രചന : വത്സല ജിനിൽ ✍️

കുട്ടിക്കാലത്ത്,,,
‘ഒരു ഊഞ്ഞാൽ വേണമെന്നുള്ള ‘
ന്റെ തീരേ ചെറിയ ഒരാഗ്രഹം പറയുമ്പോൾ,,,
ഉടനടി അത് നിക്ഷേധിച്ചു കൊണ്ടച്ഛൻ പറയും
വേണ്ടാ ‘ന്ന്‌..
എന്നാൽ,,ഒരത്തപ്പൂക്കളം,,,ഇട്ടോട്ടെ ‘
അച്ഛനപ്പോൾ സിംഹത്തെപ്പോലെ ഗർജ്ജിച്ചു കൊണ്ടെന്നെ ഓടിക്കും.
എങ്കിലും,,മടിയാതെ
പിന്നേം ഞാൻ ചോദിച്ചു കൊണ്ടിരിക്കും,,
ആമ്പകുളത്തിൽ കുളിക്കാൻ പോയ്ക്കോട്ടെ,,,
ഒന്ന് കളിക്കാൻ പോയ്ക്കോട്ടേ
ഒരു റോസാക്കമ്പ് മുറ്റത്ത്‌ നട്ടോട്ടെ!
മുടിയുടെ തുമ്പൊന്നു മുറിച്ചോട്ടെ…..
അമ്പലത്തിൽ പോയി വ്രതം പിടിച്ചോട്ടെ,,,
അപ്പോഴും ഒരേയൊരു ഉത്തരം മാത്രം
“വേണ്ടാ,,,,,,,,,,,,”
ഒടുവിൽ,
ജീവിതത്തിന്റെ വിഹ്വലതകളിലെന്നും
‘അരുതുകൾ ‘
മാത്രം അവശേഷിപ്പിച്ചു കൊണ്ട് അച്ഛൻ മരിച്ചപ്പോൾ,,വീണ്ടും
അച്ഛനെന്റെ മനസ്സിൽ അരുതുകളായി പുനർജ്ജനിക്കുകയാണ് ചെയ്തത്.

ഞാനാ ശിശുവിനെ എന്നാലാകും വിധം കരുതലോടെ പരിപോഷിപ്പിച്ചു,,
എന്നുള്ളിലങ്ങിനെ വളർത്തിക്കൊണ്ടിരുന്നു.
അതിരാവിലെ പഠിക്കാൻ പോകുന്നു.,വൈകുന്നേരത്തോടെ മടങ്ങിയെത്തുന്നു.കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നു,അതുകഴിഞ്ഞാൽ നാമം ജപിച്ചു
പഠിക്കാനിരിക്കുന്നു.ഇടയ്ക്ക് മറക്കാതെ തൊട്ടടുത്ത് വച്ചിരിക്കുന്ന റേഡിയോ ഓൺ ചെയ്തു പാട്ടുകൾ കേൾക്കുന്നു.ഇങ്ങിനെ ജീവിതമൊരു സൈക്കിൾ വട്ടത്തിൽ കറങ്ങിക്കൊണ്ടിരിക്കെയാണ്,
ഒരീസം തിങ്കൾ വ്രതം പിടിക്കാൻ ഞാൻ തീരുമാനിച്ചതും, നടപ്പിലാക്കിയതും.
ആ സമയം ഒരു ഈർക്കിലി പോലിരുന്ന ഞാൻ വ്രതത്തിന്റെ പാരമ്യത്തിൽ ഒടിഞ്ഞു മടങ്ങി എന്തെങ്കിലും അടിയന്തരാവസ്ഥ സംജാതമാകുമോ എന്ന ഭയം മാത്രമേ അമ്മയ്ക്കുണ്ടായിരുന്നുള്ളൂ.

അങ്ങിനെ,,,
തിങ്കളാഴ്ച ദിവസമായി,,
വെളുപ്പിനെ എഴുന്നേൽക്കാനായി,അലാറം വച്ചെങ്കിലും ,ഒടുവിൽ അതിന്റെ അലപ്പറയൊന്നു നിറുത്താൻ അമ്മയ്ക്ക് അങ്ങേപ്പുറത്തെ പുള്ളാരെ വിളിച്ചു കൊണ്ട് വരേണ്ടി വന്നു എന്നതാണ് സത്യം.
പിന്നേം,,ഏറെ നേരം കഴിഞ്ഞു
‘എന്നെയെന്തെ നേരത്തെ വിളിച്ചില്ലെന്ന പതിവ് പല്ലവിയുമായിഞാനെണിറ്റു,,
ഓടിപ്പോയി
കുളീംതേവാരോം കഴിച്ചു വന്നതും
അമ്മ കാപ്പീ പലഹാരോം തീറ്റിപ്പിച്ചു.(സത്യത്തിൽ
ഇതൊന്നും വ്രതത്തിന് പാടില്ല )
ശേഷം അമ്പലത്തിൽ പോയി പൂജ കണ്ടു,തൊഴുതു,എല്ലാർക്കും വേണ്ടി പ്രാർത്ഥിച്ചു.
ഉച്ചക്ക് അവിടെ നിന്നും കിട്ടിയ ഉണക്കലരി ചോറും(മുക്കാലും കാക്കയ്ക്കു കൊടുത്തു )പായസവും കഴിച്ചു,പോറ്റി മാമൻ നൽകിയ ഗണപതി ഹോമത്തിന്റെ
പ്രസാദം വഴി നീളേ കഴിച്ചു കഴിച്ചു തിരികേ ഞാൻ വീടെത്തി.
സോമാലിയായിലെ കുട്ടിയേ നോക്കുന്നപോലെ
വേവലാതിയോടപ്പോൾ,അമ്മയെന്നെ നോക്കി മനപ്രയാസപ്പെട്ടു.അത് കണ്ടതോടെ ഞാൻ കുറച്ചും കൂടി അവശത അഭിനയിച്ചു കൊണ്ട്, മിണ്ടാൻ കൂടി വയ്യാതെ പടി കയറി ഇറയത്തു ചെന്നിരുന്നു.

