മാഹിൻ കൊച്ചിൻ ✍

ജോണങ്കിൾ എന്ന് എല്ലാവരാലും ആദരിക്കപ്പെടുന്ന മനുഷ്യനും പിടപറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം കിടപ്പിൽ ആയിരുന്നപ്പോൾ ചികിസയ്‌ക്കായി പണമില്ലാതെ ഒത്തിരി ബുദ്ധിമുട്ടിയെന്നു അറിയാൻ കഴിഞ്ഞു. വെറും രണ്ടു മാസം കിടപ്പിലായപ്പോഴേക്കും ഒരായുഷ്കാലം സിനിമക്ക് വേണ്ടി പണിയെടുത്ത അദ്ദേഹത്തിന്റെ കുടുംബം കടുത്ത സാമ്പത്തീക പ്രതിസന്ധിയിലായി എന്നത് എനിക്കത് വലിയ ഞെട്ടലുളവാക്കുന്ന വാർത്തയായിരുന്നു. സിനിമ എന്ന മായിക യാഥാർത്ഥ്യം ഊറ്റിക്കുടിച്ച ജീവിതങ്ങളിലേക്ക് അത് വെളിച്ചം വീശുന്നു.

വിരലിലെണ്ണാവുന്ന താരങ്ങൾ മാത്രം കോടികളുടെ ക്ലബ്ബിൽ അംഗങ്ങളായി ഉയരുകയും നിർമ്മാതാക്കളും സംവിധായകരും എഴുത്തുകാരും ഛായാഗ്രാഹകരും എഡിറ്റർമാരും അടങ്ങുന്ന മഹാഭൂരിപക്ഷവും ശരാശരിയിലും താഴെയുള്ള സാമ്പത്തീകാവസ്ഥയിലേക്ക് പുറം തള്ളപ്പെടുകയും ചെയ്യുന്ന ഒരു മനുഷ്യത്വഹീനമായ സാമ്പത്തീകവ്യവസ്ഥ നമ്മുടെ സിനിമ പിന്തുടരുണ്ട്. അത് മാറ്റാൻ ചലച്ചിത സംഘടനകൾക്കോ അതിനെതിരെ ശബ്ദമുയർത്താൻ സിനിമയിൽ നെടുനായകത്വം വഹിക്കുന്നവർക്കോ ഇക്കാലമത്രയായിട്ടും കഴിഞ്ഞിട്ടില്ല.


സമത്വ സുന്ദരമായ ഒരു മായാലോകമാണ് സിനിമ എന്ന മിത്ത് അടിമുടി പൊളിഞ്ഞത് 2017 ൽ നടി ആക്രമിക്കപ്പെട്ട സംഭവത്തോടെയാണ്. സിനിമയിൽ പണിയെടുക്കുന്ന സ്ത്രീകൾക്ക് നിയമ വിധേയമായി അർഹതയുള്ള ഒരു പരാതി പരിഹാര സമിതി നടപ്പിലാക്കാൻ ഇൻസ്ട്രി ഒന്നടങ്കം തയ്യാറല്ലായിരുന്നു. ആക്രമിക്കപ്പെട്ട നടി ഏത് സിനിമയിൽ പണിയെടുക്കുമ്പോഴാണ് ആക്രമിക്കപ്പെട്ടത് എന്നോ അതിനിടയാക്കിയ സാഹചര്യം എന്ത് എന്നോ നിയമവിധേയമായ പരാതി പരിഹാര സമിതി അവിടെ ഇല്ലാതെ പോയത് എന്ത് കൊണ്ട് എന്നോ അന്വേഷിക്കാനോ നടപടി എടുക്കാനോ ആരും തയ്യാറായില്ല. തുടർന്നുണ്ടായ വിമൻ ഇൻ സിനിമാ കലക്ടീവിന്റെ ഉദയവും പോരാട്ടവും ഇപ്പോൾ ചരിത്രമാണ്. അതിന് അഞ്ചു വർഷം പിന്നിടുമ്പോൾ ഡബ്ല്യു. സി.സി. കൊടുത്ത കേസിൽ വനിതാ കമ്മീഷൻ കക്ഷി ചേർന്നതിന് ശേഷം ഉണ്ടായ ഉത്തരവ് വന്നതോടെ ഇപ്പോൾ എല്ലാവരും നയം മാറ്റി വരികയാണ്. നല്ല കാര്യം.


