ജഹാംഗീർപുരിയിൽ സുപ്രീംകോടതി സ്‌റ്റേ വകവെക്കാതെ കെട്ടിടം പൊളിക്കാനെത്തിയ സംഘത്തെ തടഞ്ഞ് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ജഹാംഗീർപുരിയിലെ പൊളിക്കൽ നിർത്തി വെക്കാൻ സുപ്രീം കോടതി നിർദേശം നൽകിയിട്ടും കോപ്പി കയ്യിൽ കിട്ടിയില്ല എന്ന കാരണം പറഞ്ഞായിരുന്നു കോർപ്പറേഷനും പോലീസും അടങ്ങുന്ന സംഘം സ്ഥലത്തെത്തിയത്. ഈ പ്രവൃത്തി ശ്രദ്ധയിൽ പെട്ട ബൃന്ദ കാരാട്ട് ബുൾഡോസർ തടയുകയും, സുപ്രീം കോടതി ഉത്തരവിന്റെ പകർപ്പ് ഇവരെ കാണിക്കുകയുമായിരുന്നു. ഏകദേശം രണ്ട് മണിക്കൂർ നീണ്ട സംഘർഷത്തിന്റെ നാടകീയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.
ഇന്ന് ഉച്ചയോടെയായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ജഹാംഗീർപുരിയിലെ അനധികൃത കൈയേറ്റങ്ങൾ നീക്കം ചെയ്യാൻ നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ അയച്ച ഒമ്പത് ബുൾഡോസറുകൾ സ്ഥലത്തെത്തി. പോലീസും സ്ഥലത്തുണ്ടായിരുന്നു. അക്രമത്തെത്തുടർന്ന് സംഘർഷഭരിതമായ പ്രദേശത്ത് ക്രമസമാധാനം നിലനിർത്താൻ 400 പോലീസുകാരെയായിരുന്നു വിന്യസിപ്പിച്ചിരുന്നത്. കെട്ടിടങ്ങൾ പൊളിച്ചുനീക്കാനെത്തിയ ബുൾഡോസറുകളെ ജനം തടഞ്ഞു.
പൊളിച്ചുനീക്കൽ തകൃതിയായി മുന്നേറവെ, കെട്ടിടം പൊളിക്കുന്നതിന് സുപ്രീം കോടതി സ്റ്റേ പുറപ്പെടുവിച്ചു. എന്നാൽ, സുപ്രീം കോടതിയുടെ ഓർഡർ തങ്ങൾക്ക് കിട്ടിയില്ലെന്ന് പറഞ്ഞ ഇവർ, പൊളിച്ച് മാറ്റലുമായി മുന്നോട്ട് പോവുകയായിരുന്നു. ഇതോടെയാണ്, ബൃന്ദ കാരാട്ട് സ്ഥലത്തെത്തിയത്. ഇവരുടെ പക്കൽ സുപ്രീം കോടതിയുടെ ഉത്തരവിന്റെ പകർപ്പുണ്ടായിരുന്നു. ബുൾഡോസറിന് വട്ടം നിന്ന ഇവരെ മറികടക്കാൻ ഡ്രൈവർമാർ മടിച്ചു.