വ്രതം ഒന്നും പിടിക്കേണ്ടായിരുന്നു ‘ന്ന്‌ പറഞ്ഞമ്മ
തൊട്ടപ്പുറത്തെ മച്ചമ്പിയുടെ (തമിഴ് നാട്ടിൽ കുറച്ചു കാലം ജോലി ചെയ്തു,എന്ന കുറ്റമാണ് ഈയൊരു വിളി നാട്ടുക്ക് ശീലമാക്കാൻ കാരണം )
പീടികയിലേക്കോടി.അവിടെ നിന്നും ബിസ്‌ക്കറ്റ്,പഴം,കപ്പലണ്ടി മിഠായി,ഒരു ഗ്ലാസ്സ് നാരങ്ങാവെള്ളം ഒക്കെയും വാങ്ങിയങ്ങിനെ മന്ദാകിനിയായി
വന്നപ്പോൾ,,,
ആ നിമിഷം,, അന്നപൂർണ്ണാദേവി മുന്നിൽ പ്രത്യക്ഷപെട്ടപോലെ,ഞാനമ്മയെ,നോക്കി
കണ്ണും മിഴിച്ചു,നിന്നു പോയി. 🙏🏻

പിന്നെ,,
കൊള്ളാല്ലോ വിഡിയോൻ എന്ന മട്ടിൽ
ഞാനതത്രേം തട്ടിവിട്ടൂ.
ശേഷം,,
ഉച്ചയുറക്കം പാടില്ലാത്തതിനാൽ ചുറ്റുവട്ടത്തെ ബന്ധുവീട്ടിലൊക്കെ പോയി ഒന്നു ചുറ്റിയടിച്ചു വന്നപ്പോഴേക്കും,,
സന്ധ്യക്ക്‌ നോമ്പ് മുറിക്കാനായി ഗോതമ്പ് പുട്ട് ഇഷ്ടമില്ലാത്തതിനാൽ (നോമ്പിന് ഗോതമ്പേ പാടുള്ളൂ,ന്നിട്ടും ,)നെയ്യൊഴിച്ചു തോനെ കറിവേപ്പിലയിട്ട് കടുക് വറുത്ത നല്ലൊന്നാന്തരം ഉപ്പുമാവും,ചായയും എന്തിനു പപ്പടം വരെ പൊരിച്ചു റെഡിയാക്കി വച്ചിരിക്കുന്നു…

പോരാത്തതിന് എന്നും ആറ് മണിക്ക് കൊളുത്തുന്ന നിലവിളക്ക് ന്റെ ഉജ്ജ്വലഉപവാസം പ്രമാണിച്ച് അന്ന് അഞ്ചുമണിയായപ്പോഴേ കത്തിച്ചു പ്രാർത്ഥിച്ചു.ആദ്യം,,, ന്റെ എപിക് ഫാസ്റ്റ് അവസാനിപ്പിക്കാനായി പണിക്കരെ കൊണ്ട് അടർത്തി വച്ച കരിക്ക് കൊണ്ടു തന്നു.
ആനന്ദലബ്ധിക്കിനിയെന്ത് വേണമെന്ന മട്ടിൽ
നോമ്പ് മുറിച്ചതും ഞാൻ പോയി കൂർക്കം വലിച്ചുറക്കമായി
ഏതാണ്ടൊരു പത്തു മണി, കഴിഞ്ഞപ്പോൾ അമ്മ വന്നെന്നെ തട്ടി വിളിച്ചു ഒരുവിധം ഉണർത്തിയിട്ട്,.പറഞ്ഞു
ഉറങ്ങിയതോടെ വ്രതമൊക്കെ തീർന്നൂ,,
ഇനി മക്കള് വന്ന് മീൻ കൂട്ടി അല്പം ചോറ് കഴിക്ക് ‘
ഉറക്കപിരാന്തിൽ ഇരിക്കുന്നയെന്നെ അമ്മ തന്നെ
താങ്ങി,കൊണ്ടിരുത്തി ചോറ് കുഴച്ചു പിടി പിടിച്ചു,വാരി തരികയും ചെയ്യും.അതിനിടയിൽ അറിയാതൊരു മുളകെങ്ങാൻ അതിൽ പെട്ടുപോയാൽ ന്റെ മുഖം ദേക്ഷ്യത്താൽ
മുളകിട്ട കറി പോലെ,,ചുവക്കുകയും,പലതരം കീറാമുട്ടികൾ കാണിക്കുകയും പതിവായിരുന്നു..

