രചന : എം എ ഹസീബ് ✍

ഈ വർഷത്തെ,ഈ ദിനം എനിക്കങ്ങനെ അവഗണിക്കാൻ കഴിയില്ല.2022-മാർച്ച് 20-നാണ് എന്റെ പ്രഥമ കവിതാസമാഹാരമായ “നിലാവാഴകും നട്ടുച്ചകളും”
-പ്രകാശനം ചെയ്യപ്പെട്ടത്. പ്രകാശനത്തിനു ശേഷമാണ് അനുബന്ധമായുള്ള പലതും ചെയ്യേണ്ടതുള്ളതൊന്നും ഞാൻ ചെയ്തിട്ടില്ല എന്നൊക്കെ മനസ്സിലാകുന്നത്.
നോമ്പുമാസമൊക്കെ കഴിയട്ടെ.. പുസ്തകം കൂടുതൽ പേരിലെത്തിക്കുവാനുള്ള സംവിധാനങ്ങളൊക്കെ നോക്കണം.


ഇന്നത്തെ ദിവസപ്രത്യേകത കാരണം,എന്റെ പുസ്തകത്തിന് നൂറുശതമാനം ആത്മാർത്ഥമായതും ഹൃദ്യവുമായ അവതാരിക എഴുതിയ ആത്മസുഹൃത്ത്, ഒന്നാം ക്ലാസ്സുമുതലുള്ള എന്റെ ‘ബെഞ്ച്മേറ്റ്’ ഡോക്ടർ സി.പി.പ്രിൻസിന്റെ അവതാരിക പുസ്തകം കൈപ്പറ്റാത്തവരുടെ വായനക്കായി ഞാനിവിടെ കൊടുക്കുന്നു.
“ഒരു നല്ല പുസ്തകം നൂറുപുസ്തങ്ങൾക്ക് തുല്യമാണ്. എന്നാൽ ഒരു നല്ലസുഹൃത്ത് ഒരു ലൈബ്രറിക്ക് തുല്യമാണ്.”

അവതാരിക
മൂന്നു പതിറ്റാണ്ടുകൾക്കിപ്പുറം ബാല്യകാലസുഹൃത്തുമായി സൗഹൃദം പുതുക്കാനായി ഹസീബിൻ്റെ പുറങ്ങിലുള്ള വീടിനു മുന്നിലെത്തിയപ്പോൾ ആദ്യം കണ്ണിലുടക്കിയത്, മനോഹരമായ സൗധത്തിനു നൽകിയ പേരായിരുന്നു, ”നശ്വരം”!
ഈ നാമകരണത്തിനു പിന്നിലുള്ള വികാരമാണ് ഹസീബിൻ്റെ കവിതകളിലും അന്തർലീനമായിട്ടുള്ളത്. കവിതകളുടെ ഒരു അടിസ്ഥാനതത്വം അതാണ് എന്നു വേണമെങ്കിൽ പറയാം. എല്ലാം നശ്വരമാണന്ന ആത്യന്തികസത്യം ഉൾക്കൊണ്ടുകൊണ്ട് വിവിധവിഷയങ്ങളെ കാവ്യാത്മകമായി വിശകലനം ചെയ്യുന്ന കവിയാണ് ഹസീബ് എന്നാണ് എനിക്കുതോന്നിയിട്ടുള്ളത്.


