അനിൽകുമാർ സി പി ✍

തുറന്നു പറയട്ടെ സ്നേഹിതരേ, ഇന്നിപ്പോൾ ദാ ഇങ്ങനെ ലാപ്പും തുറന്നുപിടിച്ച് എഴുതാനിരിക്കുമ്പോൾ എനിക്ക് അല്പം ചിരി വരുന്നുണ്ടു കേട്ടോ. കാരണം ഈ ആഴ്ചയിൽ എന്തെഴുതുമെന്നു നോക്കുമ്പോൾ, ചിലപ്പോഴൊക്കെ നമ്മൾ നടവഴിയിൽ കിടക്കുന്ന ഒരു തോന്ന്യാസക്കല്ലിൽ അറിയാതെ ചവിട്ടി ധിമികിട എന്നുവീഴുന്നപോലെ, യുദ്ധം, പണപ്പെരുപ്പം, രാഷ്ട്രീയക്കൊല, മറുകൊല വാർത്തകൾക്കിടയിൽ ഒരു വാർത്ത! അതുവായിച്ചു കുറച്ചുനേരം ഞാൻ അന്തിച്ചുനിന്നു.

വാർത്ത ഏതാണ്ട് ഈ മട്ടിലാണ്, അതായത് അങ്ങുദൂരെ നാഗർകോവിൽ എന്ന ദേശത്ത് ഒരു പാവം അധ്യാപിക വെറും പതിനഞ്ചു പവൻ മാത്രം തൂക്കം വരുന്ന ഒരു മാലയും കഴുത്തിൽ ഞാത്തി നടന്നുപോകവേ ദുഷ്ടനായ ഏതോ ഒരു കള്ളൻ ആ മാലയും പൊട്ടിച്ചു കടന്നു കളഞ്ഞിരിക്കുന്നു! വാർത്ത ഒന്നുകൂടി മനസ്സിരുത്തി വായിച്ചു. ഒരു പവൻ അല്ല, അഞ്ചുമല്ല… പതിനഞ്ചു പവൻ തന്നെ കിറുകൃത്യം. വേണേൽ അല്പം കൂട്ടാം. ഒരു പൊൻതൂക്കം കുറയില്ല കട്ടായം!!
സത്യസന്ധമായി പറയണം നിങ്ങൾ ആരുടെ പക്ഷത്താണ്?

മോഷണം കുറ്റമാണ്, സംശയമില്ല. പക്ഷേ, ഈ കോവിഡും പിടിച്ച്, പണിയും കിണിയുമില്ലാതെ പയ്യന്മാർ ഓപ്പണായി കഞ്ചാവുബിസിനസ്സിലേക്കു തിരിഞ്ഞിരിക്കുന്ന ഇക്കാലത്ത്, ഒരു പവൻ മാല പൊലും ഇട്ടുനടക്കുന്നത് അപകടമെന്നു ചിന്തിക്കുമ്പോൾ 15 പവനുമിട്ടു നടക്കാൻ തോന്നുന്ന ആ അധ്യാപികമനസ്സ്! പണിക്കൂലി, നോക്കുകൂലി, നോട്ടക്കുറവ്, പണിക്കുറവ് എന്നിവയൊക്കെ ചേർത്ത് ഒരു പവൻ വാങ്ങാൻ ഏതാണ്ട് അമ്പതിനായിരം രൂപ വേണമെന്നിരിക്കേ, ഏഴ് ഏഴര ലക്ഷത്തിൻ്റെ മൊതല് കള്ളന്മാർ നോക്കി വച്ചില്ലെങ്കിലേ അതിശയിക്കാനുള്ളൂ.

ഇനി മറ്റൊരു കാര്യംകൂടി ചേർത്തു വായിക്കാം, ഈ കഴിഞ്ഞ ആഴ്ച നാട്ടിൽ നിന്നും ഒരു ഫോൺ കോൾ. പഴയകാല സുഹൃത്താണ്. മകൻ്റെ വിവാഹം ക്ഷണിക്കാനാണ് വിളിച്ചത്. കുറേക്കാലംകൂടി വിളിക്കുന്നതല്ലേ, സംസാരിച്ചു വന്നപ്പോൾ അവൻ ചില യാഥാർത്ഥ്യങ്ങൾ പറഞ്ഞുതന്നു. വിവാഹം പയ്യൻ്റെതാണ് എന്നു കരുതി ചിലവൊന്നും ഇല്ല എന്നു കരുതരുത്. ഭീകരചിലവുകളാണു മുന്നിൽ. പെൺകൊച്ചിന് താലികെട്ടിന് ഇടുന്ന മാല മിനിമം ഏഴുപവൻ വേണമത്രേ! എന്തിന്? ഒരു രണ്ടു രണ്ടര, പരമാവധി മൂന്ന്… അത്രയല്ലേ വേണ്ടൂ എന്നു ചോദിച്ചപ്പോ വീഡിയോകാൾ ആയതുകൊണ്ട് അവൻ്റെ മുഖത്തു വിരിഞ്ഞ ഭാവം കൃത്യമായിക്കണ്ടു. നീ ഏതു കോത്താഴത്തുകാരനാണെന്നു വ്യംഗ്യം! അവൻ പറയുന്നതു പത്തു പവൻ ഇല്ലേലും ഏഴെങ്കിലും ഇട്ടില്ലെങ്കിൽ മാന്യത പോകുമത്രേ. പിന്നെ, ഒരു നീണ്ട ലിസ്റ്റ് വേറെയും. ഇതൊക്കെ പയ്യൻ്റെ അപ്പൻ്റെ ചുമതലയാണ്.

