രചന : സണ്ണി കല്ലൂർ ✍

നാട്ടിൽ ഒരു സദ്യ കൂടിയ കാലം മറന്നു. വയർ നിറയെ ഭക്ഷണം കഴിക്കുമ്പോൾ അന്ന് ഒരു ത്രിൽ തന്നെയായിരുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് ചെറുതും വലുതുമായ സദ്യവട്ടങ്ങൾ. പാചകം ചെയ്യുന്നവരെ കോക്കികൾ എന്നാണ് പറയുക. വിരുന്നുകാരുടെ എണ്ണം, പന്തൽ ഇതിലെല്ലാം ഏറ്റകുറച്ചിലുകൾ ഉണ്ടാവും.

പണക്കാരുടെ വീട്ടിലെ കല്യാണസദ്യ ബഹുകേമമായിരിക്കും. കോഴി, താറാവ്, മീൻ, ബീഫ്. തുടക്കത്തിൽ തന്നെ കേക്കും വൈനും. അവസാനം മധുരം പുഡിംങ് പിന്നീട് ഐസ്ക്രീമും കൂടെ ചേർന്നു. നാലുമണിവരെയൊക്കെ നീണ്ടു പോകും വൈകീട്ട് വരുന്നവർക്ക് ടീ പാർട്ടി, ഗാനമേളക്കാർ പരിപാടിക്ക് മോടി കൂട്ടും.

നാട്ടിലെ പാവപ്പെട്ടവർ ഭിക്ഷക്കാർ പരിസരത്ത് അവരുടെ ഊഴത്തിനായി കാത്തുനിൽക്കും. വിരുന്നുകാരും ബന്ധുക്കളും അയൽവക്കത്തുകാരും ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പിന്നെ പണിക്കാർ അവസാനത്തെ പന്തി ക്ഷണിക്കപ്പെടാത്തവർക്ക്. വയർ നിറയെ ഭക്ഷണം, ചിലർ കിട്ടുന്നതെല്ലാം ഇലയിൽ പൊതിഞ്ഞ് കെട്ടി കൊണ്ടു പോകും.

പാവപ്പെട്ടവരുടെ സദ്യയാണെങ്കിലും ഭിക്ഷക്കാർക്ക് ആവശ്യത്തിന് ഭക്ഷണം കൊടുക്കും, കലവറക്കാരന് തികയില്ല എന്ന് സംശയം തോന്നിയാൽ അരി വേകാനുള്ള വെള്ളം അടുപ്പത്ത് തിളച്ചു കൊണ്ടിരിക്കും ആവശ്യം വന്നാൽ അരി കഴുകി ഇട്ടാൽ മതിയല്ലോ..
അടിയന്തിരത്തിന് ആരും വിളിച്ചില്ലെങ്കിലും അവിടെയെത്തുന്ന മാന്യമാരായ ചിലരുണ്ട്. ഒരു കക്ഷിയെ പരിചയപ്പെടാനിടയായി. നല്ല ഉയരം വെള്ളഷർട്ടും മുണ്ടും. വലിയ കണ്ണുകൾ… ദൂരെനിന്ന് അദ്ദേഹം നടന്നു വരുന്നതു കാണുമ്പോഴെ ആളെ മനസ്സിലാകും.

സദ്യ തുടങ്ങുന്നതിന് മുൻപ് തന്നെ അദ്ദേഹം എത്തിയിരിക്കും. എല്ലാവർക്കും അയാളെ പരിചയം, പിള്ളേരും കൂടും, പുറത്ത് കസേരയിലിരുന്ന് നാട്ടു വിശേഷങ്ങളും ഭക്ഷണകാര്യങ്ങളൊക്കെ സംസാരിക്കും.
ഒന്നു രണ്ടു് പന്തി കഴിഞ്ഞാൽ പിന്നെ അയാളും ഭക്ഷണം കഴിക്കാൻ ഇരിക്കും. ഭംഗിയായി ആവശ്യത്തിന് കഴിക്കും. വിളമ്പുന്നവർ വീണ്ടും വീണ്ടും ചോദിക്കും, അൽപം കൂടി ഇടട്ടെ….
പുള്ളിക്ക് ഇഷ്ടപ്പെട്ടത് ചോദിച്ചു വാങ്ങി കഴിച്ചോളും.

ഓരോ പന്തി കഴിയുമ്പോളും പന്തലിന് പുറത്ത് മുറുക്കാൻ ബീഡി, സിഗരറ്റുമായി പിള്ളേർ കാത്തു നിൽപ്പുണ്ടാവും. ഇദ്ദേഹം ഒരു സിഗരറ്റ് വാങ്ങി രണ്ട് പുക വിട്ട് സാവധാനത്തിൽ യാത്ര പറയും.
കല്യാണ സീസൺ ആയാൽ ഒരേ ദിവസം അടുത്തടുത്ത് സദ്യകൾ തമ്മിൽ കൂട്ടിയിടിക്കും, മെച്ചപ്പെട്ട പരിപാടിക്ക് ആദ്യം പോകും പിന്നെ അടുത്തത്…. വെറുതേ ഒരു ഭക്ഷണം പാഴാക്കി കളയുന്നത് അയാൾക്ക് വിഷമമാണ്.