ഗൃഹാതുരത്വം, പ്രണയം, വിരഹം, പ്രാർത്ഥന, പ്രകൃതി, രാഷ്ടീയം, സമകാലീകം, ഇതിഹാസം തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങൾ പ്രതിപാദിക്കുന്ന കവിതകളുടെ
ഒരു സുന്ദരസമന്വയമാണ് പ്രിയസ്നേഹിതന്‍
ശ്രീ.എം.എ.ഹസീബിൻ്റെ ‘കിനാവഴകും നട്ടുച്ചകളും’
എന്ന കവിതാസമാഹാരം എന്ന് വായനയ്ക്കവസാനം നിസ്സംശയം പറയാം.
സ്കൂൾ കാലഘട്ടംമുതല്‍ പ്രസംഗവേദികളിലെ സ്ഥിരസാന്നിധ്യമായിരുന്ന ഹസീബ്, തൻ്റെ പ്രവാസജീവിതത്തിനുശേഷം കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമാകുകയും പ്രഭാഷണകലയിൽ പ്രാമുഖ്യം തെളിയച്ചതായും അറിയാൻ കഴിഞ്ഞു. നല്ലൊരു പ്രഭാഷകൻ മികച്ചവായനക്കാരൻ കൂടിയാവണമല്ലോ, അതുകൊണ്ടായിരിക്കാം പദസമ്പത്തിൻ്റെയും അറിവുകളുടെയും ഒരുകലവറയായി ഹസീബ് മാറിയത്.


അന്നത്തെ ഞങ്ങളുടെ കൂടിക്കാഴ്ചയ്ക്കുശേഷം പഴയ സഹപാഠികളുടെ ഒരുകൂട്ടായ്മ രൂപപ്പെടുകയും ബന്ധങ്ങൾ കൂടുതൽ ശക്തമാകുകയും ചെയ്തു.
ആ കൂട്ടായ്മയുടെ സൗഹൃദവേദികളിൽ ഹസീബ് വിതറിയ നാലുവരികവിതകളിൽ ഒരുവലിയ കവി ഒളിച്ചിരിക്കുന്നുവെന്ന് ഞങ്ങൾക്കന്നേ ബോധ്യപ്പെടുകയുണ്ടായി. പ്രോൽസാഹനം അതും വേണ്ടപ്പെട്ടവർ നൽകുമ്പോൾ മികച്ച ഫലം ഉണ്ടാകുമല്ലോ?
അങ്ങനെ വർഷങ്ങൾക്കുശേഷം ആകസ്മികമായുണ്ടായ പ്രൈമറിസ്കൂൾ സഹപാഠികളുടെ ഒരുകൂട്ടായ്മ എം.എ. ഹസീബ് എന്ന കവിയുടെ ഉദയത്തിനു നിമിത്തമായി.


അതൊക്കൊക്കൊണ്ടായിരിയ്ക്കാം മലയാളഭാഷാസാഹിത്യത്തിൽ വലിയ പ്രാവീണ്യമൊന്നുമില്ലാത്ത എന്നിൽ, തന്റെ ആദ്യപുസ്തകത്തിന് അവതാരികയെഴുക എന്ന ദൗത്യം നിക്ഷിപ്തമായത്.
എന്നിരുന്നാലും ഹസീബിൻ്റെ കവിതകളുടെ കാമ്പ് കണ്ടറിയാൻ ആർദ്രമായ ഒരു മനസ്സുമാത്രംമതിയെന്ന നിലയിൽ ഏതാനും വരികൾ ഇവിടെ കുറിയ്ക്കുന്നു.
അവതാരിക ഒരു അവലോകനമോ നിരൂപണമോ ആകാതിരിയ്ക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ആസ്വാദനം ഓരോരുത്തർക്കും പലവിധമാകുമല്ലോ?
അതുകൊണ്ട് ആസ്വാദനത്തെ ബാധിക്കാത്ത രീതിയിലുള്ള ഒരു ആമുഖമാണ് ഏതൊരു പുസ്തകത്തിനും അനുയോജ്യമായിരിക്കുകയെന്നു ഞാന്‍ വിശ്വസിക്കുന്നു.
ഞങ്ങൾ സഹപാഠികളുടെ സ്നേഹബന്ധത്തിൻ്റെ സാക്ഷ്യമായ ‘മധുരകാലം’ എന്ന കവിതയിൽ നിന്നുതന്നെ തുടങ്ങാം.


