രചന : ബീഗം ✍️

തിമിർത്തു പെയ്യുന്ന അഹങ്കാരമാരിയിൽ
തുടിച്ചു നിൽക്കുന്നു
ദുര തിന്ന മാനുജർ
ഓശാന ഞായറിൻ ഔന്നത്യം കാണാതെ
ഓജസ്സു പകരുന്ന വ്രത ശുദ്ധി കാണാതെ
ഒളിമങ്ങാത്ത വിഷുപ്പുലരിയെ നോക്കാതെ
ഒളിയമ്പുകൾ തീർത്തുന്മാദലഹരിയിൽ
ഓടിക്കളിക്കുന്ന കുഞ്ഞിളം പൂക്കളെ
ഓടിയടുത്തു ഞെരുക്കുന്നു മണ്ണിലാഴ്ത്തുന്നു
കൂടപ്പിറപ്പിനു മരണമാല്യം ചാർത്താൻ
മടിയില്ല വ്യഥയില്ല ഭയമില്ലയൊട്ടും
തലോടി തളർന്ന പാണികളെ
തല്ലിച്ചതക്കുന്നു നിർദയം
താലോലം പാടിയ
നാവുകളെയറുത്തു നരകങ്ങൾ താണ്ടുന്നു
ഒരു തുണ്ടു ഭൂമിക്കു മേലാളനാവാൻ
ഒതുക്കത്തിൽ കാലൻ്റെ വേഷമണിയുന്നു
ഒടുവിലായ് പശ്ചാത്താപ പുഴയിൽ ഒഴുകുന്നു
തുരുത്തുകൾ കാണാതെ
എണ്ണം തെറ്റുന്ന ജപമാല കൈയിൽ
എണ്ണിയാൽ തീരാത്ത കുമ്പസാര രഹസ്യങ്ങൾ
എത്ര നടന്നിട്ടുമെത്താത്ത മലകൾ
നാളെയെന്തെന്നറിയാത്ത നാളുകൾ
നാട്യമണിഞ്ഞ രാപ്പകലുകൾ മുന്നിൽ
നോവിൻ നിഴൽ പടർത്തുന്നു നാൽക്കവലയിൽ
ഇനിയൊന്നു നോക്കു ഭൂതകാല മുഖങ്ങളിൽ
ഇരുൾ വീണു മൂകത തളം കെട്ടി നിൽപ്പൂ
ആടിയുലയുന്ന ജീവിതനൗകയിൽ
ആധിപടർത്താതെയന്ത്യം വരെ

ബീഗം

By ivayana