പിറ്റേന്ന്,,,
നേരം വെളുക്കും മുന്നേ പ്രാതൽ തയ്യാറാക്കി എന്നെ വിളിച്ചുണർത്തി നിർബന്ധിച്ചു തീറ്റിപ്പിച്ചാലെ,,,
നോമ്പ് വീഴ്ച മൂലം എനിക്കെന്തെങ്കിലും ബലക്ഷയം വന്നെങ്കിൽ,,അതൊക്കെയും പരിഹരിച്ചൂ എന്നോർത്തമ്മയ്ക്ക് തൃപ്തി തോന്നുമായിരുന്നുള്ളൂ…😊
അങ്ങിനെ അമ്മയുള്ള കാലം വരെയും,, എന്നെയവർ രാജകീയമായി തന്നെ പരിപാലിച്ചിരുന്നു.

ഇങ്ങിനെയൊക്കെ എഴുതിപ്പോയെങ്കിലും,,
അന്നൊക്കെ
ഇതെല്ലാം ഒരു വലിയ മുഷിച്ചില്ലായെ ഞാൻ കണ്ടിരുന്നുള്ളൂ.
അമ്മയുടെ സ്നേഹം,,
അതെപ്പോഴും ഒരു കരുതൽ എന്നതിനപ്പുറം ഏതൊരു മക്കളും ധാർഷ്ട്യത്തോടെ ആസ്വദിക്കുന്ന, ഒന്നാണ്.!!
ഒരു സ്ത്രീ,അമ്മയാകുമ്പോൾ,,ശരിക്കും ഒരടിമയായി മക്കളോടൊപ്പം മറുജന്മമെടുക്കുകയാണ് ചെയ്യുന്നത് 🙏
ഇന്നെനിക്കറിയാം,,,ഇത്രേം,,
ഒരമ്മയും ഒരു മകളേം സ്നേഹിച്ചു കാണില്ല.
പകരം നൽകാൻ ഒന്നും എന്നെക്കൊണ്ട് കഴിഞ്ഞതുമില്ല.

സ്നേഹം കൊണ്ടോ,,ഒന്നും…..
അതിലും അമ്മയോട് ജയിക്കാനൊട്ടും എനിക്ക് കഴിഞ്ഞുമില്ല!!
എനിക്കൊരു സർക്കാർ ജോലി കിട്ടാൻ ഒരുപാട് അമ്മ പ്രാർത്ഥിച്ചു കാത്തിരുന്നു.ക്ഷണികമായ നൈമിഷികസന്തോഷങ്ങളിലൂടെ കടന്ന് പോയെന്റെ മനസ്സ് അന്നതൊന്നും വല്യ കാര്യമായെടുത്തില്ല.
ഓരോ ടെസ്റ്റ്‌ കഴിഞ്ഞു ഞാൻ മടങ്ങി വരുമ്പോഴും ആ നേരമത്രയും എനിക്കായി പ്രാർത്ഥിച്ചത്,, ഉള്ളുരുക്കത്തോടെ
അമ്മ പറയും.ഒരു തമാശ പോലെ കേട്ട് ഞാനത് ചിരിച്ചു തള്ളും.ഇപ്പോഴും അതോർത്തപ്പോൾ ശരിക്കും ന്റെ കണ്ണ് നനഞ്ഞു…..
അമ്മയുടെ സ്നേഹത്തിന്റെ നനവ്…
ആ മഹത്വത്തിന്റെ നനവ്…
ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടത്തിന്റെ നനവ്…
അമ്മയെ സ്നേഹിക്കാൻ എപ്പോഴും കിട്ടില്ലല്ലോ!!
കിട്ടുമ്പോൾ മാത്രം!!
അതെ,,
അമ്മയുള്ളപ്പോൾ മാത്രമേ നമുക്ക് പൂർണ്ണതയുള്ളൂ…
അഹങ്കാരമുള്ളൂ…..
ആനന്ദമുള്ളൂ…..🙏

ന്റെ മക്കളോടും പറയാൻ,
എനിക്കും ഒന്നേയുള്ളൂ,,
നമുക്ക് നേടാൻ ഒരേയൊരു ജന്മമേ മുന്നിലുള്ളൂ,,
അതിനായി നാം അതികഠിനമായി പരിശ്രമിക്കുക തന്നെ വേണം..ഈയൊരു തിരിച്ചറിവിലേയ്ക്ക് എത്താൻ ഒരിക്കലും വൈകരുത്…
വൈകുംന്തോറും
“സമയം “
നമ്മുടെ ജീവിതത്തിൽ നിന്നും പമ്പ കടന്നിരിക്കും…..🙏

വത്സല ജിനിൽ

By ivayana