നിഷ്കളങ്കത നിറഞ്ഞ ബാല്യസ്മരണകൾ,
‘വീട്ടിലും നാട്ടിലും
കണ്ടതും കേട്ടതും
കാണാത്ത,കേൾക്കാത്ത
സിനിമക്കഥകളും
ഏച്ചുപടച്ചന്നു തട്ടിവിടുമ്പോൾ
വാ പൊളിച്ചന്നത്തെ കൂട്ടുകാരും’
ഈവരികളിൽ സ്വന്തം ബാല്യകാലത്തെ വിടുവായനായ തങ്ങളിലൊരുത്തനെ, ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ഒരു ‘ചങ്കി’നെ വായനക്കാർക്കും കാണാൻ സാധിക്കും.
ഭൂതകാലത്തിൻ്റെ പത്തരമാറ്റഴകും തിളക്കവും വിശദീകരിക്കുന്ന മറ്റൊരു കവിതയാണ് ‘ഒരുണ്ണിവിചാരം’.
‘പുറമെ പരിപക്വതാ മേലങ്കിയിൽ
പ്രായം വളർത്തിയഗാത്രത്തിൽ
പ്രായം വളർത്താത്തൊരുണ്ണിഞാൻ’


എന്ന് കവി പാടിയവസാനിപ്പിക്കുമ്പോൾ വായനക്കാരനും തന്നിലെ ഉണ്ണിയെ കണ്ടെത്തുകയും ഉണ്ണിയാകാൻ വൃഥാശ്രമിക്കുകയും ചെയ്യും. കൂടെ വല്ലാത്ത നഷ്ടബോധവും തോന്നുക സ്വാഭാവികം. ‘ഓർമ്മയിലെ സ്വച്ഛന്ദസാഗരം’ എന്ന കവിതയും ഈ ഗണത്തിൽപ്പെടുത്താം. ഒരുവട്ടംകൂടിയാ പഴയവിദ്യാലയത്തിൻ തിരുമുറ്റത്തേയ്ക്ക് ആനയിക്കുന്ന ഒരു ഓ.എൻ.വി ടച്ച്. അതോടൊപ്പം ചില ബാല്യകാലപ്രണയനൊമ്പരങ്ങളുടെ കിനിപ്പുകളും ഈ കവിത പകർന്നുതരുന്നു.
‘മ, എന്ന അക്ഷരംകൊണ്ട് മായാജാലം തീർത്ത ‘മാമ്പൂ’ എന്നകവിതയും,’വഴിയോർമ്മ’, ‘വിഷുവോർമ്മ’, ‘ഏറെയോർമ്മകൾ’ എന്നീ കവിതകളും ഗൃഹാതുരത്വത്തിൻ്റെ വിവിധതലങ്ങൾ കാട്ടിത്തരുന്നു.


ഗൃഹാതുരത്വത്തോട് കവിയ്ക്കുള്ള പ്രത്യേക മമതയായി ‘ഗൃഹാതുരം’ എന്ന കവിതയിലെ
‘മധുരാമിന്നലെകൾ ഗൃഹാതുരമോഹങ്ങൾ
കൊടിയേറുമോർമ്മകൾ’ എന്ന വരികൾ മനസിലോടിയെത്തുന്നു.
ഗൃഹാതുരത്വത്തെപ്പോലെ ആരെയും ഭാവഗായകനാക്കാൻ കഴിവുള്ളവയാണല്ലോ പ്രണയം, വിരഹം തുടങ്ങിയ വിഷയങ്ങള്‍.’പ്രണയം’, ‘വിരഹം’, ‘തിരിനാളം’, ‘പ്രണയഗീതം’, ‘സൗരഭസ്മൃതി’, ‘നീഹാരപുഷ്പം’, ‘സൗഹൃദം’ തുടങ്ങിയ കവിതകളിലെ ഇതിവൃത്തങ്ങൾ കവിമനസിലെ വറ്റാത്ത കാല്പനികഭാവങ്ങള്‍ വെളിവാക്കുന്നവയാണ്.
നഷ്ടപ്രണയമോ, വീണ്ടെടുത്തപ്രണയമോ, കൂടെവന്ന പ്രണയമോ, ഏതാണ് തന്നെ കവിയാക്കിയത് എന്ന് കവിതന്നെ മറന്നുപോകുന്ന സന്ദർഭങ്ങൾ ഈ കവിതകളിൽ ഒരു ഓളമായി ഇടയ്ക്കിടെ പ്രത്യക്ഷമാകുന്നതുകാണാം.


