രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍

നാട്ടിൽ പാട്ടാണെങ്കിലുമരുളാം,
കേട്ടൊരുകാര്യം പതിരില്ലാതെ
കിട്ടുമവാർഡുകൾ,കാശുകൊടുത്താൽ
കൊട്ടും കുരവയുമായിവിടാർക്കും!

ബ്രാന്റുകൾ പലതരമുണ്ടെന്നാലും,
ഓന്റെ പണത്തിനു തക്കതുവാങ്ങാം
തുഞ്ചത്താചാര്യൻ മുതലങ്ങനെ;
പഞ്ഞമതില്ല പുരസ്കാരങ്ങൾ!

കവിത ചമയ്ക്കാനറിയില്ലേലും
കവിപട്ടം ഹാ കിട്ടുകിലേവം;
പണമുണ്ടൊട്ടുകൊടുത്തീടുകിലോ,
മണമുണ്ടാമതു തന്നെമഹത്വം!

‘മലയാറ്റൂരിൻ’ പേരിലുമുണ്ടേ,
മലപോലുള്ള പുരസ്കാരങ്ങൾ!
ചെറുകഥവേണ്ട,പെരുങ്കഥവേണ്ടാ,
നിറവൊടുകിട്ടുമവാർഡുകൾ പലതും!

‘സുഗതകുമാരി’,പുരസ്കാരങ്ങൾ,
സുഗമം,സുലഭം ഗദ്യക്കാർക്കും!
കീർത്തിലഭിപ്പാനിതിലും മീതേ,
തീർത്തും മറ്റെന്തുളെളാരുപായം!

‘ജി’യുടെ പേരിൽ, ‘പി’യുടെ പേരിൽ
നായകരുണ്ടു,കൊടുപ്പാൻ പലരും
കേരളമെന്നൊരു നാടിനെവെറുതെ,
കൂരളമാക്കുകയാണഥ മൂഢർ!

അക്ഷരമൊട്ടറിയില്ലെന്നാലും,
കക്ഷികൾ കവിപുംഗവരായ് മാറും!
കൈയിൽ നോട്ടുകളുണ്ടെന്നാലേ,
വൈയാകരണ,രവർതാനല്ലോ!

കൂണുകൾപോലെ മുളയ്ക്കുകയല്ലീ,
കാണെക്കാണെ,യവാർഡുകളെങ്ങും!
ചാണകമെത്ര ചവിട്ടീടുകിലും
നാണംകെട്ടവനെന്തൊരു ശങ്ക!

മസ്തകമൊന്നുംവേണ്ടാ,പുതുപുതു,
പുസ്തകരചന നടത്തീടാനായ്!
ചിത്രമതെന്തായീടിലുമയ്യോ,
ചിത്രം,ചിത്രം ബഹുവിധവേഷം!

മാറണമിവിടീ,ദു:സ്ഥിതിയഖിലം,
മാറീലേലതു മാറ്റണമീനാം
പാരമിതൊന്നുര ചെയ്തില്ലെങ്കിൽ,
നേരിൽ,ഞാനൊരു കവിയായിടുമോ?

സുദർശൻ കാർത്തികപ്പറമ്പിൽ

By ivayana