മലയാള സിനിമയുടെ സമ്പത് വ്യവസ്ഥയുടെ സ്വഭാവം തന്നെയാണ് ഏതാനും ചിലരെ മാത്രം ധനികരും മഹാ ഭൂരിപക്ഷത്തെയും ദരിദ്രരും ആക്കി മാറ്റുന്നത്. സിനിമ അതിന്റെ അവിഭാജ്യമായ പലഘടകങ്ങളിലും തുച്ഛമായ നിക്ഷേപമേ നടത്തുള്ളൂ. അതിന്റെ നിക്ഷേപം പ്രധാനമായും ഊന്നി നിൽക്കുന്നതും പരിപോക്ഷിപ്പിക്കുന്നതും ഏകപക്ഷീയമായി താരവ്യവസ്ഥയിൽ മാത്രമാണ്.


എൺപതുകളിൽ മലയാള സിനിമയെ പുതിയ ഭാവുകത്വത്തിലേക്ക് നയിച്ച എഴുത്തുകാരനാണ് ജോൺപോൾ . മുഖ്യമായും സംവിധായകൻ ഭരതനുമായി ചേർന്നു ചെയ്ത അക്കാലത്തെ മധ്യവർത്തി സിനിമകളുടെ നട്ടെല്ലായിരുന്നു അദ്ദേഹം. വെള്ളിത്തിരയിൽ അത് നവോന്മേഷം വിതറി. മുഖ്യധാരാ സിനിമയെ പൊതുവിൽ ഭാവുകത്വപരമായി പരിഷ്കരിക്കുന്നതിൽ ആ സിനിമകൾ വഹിച്ച പങ്ക് വളരെ വലുതാണ് .


പ്രധാനപ്പെട്ട ജോൺപോൾ സിനിമകൾ നോക്കുക : ഭരതന്റെ ചാമരം (1980), മർമ്മരം (1981) , മോഹന്റെ വിടപറയും മുമ്പെ (1981), കഥയറിയാതെ (1981), ഭരതന്റെ ഓർമ്മക്കായി (1981 ) , പാളങ്ങൾ (1981 ) അശോക് കുമാറിന്റെ തേനും വയമ്പും (1981 ), മോഹന്റെ ആലോലം (1982 ), ഐ.വി.ശശിയുടെ ഇണ (1982 ), ഭരതന്റെ സന്ധ്യ മയങ്ങും നേരം (1983 ), പി.ജി.വിശ്വംഭരന്റെ സാഗരം ശാന്തം (1983), ഒന്നു ചിരിക്കൂ (1983 ) , മോഹന്റെ രചന (1983), കെ.എസ്. സേതുമാധവന്റെ അറിയാത്ത വീഥികൾ (1984), ആരോരുമറിയാതെ (1984), ഐ.വി.ശശിയുടെ അതിരാത്രം (1984 ), സത്യൻ അന്തിക്കാടിന്റെ അടുത്തടുത്ത് (1984 ), ജോഷിയുടെ ഇണക്കിളി (1984), ടി. ദാമോദരനൊപ്പം ഭരതന്റെ ഇത്തിരിപ്പൂവേ ചുവന്ന പൂവേ (1984) , സത്യൻ അന്തിക്കാടിന്റെ അദ്ധ്യായം ഒന്നു മുതൽ (1985) , ഭരതന്റെ കാതോട് കാതോരം (1985 ) , പി.ജി. വിശ്വംഭരന്റെ ഈ ശബ്ദം ഇന്നത്തെ ശബ്ദം (1985), കെ.എസ്. സേതുമാധവന്റെ അവിടത്തെപ്പോലെ ഇവിടെയും (1985 ) , പി.ജി, വിശ്വംഭരന്റെ ഈ തണലിൽ ഇത്തിരി നേരം (1985 ), ബാലു മഹേന്ദ്രയുടെ യാത്ര (1985), സത്യൻ അന്തിക്കാടിന്റെ രേവതിക്കൊരു പാവക്കുട്ടി (1986), കമലിന്റെ മിഴിനീർപ്പൂക്കൾ (1986 ) , ഉണ്ണികളേ ഒരു കഥ പറയാം (1987) , ടി.ദാമോദരനൊപ്പം ഐ.വി.ശശിയുടെ വ്രതം (1987), ഭരതന്റെ നീലക്കുറുഞ്ഞി പൂത്തപ്പോൾ (1987) , ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വട്ടം (1987) ,കമലിന്റെ ഉണ്ണികൃഷ്ണന്റെ ആദ്യത്തെ കൃസ്തുമസ്സ് (1988), ഭരത് ഗോപിയുടെ ഉത്സവപ്പിറ്റേന്ന് (1988 ) , ഭരതന്റെ ഒരു സായാഹ്നത്തിന്റെ സ്വപ്നം (1989 ), ജേസിയുടെ പുറപ്പാട് (1990 ), കെ. മധുവിന്റെ ഒരുക്കം (1990 ), രണ്ടാം വരവ് (1991 ) , ഐ.വി.ശശിയുടെ ഭൂമിക (1991 ), ഭരതന്റെ മാളൂട്ടി (1991 ), അനിലിന്റെ സൂര്യഗായത്രി (1992), സിബി മലയിലിന്റെ അക്ഷരം (1995 ) , ഭരതന്റെ മഞ്ജീരധ്വനി (1997) ….. ലിസ്റ്റ് തീരുന്നില്ല. 2000 വരെ മലയാള സിനിമയിൽ നിർണ്ണായക ശക്തിയായിരുന്നു ജോൺപോൾ.