ലോകസാഹിത്യത്തിലെവിടെയും ഭാഷയുടെ കാവ്യഭംഗി കാണാൻ സാധിക്കുക പ്രണയഗീതങ്ങളിലായിരിക്കും, മലയാളത്തിൻ്റെ ലളിതകാവ്യഭംഗി ‘രമണ’നിൽ കാണുന്നപോലെ, ഹസീബിൻ്റെ കാവ്യഭംഗിയുടെ പൂർണ്ണത കാണുക ഈ പ്രണയഗീതങ്ങളിലാണ്.
‘തിരിനാളം’ എന്ന കവിതയിലെ പ്രണയതീവ്രത പ്രശസ്തകവി റഫീഖ് അഹമ്മദിൻ്റെ
മരണമെത്തുന്ന നേരത്ത് എന്നുതുടങ്ങുന്ന കവിതയുമായി ചേർത്തുവായിക്കാവുന്നതാണ്. അതുപോലെത്തന്നെ, പ്രണയഗീതത്തിലെ അവസാനവരികളിലും അനശ്വരപ്രണയത്തിൻ്റെ വീണ്ടും തളിർക്കുന്ന മുകുളങ്ങൾകാണാം.


പ്രകൃതി, ചുറ്റുപാടുകൾ, ഗ്രാമം, രാഷ്ട്രീയം, തുടങ്ങിയ വിഷയങ്ങളിലൂന്നി എഴുതിയ കവിതകൾ, വാക്കുകൾകൊണ്ട് മായാജാലം തീർക്കുന്നുണ്ടെങ്കിൽക്കൂടി ആശയപരമായി ഒരു ശരാശരി മലയാളിയുടെ ക്ലീഷേ മാത്രമായിപ്പോയി ഈ കവിതകൾ എന്നതോന്നലൊരുപക്ഷേ എന്റെ വായനാക്ഷമതയുടേതാവാം.
‘മഴുവെടുത്തവർ
മരമറുത്തപ്പോൾ
മുണ്ഡനവനം മഴമറന്നു’
എന്ന, ‘മരമോർമ്മ മഴയറിവ്’ എന്ന കവിതയിലെ വരികളിൽ സുഗതകുമാരിടീച്ചറുടെ മനസ്സ് കാണാൻ സാധിക്കും.


അത്തരം കവിതകളുടെ ഗണത്തിൽ വ്യത്യസ്തമായി തോന്നിയത് ‘പോത്ത്’ എന്ന കവിതയാണ്. പൊന്നാനിയുടെ രുചിക്കൂട്ടിൻ്റെ രാജാവായ പോത്തിറച്ചിയ്ക്കുപിന്നിലെ മനുഷ്യത്വരാഹിത്യത്തെ സ്വയമൊരു സസ്യഭക്ഷണപ്രിയനായ കവി, ആക്ഷേപഹാസ്യരൂപേണ വരച്ചുകാട്ടുന്നു.


തുടക്കത്തിൽ പറഞ്ഞ ‘നശ്വരം’ എന്ന ആശയത്തിൻ്റെ നിഴൽപറ്റി തൻ്റേതായ ഒരു ഫിലോസഫി മെനഞ്ഞെടുക്കാൻ കവി ശ്രമിക്കുന്ന കവിതകളാണ് ‘അടയാളം’, ‘ഭ്രാന്ത്’, ‘മുഖംമൂടിയില്ലാത്ത ജീവൻ’ ‘ബന്ധുരപഞ്ജരങ്ങൾ’ തുടങ്ങിയവ. പുതിയ തലമുറ മൊബൈൽ അടക്കമുള്ള നവസാങ്കേതികസൗകര്യങ്ങളിൽ
മതിമറക്കപ്പെട്ട് അവരറിയാതെതന്നെ മനോഹരമായ കൂടുകളിൽ ചിറകുനഷ്ടപ്പെട്ടു തളർന്നു മയങ്ങുന്നതാണ് ‘ബന്ധുരപഞ്ജര’ങ്ങളിൽ വരച്ചുകാട്ടുന്നത്.
അതിൻ്റെ തുടർച്ചയെന്നോണം, ആ ഫിലോസഫിയും ആശയങ്ങളും ഇതിഹാസകൃതികളായ മഹാഭാരത-രാമായണ കഥാപാത്രങ്ങളിലൂടെയും പ്രതിധ്വനിപ്പിക്കുവാന്‍ കവി ശ്രമിയ്ക്കുന്നുണ്ട്.


