ഇന്നുഞാൻ നിന്നോടു വിടചൊല്ലു,മീവേള
നെഞ്ചക,മമർത്തിപ്പിടിച്ചിടട്ടേ…
പെരുമ്പറകൊട്ടുമീമനസ്സിന്റെവാതിലും
ഇനിയൊട്ടുമെല്ലെയൊന്നടച്ചിടട്ടേ…
എത്രമേൽ വേഗം മറന്നുപോ,യൊക്കെയും
സ്നേഹമാ നിഘണ്ടുവിൽ ഇല്ലയെന്നോ?
അവസരം നോക്കി നീ ലക്ഷ്യ,മണഞ്ഞിടാൻ മുഖദാവി,ലതന്തേ ചൊല്ലിയില്ലാ ?
നീയുള്ള മമലോകംകൊന്നപോലെന്നതും
വർണ്ണങ്ങൾ പൂത്തതും മറന്നുപോയോ!
നീയെന്ന സൂര്യന്റെ ചുറ്റിലായ് ചുറ്റുന്ന
ചന്ദ്രികയല്ലെ ഞാ,നോർമ്മയില്ലേ ?
നീനിന്റെ ‘സർവ്വവു’മെന്നന്നുചൊല്ലിനൽ
ഭാഗ്യത്തെക്കുറിച്ചു കിനാവു കണ്ടു !
സത്യവും, നീതിയും, കരുണയും നിറച്ചൊരാ
ചിത്തത്തെ ചില്ലുപോൽ ഉടച്ചതെന്തേ?
നിന്നുടെ ഉയരങ്ങൾ താണ്ടുവാനായുള്ള പടവൊന്നു മാത്രമായ് മാറിയോ ഞാൻ?
വിശ്വാസപാതക,മെന്നതിൻമേലേതു പാപമീപാരിലെന്നോർത്തു കൊള്ളു !
ഗംഗയിൽമുങ്ങികുളിക്കിലും നിന്നിലെ പാപങ്ങളൊന്നുമേ തീരുകില്ല.
സത്യ,മതുള്ളൊരു ശുദ്ധയാംപെണ്ണിന്റെ മിഴിനീരു തട്ടി നീ ഭസ്മമാവും.
ഇന്നുനീജയിച്ചെന്നുകരുതേണ്ട,എന്നിലെ ചോദ്യത്തിനുത്തരം ചൊല്ല വേണം.
ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ, പിന്നാലെയെത്തിടും താരകങ്ങൾ?
എത്രനീയൊളിക്കിലുംസത്യങ്ങളൊക്കെയും
ഒരുനാളിൽ മറവിട്ടിങ്ങെത്തുമല്ലോ !
നിന്നിലായുയിർകൊണ്ടപാതിയെനീയിന്നു
കൊല്ലാതെ കൊന്നു നീ ക്രൂരജന്മം !
കാലമേ,യെല്ലാ,മറിയുന്ന നീ തന്നെ
ഈ വേടജന്മത്തെ എരിച്ചുകൊൾക !
Shyla Nelson