഒരാള്‍ക്ക് വെജ്, നോണ്‍-വെജ്, പുല്ല്, പശു, പോത്ത് തുടങ്ങിയ സാദ്ധ്യതകള്‍ തിരയാന്‍ പറ്റില്ല.
അതായത്, വിവിധ തരം ഭക്ഷണ സാധനങ്ങള്‍ സമൃദ്ധമായി ലഭ്യമാകുന്ന ഒരവസ്ഥയില്‍ മാത്രമേ നമുക്ക് ഒരു തിരഞ്ഞെടുപ്പിന് സാദ്ധ്യതയുള്ളൂ. Beggars cannot be choosers എന്ന് “പച്ചമലയാളം”.
അപ്പോള്‍, ആ പിച്ചച്ചട്ടിയില്‍ മണ്ണുവാരിയിടാതിരിക്കുക എന്നതാണ് സാമാന്യ മര്യാദ.
അത് മനുഷ്യരായാലും ഭരണകൂടമായാലും.