‘അടയാളം’ എന്ന കവിതയിൽ പറയുന്ന ‘ഞാൻ ആർക്കുമറിയാത്തടയാളമായ്
പിറവികൊണ്ടേയിരിയ്ക്കും’
എന്നത് വലിയൊരു ചിന്തയാണ്. പക്ഷേ ആ ചിന്തയിൽനിന്ന് വ്യതിചലിക്കുന്ന കവിയെ ‘ഭ്രാന്ത്’ എന്ന കവിതയിൽ കാണാം.
‘മോക്ഷം ദീർഘസുഷുപ്തിയിലൂടെ മാത്രം’ എന്ന് കവി പാടുമ്പോൾ, ആശയങ്ങളിലെ വൈരുധ്യാത്മാകത ഏതൊരു ഭ്രാന്തനും വരുന്ന വെറുംഭ്രാന്തായിമാത്രം കണ്ടാൽ മതിയാകും!
‘ഊർമ്മിള എന്ന അനുജപത്നി’, ‘അരുണചിന്ത’, ‘കുരുക്ഷേത്രയാനം’, ‘കർണ്ണാ മാപ്പ്’ തുടങ്ങി ഇതിഹാസസംബന്ധിയായ കവിതകളെക്കുറിച്ച് എത്രയെഴുതിയാലും മതിയാവില്ല എന്നസ്ഥിതിയ്ക്ക് കൂടുതൽ വിവരണങ്ങൾ അപൂർണ്ണമായിരിയ്ക്കും.
ഇത്തരം കവിതകൾ എഴുതണമെങ്കിൽ പദസമ്പത്തും ഭാവനയുംമാത്രം മതിയാകില്ല. ഇതിഹാസങ്ങളെക്കുറിച്ച് അഗാധമായ അവഗാഹവും അറിവും അതേപ്പറ്റി അപഗ്രഥിച്ച് പഠിച്ചവർക്കും മാത്രമേ ഇത്തരത്തിൽ കവിതയെഴുതാൻ സാധിക്കുകയുള്ളു, പ്രത്യേകിച്ച് കുരുക്ഷേത്രയാനം എന്ന കവിതയുടെ തുടർച്ചയായി രൂപപ്പെട്ട ‘കർണ്ണാ മാപ്പ്’ എന്ന കവിത.


പി.കെ.ബാലകൃഷ്ണൻ എഴുതിയ ‘ഇനി ഞാൻ ഉറങ്ങട്ടെ’ എന്ന നോവൽ വായിച്ചതുമുതൽ മറ്റു പലർക്കുമെന്നപോലെ ആരാധനയോടെ എൻ്റെയും മനസ്സിലേറിയ പ്രതിപുരുഷ കഥാപാത്രമാണ് കർണ്ണൻ.
അതുകൊണ്ടായിരിക്കാം ഒരുപക്ഷേ ‘കർണ്ണാ മാപ്പ്’ എന്ന കവിത ഈ കാവ്യസമാഹാരത്തിലെ ശ്രേഷ്ഠമായ കവിതയായി എനിക്കു തോന്നിയത്. പ്രസ്തുത കവിത, സുഹൃത്തും അദ്ധ്യാപികയുമായ ഡോ.ദീപ.ആർ.വി.എം അർത്ഥഭാവങ്ങളുൾക്കൊണ്ട്,സ്പഷ്ടമനോഹരമായി ചൊല്ലിക്കേൾക്കുകകൂടി ചെയ്തപ്പോൾ എൻ്റെ ധാരണ ശരിവെക്കപ്പെട്ടതായാണ് എനിക്കു തോന്നിയത്.
ഹസീബിൻ്റെ മിക്ക കവിതകളുടെയും ആലാപനം അദ്ദേഹത്തിൻ്റെ സോഷ്യൽമീഡിയ വേദികളിൽ ലഭ്യമാണ്.


