രചന : വാസുദേവൻ കെ വി ✍️

നിദ്രപൂകിയ നഗരപ്രാന്തത്തെരുവിലെ അടച്ചിട്ട മുറികളിളൊന്നിൽ അവളും അപ്പോൾ അവനും മാത്രം!
കറൻസി നോട്ടുകൾ ചോദിച്ചു വാങ്ങിയവർ പുറത്ത് കാവൽ നില്ക്കുന്നു. മുറിക്കുള്ളിലേക്ക് വിടുമ്പോൾ അവറയാളോട് പറഞ്ഞിരുന്നു.
“നീ അവളുടെ കലങ്ങിയ കണ്ണുകളില് നോക്കരുത്!! അവളുടെ കഥകൾ ചോദിക്കരുത് !!
നീ യജമാനനും അവൾ ഭൃത്യയുമാണ് ഇപ്പോൾ !!
നീ വേട്ടമൃഗവും അവൾ ഇരയും!! അവളുടെ ശിരസ്സിന്റെ സ്ഥാനം നിന്റെ കാൽനഖങ്ങളേക്കാൾ താഴെ. അവളുടെ മാംസം മതിയാവോളം നിനക്ക് കടിച്ചുകുടയാം,. ആസ്വദിക്കാം. അവളുടെ അധരങ്ങളിൽ പൊടിയുന്ന ചോരത്തുള്ളികൾ നക്കിനുണയാം, എന്നാലും, ചൂടുള്ള അവളുടെ കണ്ണുനീരിന്റെ ഉപ്പുരസം നീ നുണയരുത്!!.”
പക്ഷേ, ആ അരണ്ട നീലവെളിച്ചത്തിൽ അവൻ ആദ്യം നോക്കിയത് അവളുടെ കണ്ണിലെ കലങ്ങിയ ചുവപ്പിലേക്കാണ് , അവളുടെ കൊഴുത്ത മാറിടത്തിനു പിന്നിലെ പിടയ്ക്കുന്ന ഹൃദയത്തിലേക്കാണ്. അവന്റെ കാമം അവളുടെ ശരീരത്തോടല്ലല്ലോ..!!
അവളുടെ അനുഭവങ്ങളെ അന്വേഷിച്ചല്ലേ അവൻ വന്നത് .
“എടീ പേടിച്ചരണ്ട പേടമാനേ… നീ നിന്റെ കഥകൾ പറയുക. നിന്റെ നാഭിയിൽ മുഖംകുത്തി വീണു മരിച്ച സിഗരറ്റ് കുറ്റികളെപ്പറ്റി പറയുക,…
നിന്റെ മാറിടം ഉഴുതുമറിച്ച കലപ്പ കൈകളേപ്പറ്റി പറയുക, …
നിന്റെ തുടയിൽ ആഴ്ന്നിറങ്ങിയ പുലിനഖങ്ങളേപ്പറ്റി പറയുക,,.. നിന്റെ അധരങ്ങളിൽ തിണർത്തു കിടക്കുന്ന ദംശനങ്ങളേപ്പറ്റി പറയുക,,,,..
എന്നിട്ട് വരൂ,
ഈ തൂലികയിലെ കറുത്തമഷിയിലേക്ക് നീ ഇറങ്ങി കിടക്കൂ. അക്ഷരങ്ങളുടെ വളവുകളിൽ ബന്ധിച്ച് മറ്റാർക്കും സംശയം തോന്നാത്ത രീതിയിൽ എനിക്കും നിന്നെ വില്ക്കണം..
പെണ്ണുടൽ എന്നും ഏവർക്കും വില്പനചരക്ക് പെണ്ണേ.., നേരിട്ടായാലും അക്ഷരങ്ങളിൽ കോർത്തിട്ടായാലും..”
അവൻ അവളെ ചേർത്തണച്ചു. അവളുടെ നിറുകയിൽ ചുംബിച്ചു. അവൻ തിരിച്ചറിഞ്ഞു അതേ ഗന്ധം. അവന്റെ മകളുടെ മുടിയിഴകൾ ഉതിർക്കുന്ന കാച്ചെണ്ണ മണം.

By ivayana