കാരണം പയ്യനിപ്പോ ജോലിയിൽ കേറീട്ടേ ഉള്ളൂ. മുലക്കുപ്പി പയ്യൻ കാണാതെ ഒളിപ്പിച്ചു വച്ചിരിക്കുകയാണ്. ഇല്ലേൽ അതും വേണമെന്നു പറയും. ഒന്നാന്തരം ബ്രോയിലർ!
ബസ്റ്റ് കണ്ണാ ബെസ്റ്റ്!
അതായത് എങ്ങനെയൊക്കെ ആർഭാടം കാണിക്കാമോ അതൊക്കെ ഏറ്റുപിടിച്ചു കടക്കെണിയിൽ വീഴുകയാണു മലയാളികൾ. ഇന്ത്യയിലെ വെറും മൂന്നു ശതമാനം വരുന്ന മല്ലൂസിൻ്റെ കൈയിലാണ് രാജ്യത്തിൻ്റെ 20% സ്വർണം ഇരിക്കുന്നത്. എന്തിന് ഇന്ത്യയിലെ ഏതൊരു ബാങ്കിൻ്റെ കൈവശം ഉള്ളതിലും അധികം സ്വർണ്ണഉരുപ്പടി ഇരിക്കുന്നത് നമ്മുടെ കേരളാവിൻ്റെ സ്വന്തം മുത്തൂറ്റുകാരുടെ കൈവശമാണ്. എന്തിനാണീ സ്വർണഭ്രമം? ലോകത്തു മറ്റെങ്ങും ഇത്തരത്തിൽ സ്വർണം തൂക്കിയിട്ടു നടക്കുന്ന മനുഷ്യരില്ല. ഇത് ഏതൊക്കെ വിധത്തിലാണ്. പാദസരം ഒന്നും രണ്ടും പവനല്ല, അഞ്ചും പത്തും പവൻ്റേതാണ്. പിന്നെ മാല, കമ്മൽ, വള, മോതിരം…. ഇതൊക്കെ അംബാനിയോ അദാനിയോ, യൂസഫലിയോ, രവി പിള്ളയോ, ഷിബുലാലോ നടത്തട്ടെ, കടം വാങ്ങി, വീടു പണയംവെച്ച് ഒക്കെ ഇതുചെയ്യുമ്പോൾ അതു കുറ്റമാണ്.

വനിതകമ്മീഷൻ ഇടക്ക് സ്ത്രീധനത്തിനെതിരായി ചില കടുത്ത നടപടികളിലേക്കു കടക്കുമെന്നു കേട്ടിരുന്നു. അതുകേട്ട ചൊരുക്കുകൊണ്ടാകാം ഇപ്പോ ചെക്കൻ്റെ തന്തമാർക്കും ഉറക്കമില്ലാത്ത അവസ്ഥയായി. പണ്ടൊക്കെ പെങ്കൊച്ചാ കെട്ടിച്ചു വിടണ്ടേ’ എന്നുചോദിക്കുന്ന അതേ ചോദ്യം ‘ഓ ആങ്കൊച്ചാ, ചെലവ് ചുരുക്കണം’ എന്ന് ഉപദേശിക്കേണ്ട കാലമായി എന്നു ചുരുക്കം. കല്യാണം കഴിക്കുമ്പോൾ പയ്യന്റെ കൈയിൽ മോതിരം വേണം, തടിച്ചുരുണ്ട ബ്രേസ്ലെറ്റ് വേണം, കഴുത്തിൽ തടിയൻ മാലയും പുലിനഖലോക്കറ്റും വേണം (അരഞ്ഞാണം നിർബന്ധമല്ലെന്നു തോന്നുന്നു). ചുരുക്കിപ്പറഞ്ഞാൽ ഒരു ഇരുപതുപവൻ പയ്യനും വേണമത്രേ!
ആദ്യം പറഞ്ഞ വാർത്തയിലേക്കുതന്നെ വന്നാൽ, കള്ളൻ്റെ ആക്രമണത്തിൽ വീണു പരിക്കേറ്റ അധ്യാപിക ചികിത്സയിലാണ്. ഒന്നേ എല്ലാരോടും പറയാനുള്ളൂ. സ്വർണം തിളക്കമുള്ള, വിലയുള്ള ഒരു ലോഹമാണ്. അതു ഭദ്രമായി ലോക്കറിൽ വച്ചാൽ ആപത്തുകാലത്തു വിറ്റോ പണയം വച്ചോ കാശാക്കിമാറ്റി കാര്യങ്ങൾ നടത്താം. വെറുതേ നാട്ടുകാരെ പ്രലോഭിപ്പിക്കാൻ ഞാത്തി ഇട്ടു നടന്നാൽ കള്ളന്മാരുടെ കൈക്കു മെനക്കേടാവും, അത്ര തന്നെ. ദ്രവ്യനഷ്ടം, മാനഹാനി ഫലം!

By ivayana