എല്ലാം അതത് കാലത്തെ താര നായകന്മാരായ പ്രേംനസീർ, ലക്ഷ്മി, ശ്രീവിദ്യ, സോമൻ , മാധവി, സുകുമാരൻ, സുമലത , നെടുമുടി വേണു, സറീന വഹാബ്, പ്രതാപ് പോത്തൻ, രതീഷ് , ഭരത് ഗോപി, ജലജ , മമ്മുട്ടി, മോഹൻലാൽ, സുരേഷ് ഗോപി , റഹ്മാൻ തുടങ്ങി മലയാള സിനിമയിലെ നടീ നടന്മാർ വേഷമിട്ട സിനിമകൾ. തിയറ്ററുകളിൽ ചലനം സൃഷ്ടിച്ച സിനിമകൾ. എത്രയോ സൂപ്പർഹിറ്റുകൾ , പ്രകാശം പരത്തിയ സിനിമകൾ. ഇതിൽ മിക്കതും ഭരതൻ , മോഹൻ സിനിമകൾ മാത്രമായി എഴുത്തുകാരനിലേക്ക് വെളിച്ചം വീശാത്ത സിനിമകളാണ്.


പുതിയ നൂറ്റാണ്ടിൽ സിനിമ അടിമുടി മാറിയപ്പോൾ ആ സംസ്കാരത്തോടൊപ്പം നിൽക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് തന്നെ ജോൺപോൾ പിൻവലിഞ്ഞു. താരങ്ങളായി കഥയുടെ മുതലാളിമാർ. സ്റ്റോറി ഫിക്സിങ് എന്ന പുതിയ അധികാരം പിന്നോട്ടടിപ്പിച്ച സംവിധായകരുടെയും എഴുത്തുകാരുടെയും നിരയിൽ ജോൺപോളും ഉണ്ടായിരുന്നു. എങ്കിലും 2021 ലും സിനിമാ എഴുത്തിൽ സജ്ജീവമായിരുന്നു അദ്ദേഹം. നാല്പത് വർഷം നീണ്ട ആ സിനിമാ വർഷങ്ങളിൽ തുടരെ സിനിമകൾ ചെയ്ത എൺപതുകളും തൊണ്ണൂകളും ജോൺപോളിനോട് സാമ്പത്തീകമായി നീതി പുലർത്തിയോ ? ഇല്ല എന്ന് നിസ്സംശയം പറയാം. ആ പ്രതിസന്ധിയാണ് ഒന്ന് കിടപ്പിലായപ്പോൾ അദ്ദേഹത്തിന്റെ കുടുംബം നേരിട്ടതും.


മലയാള സിനിമയിലെ സാങ്കേതിക വിദഗ്ദരുടെ സംഘടനയായ മാക്ടയുടെ സ്ഥാപക സിക്രട്ടറിയായിരുന്നു ജോൺ പോൾ. എത്രയോ കാലം ആ സ്ഥാനത്തിരുന്ന് സംഘടനക്ക് അസ്തിവാരം പണ്ടിതു. എം.ടി.വാസുദേവൻ നായർ സംവിധാനം ചെയ്ത ” ഒരു ചെറു പുഞ്ചിരി ” എന്ന സിനിമ നിർമ്മിച്ചിട്ടുണ്ട്. എം.ടി.യെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിർമ്മിക്കുകയും ഒരു പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്. ഭരതനെക്കുറിച്ചുള്ള പുസ്തകമടക്കം നിരവധി ചലച്ചിത്ര ചരിത്ര ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ഗ്രന്ഥരചനക്ക് സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. നല്ല അവതാരകനാണ്. സഫാരി ചാനലിലെ ഓർമ്മ പറച്ചിൽ ഒരനുഭവം തന്നെയാണ്.


