രചന : ലത അനിൽ ✍️

പിണക്കമെന്തിനു ദേവീ
നിന്നെയാരാധിപ്പതെൻ ജീവലക്ഷ്യം .
കരുത്തനാണു ഞാൻ, പ്രാണനിലുണ്ട് പ്രേമപുഷ്പരാജികൾ നിറഞ്ഞയുദ്യാനം
ധിക്കാരിയാണു ഞാൻ, ചിത്ത० നിൻ കല്പനയ്ക്കു വിധേയമാണെപ്പൊഴും .
അവനി തന്നബ്ദിമിഴികളിൽ
ഉമ്മവെച്ചുറങ്ങും രവിയേപ്പോൽ
നിന്നിൽ നിന്നുണർന്നെഴുന്നേല്ക്കുന്നു
നിന്നിലേക്കസ്തമിക്കുന്നൂ നിരന്തരം.
അന്നമെന്നു നിനച്ചൊരു വാക്കിന്റെ
തീർപ്പ്,നീയെന്ന ഭോഗവസ്തു.
സവിധേയണയാത്ത നേരത്തും
എന്റെ സ്വന്തം, നിനച്ചുപോയ് മാനസം .
ക്ലേശകരമാം സഞ്ചാരപഥങ്ങളിൽ
സൗഗന്ധികപ്പൂ നിനക്കെന്റെ വാഗ്ദാനം.
മദമൊടുങ്ങീ, ഗർവ്വുമടങ്ങി
ഉപാസനാമൂർത്തി മാറിയില്ല.
നീ കണ്ടതല്ല ഞാൻ കണ്ട കാഴ്ച,
കള്ളം കാട്ടാനരുതാത്തതീ ദർപ്പണം .
കൊടുങ്കാട്ടിലലയാം
അപൂർവ്വകുസുമം തേടിപ്പോകാം .
നിൻ്റെ മാനം കാത്തുസൂക്ഷിക്കാം .
പിണങ്ങിയകലരുത് ദേവീ
നീയെന്റെ ശക്തിയു० ബുദ്ധിയും .
ഉടലാലല്ലുയിരാൽ കാമിച്ചു
പോയതിനാലേ
ഊഴം കാത്തു നിൽക്കാം .
ചുടുനിണമിതു പുരട്ടി കേശമൊതുക്കുക ഭദ്രേ….
അറിയുകിതെന്റെ സിരകൾ കവിട്ടിയ ഊർജ്ജം .
നിന്റെ മോഹമരീചിക താണ്ടുകതന്നെയെനിക്കു പഥ്യം .

ലത അനിൽ

By ivayana