രചന : സതി സുധാകരൻ ✍
ഏകാന്തരാവിൻ്റെ തീരത്തിരുന്നു ഞാൻ
തിരകളെ നോക്കിയിരുന്നു.
പാൽനുര പോലെ പതഞ്ഞൊഴുകുന്നൊരു
തിരകളും തീരത്തണഞ്ഞു
തംബുരു മീട്ടി വരുന്ന തിരകളും
തീരത്തെ വാരിപ്പുണർന്നു .
ഏഴാം കടലിന്നക്കരെ നിന്നും പാലപ്പൂവിൻ മണമൊഴുകി
മാദക മണമുള്ള പാലൊളിപ്പുവിനെ വാരിയെടുക്കാൻ കൊതിച്ചു .
കടലിലെ ഓളപ്പരപ്പിലൂടെ ഞാൻ താമരത്തോണി തുഴഞ്ഞ നേരം
ഞൊറിയിട്ടു വന്നൊരു ഓളങ്ങൾ തോണിയെ
വാരിപ്പുണരുവാനോടി വന്നു.
തീരം കാണാതലഞ്ഞൊരു തോണിയും,
കടലിൻ്റെ മാറിൽ ചാഞ്ഞുറങ്ങി.
കലി തുള്ളി വന്നൊരു കടലിലെ തിരമാല
തോണിയെ തീരത്തെറിഞ്ഞു പോയി.
ഇതൾ കൊഴിഞ്ഞുള്ളൊരു താമരത്തോണിയും
വെയിലേറ്റു വാടിക്കരിഞ്ഞ നേരം
എന്നിലെ മോഹവും താമരത്തോണിയും
കടലിൻ്റെ തീരത്തു ചേർന്നലിഞ്ഞു.