രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍

കൊല്ലുന്നതാരെ,യെന്നോർക്കാതെയല്ലയോ;
കൊല്ലുന്നു,കൊല്ലുന്നു തങ്ങളിൽതങ്ങളിൽ!
കൊന്നിട്ടൊടുവിലിങ്ങെന്തുനേടീ,നമ്മ-
ളെന്നൊരുമാത്ര ചിന്തിച്ചുനോക്കീടുവിൻ

കൊന്നെറിഞ്ഞാലൊട്ടു തീരുന്നതല്ലയീ-
മന്നിൻ മഹാസർഗ്ഗ വൈഭവങ്ങൾതുലോം!
എന്നറിഞ്ഞീടാതെയല്ലയോ,കൊല്ലുന്നു,
പിന്നെയുംപിന്നെയും ക്രൂരമായങ്ങനെ!

പെറ്റമ്മതൻ കണ്ണുനീരൊട്ടുകാണാതെ;
മുറ്റിത്തഴയ്ക്കുന്ന ബീഭൽസചിന്തകൾ,
ചോരക്കളങ്ങളായ് മാറ്റിയീനാടിനെ,
പാരം വിറപ്പിച്ചുനിർത്തുകയല്ലി,ഹാ!

വാഴുന്നവർ നോക്കിനിൽക്കുന്നു നിസ്ത്രപം,
പാഴിരുൾമൂടിയ ചിത്തവുമായിതാ!
നീതിപീഠങ്ങൾ കൺകെട്ടുന്നുദൈന്യമാ-
യേതുമേതും കണ്ടുകാണാതെനിഷ്ഠുരം!

ഈടുവയ്പ്പൊന്നായ് തകർത്തെറിഞ്ഞല്ലയോ,
നാടിന്നനാഥത്വമാക്കുന്നു കശ്മലർ!
ആരിന്നരുംകൊല ചെയ്തീടിലുംനഷ്ട-
മാകുന്നതീമർത്യ ജീവനെന്നോർപ്പുനാം

ഊരിപ്പിടിച്ച വാളൊന്നായുപേക്ഷിച്ചു,
പാരിൻ മഹത്വങ്ങൾ വാഴ്ത്തുകസോദരേ
ഏതൊരു വർഗീയചിന്തയ്ക്കുമപ്പുറം,
ഏതൊരു രാഷ്ട്രീയചിന്തയ്ക്കുമപ്പുറം,

മാനവനെന്നൊരാ,ബോധം കെടാതൊട്ടു,
മാനിച്ചുതന്നെ മുന്നോട്ടുനീങ്ങീടുനാം
കൊല്ലുന്നതല്ല,കൊല്ലിക്കുന്നിതു ചിലർ,
കൊല്ലുന്നവർക്കല്ല കൊല്ലുന്നതിൻഗുണം!

ഇല്ലൊരു ഗാന്ധിയും മുന്നിലഹിംസതൻ,
ഫുല്ലസങ്കൽപ്പം പൊഴിക്കുവാനെങ്ങുമേ!
കൊല്ലാതിരിക്കുവാ,നാകേണമെങ്കിലേ;
നല്ലോരുനാളെ,പുലർന്നെത്തു,മന്നിലായ്.

By ivayana