രചന : ഗീത.എം.എസ്✍️

കൊന്നതില്ല ഞാനാരെയുമെന്നു ഞാൻ
ചൊന്നതാരുമേ കേട്ടില്ലിതുവരെ
‘കൊന്ന’മരമെന്നു ചൊന്നേവരും
എന്നുമെന്നെ പ്രതിക്കൂട്ടിലാക്കുന്നു

അന്യനാമങ്ങളുണ്ടെനിക്കെങ്കിലും
അന്യമായിടുനിന്നവയൊക്കെയും
അന്യനല്ല ഞാനെന്നിരുന്നീടിലും
അന്യനെപ്പോലെ കാണുവതെന്തഹോ

‘കർണ്ണികാര’വും, ‘രാജവൃക്ഷ’ങ്ങളും
‘ദീർഘഫല’മേകും ‘നൃപേന്ദ്ര’വും
എണ്ണമില്ലാത്ത പേരുകളേറെയായ്
ഉണ്ടെനിക്കെന്നറിയുക തോഴരേ

കൊല്ലമേറെയായ് കേഴുന്നേൻ മാനസം
കൊന്നതില്ല ഞാനാരെയും മാനസേ
‘കൊന്ന’യെന്നൊന്നു മാത്രം വിളിക്കാതെ
‘കണിക്കൊന്ന’യെന്നൊരു പേരെങ്കിലും മതി

വർഷമെത്രയോ പോയ്മറഞ്ഞീടിലും
പുതുവർഷമെത്തുന്ന മേടപ്പുലരിയിൽ
കണ്ടുണരുന്നതേവരുമെന്നുടെ
തണ്ടുണങ്ങാത്ത സ്വർണ്ണമലരുകൾ

വീണ്ടുമാ വിഷുപ്പക്ഷികൾ പാടുമ്പോൾ
വീണ്ടുമാ മേട സൂര്യനുദിക്കുമ്പോൾ
വീണ്ടുമെത്തിടാമെന്ന വാക്കോതി ഞാൻ
വീണ്ടുമിന്നു വിട പറഞ്ഞീടുന്നു…

By ivayana