രചന : വിഷ്ണു സുജാത മോഹൻ ✍
1
വടുക്കോറത്തെ
നാലുമണി വർത്താനങ്ങളിൽ കൂട്ണ
പെണ്ണ്ങ്ങൾടെ എടേലായിരുന്നു
എന്റെ ആൺജീവിതം
ആട്ടും പാലൊഴിച്ച ചായ തരുന്ന
ആമിനാത്ത
മുട്ടുവരെ എത്തുന്ന
പെറ്റിക്കോട്ടിട്ട
കുഞ്ഞിമാളു ,
വൈകുന്നേരം കട്ടനൊപ്പം
ഉണക്കമുള്ളൻ ചുട്ടു തിന്നുന്ന
പൂമുണ്ണിമ്മ.
അവരെനിക്ക് അരച്ച മൈലാഞ്ചി
വട്ടത്തിലിട്ടു തന്നു,
പേൻ നോക്കിത്തന്നു,
മത്തിക്കറിയിൽ നിന്നും
തലഭാഗം തന്നു,
ചപ്പാത്തിമാവിൽ നിന്നും
ചെറിയൊരുണ്ട
പാവയുണ്ടാക്കാൻ തന്നു.
ചാന്തും മഷിയും തന്നു.
ഒരു വായിൽ നിന്ന്
മറ്റൊന്നിലേയ്ക്ക്
വർത്തമാനത്തിനൊപ്പം
എന്റെ കണ്ണ് പാഞ്ഞു.
‘ആങ്കുട്ട്യോൾക്കെന്താ ഇവിടെ ക്കാര്യം?
ചിറീം തോളിലിട്ട് ഇരിക്കാണ്ട്
പോയേ…!’
അത്രേം കാലം കുട്ടിയായിരുന്ന ഞാൻ
ആങ്കുട്ടിയായി.
2
വീട്ടിൽ ഞങ്ങൾ കുട്ടികൾ
ചോറും കറീം വെച്ചു കളിച്ചു.
കളിയിൽ ഞാനെപ്പോഴും അമ്മ.
സ്ക്കൂളിൽ വട്ടം വട്ടം നാരങ്ങ,
കണ്ണുപ്പൊത്തിക്കളി,
കള്ളനും പോലീസും
കളിയിൽ ഞാനെപ്പോഴും കള്ളൻ.
അച്ഛനാവാനും പോലീസാവാനും
ഞാൻ ആങ്കുട്ടിയായി.
നാലുമണി വർത്താനങ്ങളെപ്പോലെ പലതും ഇല്ലാതായി.
എങ്കിലും
ഒറ്റക്കാകുന്ന നേരങ്ങളിൽ
ഉള്ളിൽ നിന്ന് നീളുന്ന
രണ്ട് വളക്കൈകൾ
മുഖത്തെ നാട്യമാകെ മായ്ച്ച്
ഒരു നുള്ള് തരും.
പുരികങ്ങൾ കൂടുന്ന
കടലിടുക്കിൽ
ഇനിയും കണ്ടു പിടിക്കപ്പെടാത്തൊരു
ദ്വീപ് പോലൊരു പൊട്ട്
കുത്തും.
മേലാകെപ്പുരട്ടാൻ
പനിനീരിന്റെ അത്തറ്.
മണം പരന്നു തുടങ്ങുമ്പോൾ
പലപ്പോഴും
ആങ്കുട്ടിയാണെന്ന്
മറന്നു പോകാറുള്ള എന്നെ
ഓർക്കാപ്പുറത്ത് വരുന്ന
അമ്മയുടെ ഉഗ്രനൊരാട്ട്
കണ്ടുപിടിച്ചിരിക്കും.
പിന്നെ,
പിടിക്കപ്പെട്ട കള്ളന്റെ
നിസ്സംഗതയോടെ
തകർന്നുപോകുന്ന ആണത്തവും
അടക്കിവാരി
ഞാൻ ഉമ്മറത്തേയ്ക്ക്
നടന്നുതുടങ്ങും.
വാക്കനല്‍ പേജ്