വായനയ്ക്കുശേഷം ഈ ആലാപനങ്ങൾ കേൾക്കുന്നത് ഒരു അനുഭവമായിരിയ്ക്കും.
അമ്പത്തിയൊന്നു കവിതകളെയും വിശകലനം ചെയ്തുള്ള ഒരു എഴുത്ത് ദീര്‍ഘവും കഠിനവും മടുപ്പുളവാക്കുന്നതുമായേക്കാം എന്നതിനാൽ ചുരുക്കം ചില കവിതകൾ മാത്രമാണ് ഇവിടെ അപഗ്രഥിക്കപ്പെടുന്നത്.
‘വരുമൊരു പൂക്കാലം’എന്ന സരളകവിതയിലെ വരികളിലേതുപോലെ കുഞ്ഞു കവിതകൾ മഴവില്ലുപോലെ, മഴനൂലുപോലെ കവിയുടെ ഭാവനകളിൽ ഇനിയും തോർന്നിറങ്ങട്ടെ എന്ന് പ്രത്യാശിക്കുന്നു.


എന്തുകൊണ്ട് ‘കിനാവഴകും നട്ടുച്ചകളും’ എന്ന് സംശയിച്ചിരുന്നു. അതിനുള്ള ഉത്തരം വായനക്കാർക്ക് സ്വയം കണ്ടെത്താനാകുമെന്ന് കരുതട്ടെ!
വലിയ സാഹിത്യപാരമ്പര്യമുള്ള മണ്ണാണ് പൊന്നാനിയുടേത്.
ഇടശ്ശേരി, ഉറൂബ്, എം.ഗോവിന്ദൻ തുടങ്ങിയ മഹാരഥൻമാരുടെ ചരിത്രമുറങ്ങുന്ന മണ്ണ്. പൊന്നാനിയിലെ സാഹിത്യ പാനൂസയിൽ തെളിയുന്ന ദീപനാളങ്ങൾ കാവ്യനാളങ്ങളായി കെടാതെ സൂക്ഷിക്കാൻ പുതിയ തലമുറയിലും ഹസീബിനെ പോലെയുള്ളവർ ഉണ്ടെന്നുള്ളത് അഭിമാനാർഹം!
വ്യത്യസ്തവിഷയങ്ങൾ ഉൾക്കൊള്ളുന്ന ഈ കാവ്യസമാഹാരം വായനക്കാരോരോരുത്തര്‍ക്കും ആസ്വാദ്യകരമാകുമെന്നതിൽ സംശയമേതുമില്ല.
ഈ കാവ്യപുഷ്പങ്ങളുടെ, ആരാമമുകുളങ്ങളുടെ ഭംഗിയും സുഗന്ധവും കാവ്യകൈരളിക്ക് മുതൽക്കൂട്ടായി മാറുമെന്ന് ഉറച്ച് വിശ്വസിക്കുന്നു.
ഈ സമാഹാരം സഹൃദയങ്ങൾക്കുമുന്നിൽ അവതരിപ്പിക്കാൻ എന്നെയേല്പിച്ച സുഹൃത്തിന് നന്ദി പറഞ്ഞുകൊണ്ടും, ആദ്ദേഹത്തിന് ആശംസകൾ നേർന്നുകൊണ്ടും നിർത്തുന്നു.
ഡോക്ടർ, പ്രിൻസ് .സി.പി
പോണ്ടിച്ചേരി.

By ivayana