രചന : രാജു കാഞ്ഞിരങ്ങാട്✍
റിയലിസത്തിൽനിന്ന്
ഉത്തരാധുനികതയിലേക്ക്
വണ്ടി കയറി ഒരു കവിത
അപ്പോൾ
ശൂന്യതയിൽനിന്ന്
ശാന്തതയിലേക്കെന്ന
മുഖഭാവമായിരുന്നു
അപ്പോൾ
തൻ്റെ ഇടം വെട്ടിപ്പിടിക്കാനും
തൻ്റെ അതിരുകളേതെന്ന്
താൻ തന്നെ നിർണ്ണയ്ക്കും
എന്ന സമരഭാവമായിരുന്നു
കാലത്തിൻ്റെ അടരുകളിലൂടെ
വണ്ടി ഓടിക്കൊണ്ടേയിരുന്നു
ഗലികളിലൂടെ ,
ഇനിപ്പും, കവർപ്പും, പുളിയുമുള്ള
തെരുവുകളിലൂടെ
പ്രാണൻ്റെ പിടച്ചിൽ കൊത്തിവെച്ച
കടലിനരികിലൂടെ
പ്രത്യാശകൾ പച്ചക്കുത്തിയ
പുലരികളിലൂടെ
ജീവിതം കവിതയാകുമ്പോൾ
ചരിത്രവും ഓർമകളും
മുറിച്ചെറിയുന്നവരെ
തുറന്നുകാട്ടാൻ
വൃത്തങ്ങളുടെ വലയം ഭേദിച്ച്
ഉത്തരീയം ഉരിഞ്ഞെറിഞ്ഞ്
ഉത്തരാധുനികതയിലേക്കല്ലാതെ
എങ്ങോട്ടു പോകും കവിത