രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ✍️
കത്തുന്നപകലിലെ
ഉരുകുന്നവെയിലിൽ
വെന്തകാൽപ്പുണ്ണുമായ്
ചക്കിലെ കാളപോൽ
തെരുവുതീരങ്ങളിൽ
ദുരിതജീവിതം
കാച്ചിക്കുറുക്കുന്നു ചിലർ
തൊപ്പിയിട്ടവർ .,
താടിവെച്ചവർ .,
തൊടുകുറിയിട്ടവർ .,
ചരടുകെട്ടിയോർ .,
കെട്ടിപ്പിടിക്കുന്നു
മുത്തംകൊടുക്കുന്നു
കുശലം പറയുന്നു
പൊട്ടിച്ചിരിക്കുന്നു
തെരുവു കൂടെച്ചിരിക്കുന്നു .,
ചങ്കിലെ നൊമ്പരം പൊട്ടിച്ചിതറുന്നു .,
ഞാനും നീയുമെന്നില്ലാതെ
നമ്മളൊന്നെന്നതു
തെരുവിന്റെ ഒറ്റവാക്കാകുന്നു…
രാവിലൊരു കൂമന്റെ
കൂവലുയരുന്നു .,
കുറുനരികൾ
കൂടുവിട്ടിറങ്ങുന്നു .,
കുത്തിത്തിരിക്കുന്നു .,
വെട്ടിപ്പിളർക്കുന്നു .,
മതചിത്തരോഗികൾ
ചതിയുടെ അരണികടയുന്നു .,
പകയുടെ കനലുചിതറുന്നു .,
മതവിഷം കത്തിപ്പടരുന്നു .,
തീപ്പൊള്ളലേറ്റോരുടലുകൾ
കത്തിക്കരിഞ്ഞുവീഴുന്നു .,
തെരുവു കൂടെക്കരയുന്നു ..,
നേർത്തനൂലിന്റെ ദൃഢനെയ്ത്തുകൾ
മൂർത്തകോപത്താൽ വെട്ടിയെറിയുന്നു
നമ്മളെന്നതു മുറിഞ്ഞു ഞാനും നീയുമാകുന്നു …
തെരുവു നോവിന്റെ ഒറ്റപ്പേരാകുന്നു ….
കത്തിയതെരുവിൽ
ചിരികളില്ല.,
പൊട്ടിക്കരച്ചിലില്ല .,
മുഴങ്ങുന്നതോ
സങ്കടക്കുറുകൽ മാത്രം.,
ഭയംപുകഞ്ഞ തൊണ്ടയിൽ
കുരുങ്ങിക്കിടക്കുന്ന വാക്കുകൾ .,
ചത്ത ജീവിതതൃഷ്ണകൾ
കോർത്തുകിടക്കുന്ന കണ്ണുകൾ .,
അറവുമാടിന്റെ ഭീതിപോൽ
ചപലമാകുന്ന പാദചലനങ്ങൾ .,
മൃതിനൃത്തമാടുന്നതെരുവിൽ
മനുഷ്യകുലം വേരറ്റുപോകുന്നു .,
ദുരധികാരശാപത്താൽ
തെരുവൊരുനരകമായ് തീരുന്നു .