കുറിക്കാതെ വയ്യ! പത്ത് ദിവസത്തില്‍ എത്ര ആത്മഹത്യകള്‍. എവിടെയാണ് കുഞ്ഞുങ്ങള്‍ക്ക് ധൈര്യം നഷ്ടപ്പെടുന്നത്? എവിടെയാണ് സഹനം നഷ്ടപ്പെടുന്നത്?
എവിടെയാണ് അവര്‍ക്ക് ആത്മബലം നഷ്ടമാകുന്നത്? ചിന്തിക്കാതെ വയ്യ.

ദണ്ഡിതമായ ഗര്‍ഭത്തിലോ?
അപക്വമായ രക്ഷാ കര്‍ത്തൃത്ത്വമോ?
വിരസവും ഏകാന്തവുമായ ജീവിതത്തിലോ?
സമാധാനം പഠിപ്പിക്കാത്ത വിദ്യാഭ്യാസ സമ്പ്രദായത്തിലോ?
അമിതമായ ഉത്തരവാദിത്തത്തിലോ?
അര്‍ഹിക്കുന്നവരായിട്ടും തൊഴില്‍ രഹിതരായി തുടരുമ്പോഴോ?
ദാമ്പത്ത്യം ഏകോപിപ്പിക്കാന്‍ കഴിയാത്തിടത്തോ?
ചുറ്റിനും ഏല്‍ക്കുന്ന അസഹിഷ്ണുതയില്‍ കരകയറാന്‍ ആവാത്തിടത്തോ?
ചെയ്തു പോയ ഒരു തെറ്റിനെ ഭയന്നിട്ടോ?
പ്രതീക്ഷിക്കുന്ന സ്നേഹങ്ങള്‍ നഷ്ടപ്പെടുന്നിടത്തോ?

എവിടെ ? എവിടെയാണ് നാം നമ്മെ നഷ്ടപ്പെടുത്താന്‍ ശ്രമിക്കുന്നത്?
പ്രകൃതിയില്‍ ഒരായിരം വാതായനങ്ങള്‍ നിങ്ങള്‍ക്കായ് തുറന്ന് കിടക്കുമ്പോള്‍, ഒന്നു പോലും തിരയാതെ നിങ്ങള്‍ പോകുന്നത് എന്തുകൊണ്ടാണ്?
ഒരു പക്ഷേ നിങ്ങളീ കെട്ട സമൂഹത്തില്‍ നിന്നും രക്ഷപ്പെട്ടതാവുമോ?
എന്ത് തന്നെയായാലും വ്യസനം തോന്നുന്നു…
ഇത് കുറിക്കാതെ വയ്യ..
ദയവായി തെറ്റിയിടത്ത് നിന്ന് തിരുത്താല്‍ അവസരമുണ്ട്, ആയിരം പേര്‍ കുറ്റപ്പെടുത്തിയാലും പത്ത് പേര്‍ നിങ്ങളോടൊപ്പം ഉണ്ടാവും…
ഒളിഞ്ഞിരിക്കുന്ന രക്ഷകള്‍ കണ്ടെത്തുക, അതിജീവിക്കുക, നിങ്ങളുടെ ജീവനേക്കാള്‍ വിലപ്പെട്ടത് മറ്റൊന്നുമില്ലെന്ന് ഓര്‍ക്കുവിന്‍.
നിങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് നിങ്ങള്‍ അത്രമേല്‍ വിലപ്പെട്ടതെന്ന് അറിയുക,
നിങ്ങള്‍ തെറ്റിയാല്‍ പോലും നിസ്വാര്‍ത്ഥമായി സ്നേഹിക്കുന്നവര്‍ ഉണ്ടെന്ന് മനസ്സിലാക്കുക…
(ശ്രീതി സുജയ്)

By ivayana