ചലച്ചിത്ര രംഗത്ത് സമഗ്രമായ സംഭാവനകൾ നൽകിയ ജോൺപോളിനെപ്പോലൊരാൾ കിടപ്പിലാകുമ്പോൾ അദ്ദേഹം എഴുതിയ സിനിമകളിൽ അഭിനയിച്ചവർക്കും ആ സിനിമകൾ സംവിധാനം ചെയ്തവർക്കും കെട്ടിപ്പടുത്ത സംഘടനക്കും ആ സിനിമകളുടെ ലക്ഷങ്ങളുടെ നികുതി വരുമാനമുണ്ടാക്കിയ സർക്കാറിനും മുൻകൈ എടുക്കാൻ ഒരു ഉത്തരവാദിത്വമുണ്ടായിരുന്നു. രണ്ടു മാസത്തെ കിടപ്പിൽ ഇരുപത് ലക്ഷം ചിലവിട്ടതോടെ കുടുംബം ബുദ്ധിമുട്ടിലായതായതാണ് വാർത്ത. മാക്ടയും ഫെഫ്കയും ജോൺ പോളിന്റെ സിനിമകളിൽ നായകന്മാരായ 100 കോടി സിനിമാ ക്ലബ്ബിൽ അംഗങ്ങളായ നായകന്മാരൊന്നും ഇതു കണ്ടില്ല. ആ കുടുംബത്തിന് കണ്ടറിഞ്ഞ് ഒരു കൈത്താങ്ങാകേണ്ടിയിരുന്നത് ഇവരെല്ലാമായിരുന്നു.


രണ്ട് വേദനിക്കുന്ന ഓർമ്മകൾ പൊന്തി വരുന്നു. 50 വർഷം അഭിനയ രംഗത്ത് പിന്നിട്ട നടി ശാന്താദേവി അവസാന കാലം ഗതികെട്ട് കുറച്ച് കാലം കോഴിക്കോട്ട് ഒരനാഥ മന്ദിരത്തിലായിരുന്നു. “ശാന്തേടത്തിക്ക് എന്തിനാ പൈസ ” എന്ന മനോഭാവമായിരുന്നു ആ അഞ്ചു പതിററാണ്ടും ഇന്റസ്ടിക്ക്. അഭിനയിച്ച് മടങ്ങുമ്പോൾ തുച്ഛമായ സംഖ്യ കയ്യിൽ ചുരുട്ടി നൽകും. കൊടും ചൂഷണത്തിന്റെ എഴുതപ്പെടാത്ത അഞ്ചു പതിറ്റാണ്ട്. അവരാ അനുഭവം നേരിൽ പങ്കു വച്ചിട്ടുണ്ട്. ഒടുവിൽ മരണത്തിന് തൊട്ടു മുമ്പ് തിരക്കഥാകൃത്ത് ടി.എ. റസാക്കിന്റെ നേതൃത്വത്തിൽ നടന്ന ഒരു ജീവകാരുണ്യ സംരംഭത്തിൽ കലക്ടർ ഇടപെട്ട് വീട് നന്നാക്കിയെടുത്തപ്പോൾ തിരിച്ച് അനാഥമന്ദിരത്തിൽ നിന്നും അവരെ വീട്ടിലേക്ക് മടക്കിക്കൊണ്ടുപോകുമ്പോൾ പറഞ്ഞ ഡയലോഗ് ഒരിക്കലും മറക്കില്ല.

നല്ല നിലാവുള്ള രാത്രിയായിരുന്നു അത്. ആകാശത്തേക്ക് നോക്കി ശാന്തേടത്തി പറഞ്ഞു : ഞാനിപ്പോൾ ദൈവത്തെ ദൈവേ എന്നൊന്നും വിളിയ്ക്കാറില്ല , നായിന്റെ മോനേ എന്നാ വിളിക്കാറ്. എന്നെ കഷ്ടപ്പെടുത്തി മതിയായിട്ടില്ല ദൈവത്തിന്. ജീവിത പങ്കാളിയായിരുന്ന കോഴിക്കോട് അബ്ദുൾ ഖാദറിനൊപ്പം പാട്ടുകൾ പാടി കമ്മ്യൂണിസ്റ്റ് പാർട്ടിയെ അധികാരത്തിലെത്തിച്ച പഴയ സാംസ്കാരിക നവോത്ഥാനത്തിന്റെ യൗവ്വനത്തിന്റെ പേരാണ് ശാന്താദേവി എന്നത്. എന്നാൽ സിനിമ അവരോട് നീതി കാട്ടിയിരുന്നില്ല. അങ്ങിനെ എത്രയോ ശാന്താദേവിമാർ.
ജോണങ്കിളിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ ചേരുന്നു.
നിത്യശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു…!
അതിരാഞ്ജലികൾ…!

By ivayana