രചന : ഷാഫി റാവുത്തർ ✍

നിനവുകളിൽ നിത്യവും
നിന്ദ്യമാം ചെയ്തികൾ
കരളിൽ കൊടുംതപം
തീർക്കുന്ന മുറിവുകൾ
കണ്ണിൽ കദനത്തീ-
യാളുന്ന കാഴ്ചകൾ
വയ്യനിക്കിനിയൊന്നും
മിണ്ടിപ്പറഞ്ഞിടാൻ…
വന്മരക്കടയ്ക്കലും
കോടാലിയാഴ്ത്തുന്ന
ജന്മങ്ങളുണ്ട് നശിച്ച
പേ ജന്മങ്ങൾ
മലയും പുഴകളും
വിലപേശി വിൽക്കുന്ന
വിരുതരും തോണ്ടുന്നു
സ്വയമേവ തൻകുഴി
ഇരുളിൻമറവിലെൻ
ഉടുതുണിയുരിയുന്ന
യന്ത്രക്കരം മുരളും
ഘോഷങ്ങളുയരുന്നു
കാട്ടുതീയാളിപ്പടരുന്ന
മാത്രയിൽ
വേട്ടയ്ക്കിറങ്ങുന്നു
വെന്തമാംസത്തിനായ്
പുഴകൾ ചുരത്താത്ത
വൃദ്ധസ്തനങ്ങൾ പോൽ
വറുതിയിലാണ്ടുപോയൂ-
ഷരക്കാഴ്ച്ചയും
കരിയുംവയലുകളി-
ടയ്ക്കിടെത്തേങ്ങുന്നു
കരുണയില്ലാതുള്ള
ബധിരകർണ്ണങ്ങളിൽ
കവിളിൽ കനത്തടി-
യേറ്റ കൊടുംപാപി
യഴലിങ്കലുലയുന്നു
വിവശയാലയുന്നു
സർവ്വം സഹയെന്ന
പേരിൽ തളച്ചെന്റെ
മാനം കവരുവാ
നോടിയടുക്കുന്നു.
അതിരുകൾ തീർക്കുന്ന
ദ്വേഷക്കരങ്ങളിൽ
ആയുധമേന്തിയിട്ട-
ന്യനെക്കൊല്ലുവാൻ
സ്വാർത്ഥമോഹം പൂണ്ട
മാനവർ തമ്മിലീ
പ്പോരിൽ പരസ്പരം
മൃത്യുവെപ്പുൽകുന്നു
ചോരവീണുചുവക്കുന്ന
നാട്ടിലശാന്തി വിതച്ചിട്ടു
നാശവും കൊയ്യവേ
തീവ്രവാദം വിളയും
പാടങ്ങളൊക്കെയും
നോക്കി നടത്താ-
നിറങ്ങുന്നു ഭീകരർ
ഗാന്ധി നടന്നൊരെൻ
മണ്ണിൽ മുഴുക്കെയും
ഗോഡ്‌സെ വെടിക്കോപ്പു
കുന്നുകൂട്ടീടുന്നു
ക്രിസ്തുകുരിശ്ശേറി
ചിന്തിയ രക്തത്തിൽ
യൂദാസ്സു പിന്നെയും
നാണയം തപ്പുന്നു
മതവും കുലങ്ങളും
തമ്മിൽ കയർക്കുന്ന
കലഹം ഉയിരെടു-
ത്താർക്കുന്നവേളയിൽ
ഒലിവിൻ മരച്ചില്ലയേന്തി-
പ്പറന്നെത്താനിനിയും
മറന്നുവോ മാടപ്പിറാവുകൾ
ഭ്രാന്തിന്നണുക്കൾ
നുരയ്ക്കുന്ന
മസ്തിഷ്കമേന്തിച്ചുടലത്തീ
കായുന്ന ദുഷ്ടരും
സ്നേഹം,സമത്വ-
മെന്നാർത്തു വിളിച്ചിട്ട്
ഭീതിവിതയ്ക്കുന്നു
പാതകം ചെയ്യുന്നു.
താതൻ തന്നരുമതൻ
മേനി നുണയുന്ന
ആസുരകാലവും
കാണുന്നു ഞാനെന്നും
ഗുരുവിൻ വിരലുകൾ
നിമ്നോന്നതങ്ങളിൽ
പരതിപ്പഠിപ്പിച്ച
കെട്ട പാഠങ്ങളും
വർഷം നിലച്ചൊരാ
ഉഷ്ണപ്പകലുകൾ
ഉരുള് പൊട്ടിത്തകർത്ത
സ്വപ്നങ്ങളിൽ
കനവുകൂട്ടിക്കരുതി-
യതൊക്കെയും
ക്ഷണികമായ്‌ത്തീർത്തതും
മർത്യന്റെചിന്തകൾ…
സൗരയൂഥത്തിലെ
പൊൻവഴിത്താരയിൽ
അർക്കനെച്ചുറ്റി
യാത്ര ചെയ്തീടവേ
ഇരവുമാഞ്ഞുപകലണയുന്ന
മാത്രയിൽ
എത്ര ബീഭത്സമാം
കാഴ്ചകൾ കാണ്മുഞാൻ
ചിന്തിക്കുവാനേറെ-
യുണ്ടെനിയ്ക്കുള്ളത്തിൽ
ചന്തമില്ലാതേറ്റം
വ്യർത്ഥമാം ചിന്തകൾ
നന്മ നട്ടു വളർത്തുന്ന
തോട്ടങ്ങളെന്നുമുണ്ടാവുവാൻ
പ്രാർത്ഥിച്ചിറങ്ങുന്നു
എത്രവെട്ടുകൾ
ദേഹത്തിലേറ്റിഞാൻ
അത്ര വേദനതിന്നിടുമ്പോഴുയിർ
ചിത്രമൊന്നേ വരച്ചു വെച്ചീടുന്നു
ഭൗമ്യസൗഹൃദജീവിതം ശീലിക്കൂ…
ഭൂമിയാണുഞാൻ
അമ്മതന്നാണുഞാൻ
ഇറ്റു നേരിന്റെ
പാതയിൽ പോയിടൂ
സ്വച്ഛമായ്ത്തന്നെയിവിടെ-
ത്തുടർന്നിടാൻ
ഭൗമ്യസൗഹൃദജീവിതം ശീലിക്കൂ…


ഷാഫി റാവുത്തർ

By ivayana