അഖിൽ പുതുശ്ശേരി ✍
എന്താണ് സൗഹൃദം?
എന്താണ് സ്നേഹം?
വ്യക്തികൾ തമ്മിലുള്ള ഊഷ്മളബന്ധങ്ങളെയാണ് സൗഹൃദം
എന്നു വിളിക്കാറുള്ളത്.
കൊച്ചുകുട്ടികളിൽ നിന്ന് തുടങ്ങി വാർദ്ധക്യത്തിലെത്തി നിൽക്കുന്നവർക്ക് വരെ സുഹൃദ്ബന്ധങ്ങൾ ഒഴിച്ചു കൂടാനാവാത്തതാണ്. പുരുഷന്മാർ പരസ്പരവും സ്ത്രീകൾ പരസ്പരവും സ്ത്രീകളും പുരുഷന്മാരും തമ്മിലും സൗഹൃദ ബന്ധങ്ങളുണ്ടാവാറുണ്ട്. ചെറിയ പുഞ്ചിരിയിൽ നിന്ന് തുടങ്ങുന്ന ബന്ധങ്ങൾ ചിലരിലെങ്കിലും ഒരിക്കലും വേർപ്പെടുത്താനാവാത്ത വിധമാകാണാറുണ്ട്.
ജീവിതത്തിൽ നാം ആരെയും ആകസ്മികമായി കണ്ടുമുട്ടുന്നില്ല. നാം കണ്ടുമുട്ടുന്നവരും പരിചയപ്പെടുന്നവരുമൊക്കെ ഓരോ പ്രത്യേക ഉദ്ദേശങ്ങൾക്ക് വേണ്ടിയാണ്.
ചിലർ നമുക്ക് സന്ദേശങ്ങളോ പാഠങ്ങളോ നൽകുന്നു, വേറെ ചിലർ അനുഭവങ്ങളാണ് സമ്മാനിക്കുക.
ചന്ദന മരങ്ങൾ നിറഞ്ഞു നിൽക്കുന്ന കാട്ടിലൂടെ
ഒഴുകിയെത്തുന്ന കാറ്റിന് സ്വാഭാവികമായും ചന്ദനത്തിന്റെ സുഗന്ധമായിരിക്കും. മാലിന്യങ്ങൾക്കിടയിൽ നിന്നും വരുന്ന കാറ്റിൽ വലിക്കുന്നത് ദുർഗന്ധമായിരിക്കും, എന്നാൽ ഇവിടെ കുറ്റം കാറ്റിന്റെതല്ല, മറിച് നാം സഞ്ചരിച്ച വഴിയുടേതാണ്. നല്ല സുഹൃത്ത് എന്നും ചന്ദനം ആയിരിക്കും, എല്ലാവർക്കും ചന്ദനമാകാൻ കഴിഞ്ഞില്ലെങ്കിലും ചാണകമാകാതിരിക്കുക.
ഓരോ വിത്തിലും ഒരു മരമുണ്ട്, പൊട്ടിച്ചു നോക്കിയാൽ കിട്ടില്ല, കാലം വരുംവരെ കാത്തിരിക്കണം. വിത്ത് തിണർത്ത് പൊട്ടി
നാമ്പെടുത്ത് ചെടിയായി വന്മരമാകും വരെ പ്രകൃതിയുടെ സ്വഭാവിക സമയം ലഭിച്ചേ മതിയാവൂ. അതിനുള്ള ക്ഷമയുണ്ടാകണം.
ഇതൊരു മരത്തിന്റെ കഥ മാത്രമല്ല.ഓരോ മനസ്സിലുമുണ്ട് നന്മയുടെ വന്മരങ്ങൾ. പൊട്ടിച്ചു നോക്കാതെ അതിനെ പരിപാലിച്ചു കാത്തിരിക്കുക.
നന്മയും സ്നേഹവും സഹകരണവും ആർദ്രതയും സർവോപരി ഗുണകാംക്ഷയമുള്ള ബന്ധങ്ങളാണ് ജീവിതം മനോഹരമാക്കുന്നതും വിജയത്തിലേക്കു നയിക്കുന്നതും.