ആയിരം പേരുടെ സദ്യയായാലും നമ്മുടെ കക്ഷി അതിൽ പങ്കെടുത്തില്ലെങ്കിൽ വലിയ കുറവായി മറ്റുള്ളവർക്ക് തോന്നും. അവർ പരസ്പരം അന്വേഷിക്കും.. നമ്മുടെ ചേട്ടനെ കണ്ടില്ലല്ലോ.. എന്തു പറ്റി..
നാല് ആളുടെ മുന്നിൽ താൻ പങ്കെടുത്ത അടിയന്തിരങ്ങൾ, അവരുടെ ധനസ്ഥിതി, വിരുന്നു വന്ന വിശിഷ്ട വ്യക്തികൾ, അവിടത്തെ വിഭവങ്ങൾ, കോക്കി, വിളമ്പുന്നവർ അങ്ങിനെ സകല വിവരങ്ങളും വിശദീകരിക്കും ആളുകൾ കേട്ടിരിക്കും വലിയ പബ്ലിസിറ്റിയാണ്.

പണ്ട് സാമാന്യം സാമ്പത്തികസ്ഥിതിയുള്ള പാർട്ടി പട്ടണത്തിനടുത്ത് ഒരു ഹാളിൽ കല്യാണ സൽക്കാരം നടത്തി. പേരുകേട്ട കാറ്ററിങ്ങ്കാരാണ് ഭക്ഷണമൊരുക്കിയത്. പപ്പ്സ്, സെക്സി കോഴിക്കാലുകൾ റോസ്റ്റ് ചെയ്തത്, ഫിഷ്, മട്ടൺ ചാപ്സ്, ഫ്രൈഡ് റൈസ് അങ്ങിനെ അടിപൊളി ഐറ്റംസ്, അവസാനം പൂവൻപഴം കേക്ക് കഷണം, ഐസ്ക്രീം ആവശ്യം പോലെ…
വിവാഹം കഴിഞ്ഞ് ബന്ധുക്കളോടും അതിഥികളോടും ഒരുമിച്ച് മണവാളനും മണവാട്ടിയും ഹാളിനകത്തേക്ക് കയറിയതും. ജനം ഇടിച്ചു കയറി…. കസേരയും മേശയും ഫുൾ… ആരാണ്.. എവിടെനിന്ന് വന്നവരാണൊന്നും ഒരു പിടിയും ഇല്ല. വഴിപോക്കരായിരിക്കും.

അഞ്ഞൂറ് പേർക്ക് ഒരുക്കിയ തീറ്റസാധനങ്ങൾ എല്ലാം തീർന്നുപോയി….അവസാനം ബന്ധുക്കൾക്കും വിരുന്നുകാർക്കും ഭക്ഷണം കിട്ടിയില്ല. വിശപ്പ് കാരണം ചിലരൊക്കെ അടുത്ത ചായകടയിൽ അഭയം പ്രാപിച്ചു. വളിച്ചു പുളിച്ച സാമ്പാറും ദോശയും, ബുധനാഴ്ചത്തെ പഴംറോസ്റ്റുമെല്ലാം തിന്ന് വിശപ്പടക്കി. അവർ ഇതൊക്കെ ജീവിതത്തിൽ ആദ്യമായി കഴിക്കുന്നതാണ്.
യാത്രയും ക്ഷീണവും ഭക്ഷണവും മൂലം സന്ധ്യയായപ്പോൾ കാലാവസ്ഥ മാറി… ഇടവമാസം പോലെ…

പുറത്തുനിന്നും ഭക്ഷണം കഴിച്ചവരുടെ വയറ് ഡൗണായി.. വയറുവേദന, ഛർദ്ദി, തൃശ്ശുർ പൂരം പോലെ പൊട്ടി ചീറ്റി വയറ്റിൽ നിന്നും നോൺസ്റ്റോപ്പായി പോക്ക്. സ്ഥിതി ഗുരുതരം..
മണവാട്ടിയുടെ അപ്പൻ അസുഖം മൂർഛിച്ച് നരകത്തിൻറ പടിവാതിൽക്കൽ എത്തി മുട്ടിവിളിച്ചതാണ്. അവസാനം പതിനഞ്ച് കുപ്പി ഗ്ലൂക്കോസ് കയറ്റി തിരിയേ മലനാട്ടിലെത്തിച്ചു. ആള് രക്ഷപെട്ടു. പക്ഷേ ഒരു കുഴപ്പം ഷേയ്പ്പ് മാറിപ്പോയി.. ആളെ കണ്ടാൽ തിരിച്ചറിയില്ല.
സ്ലേറ്റ് പെൻസിൽ പോലെയിരുന്ന പുള്ളി തടിച്ച് ചീർത്ത്, തമിഴൻ ലോറി തടയാൻ നിൽക്കുന്ന മരകുട്ടി തവളയുടെ ആകൃതിയായി…
ലോട്ടറിയടിച്ച പോലെ അടിപൊളി ഭക്ഷണം കിട്ടിയവർ. പരിപാടി ഉഗ്രൻ ഇനി അടുത്ത തവണ കാണാം എന്നും പറഞ്ഞ് മണവാട്ടിക്കും മണവാളനും സലാം കൊടുത്ത് വയറും തടവി സ്ഥലം വിട്ടു.
ഇനി എന്നാണ് ഒരു സദ്യ കൂടുക…. കൊതി തോന്നുന്നു. ആരെങ്കിലും ക്ഷണിക്കുമോ ആവോ…..

By ivayana