രചന : ശ്രീകുമാർ എം പി✍
ഓലമേഞ്ഞ വീടുകളും
ഓർമ്മയാകുന്നു
ഓടിവന്ന പ്ലാസ്റ്റിക്കിന്നു
നാടുവാഴുന്നു
കാറ്റു തന്ന വിശറി പോയ്
എസി യും വന്നു
കാറ്റിനോടു പോലുമിപ്പോൾ
പുച്ഛമാകുന്നൊ
ചൂടു കൂടി ചൂള പോലെ
വെന്തുരുകുമ്പോൾ
ചോടു തെറ്റി താളം തെറ്റി
കാലാവസ്ഥകൾ
ദഹിയ്ക്കാത്ത വസ്തുവൊന്നു
വയറ്റിലായാൽ
പിന്നെയുള്ള പുകിലുകൾ
ചൊല്ലിടേണമൊ
വായുവിനും ഭൂമിയ്ക്കുമായ്
ദഹിയ്ക്കാത്തവ
വാരിവാരി ചൊരിയുന്നു
ആധുനികൻമാർ
ഒഴുകിവന്നരുവികൾ
ശുഷ്ക്കമാകുന്നൊ
കൂടെ നിന്ന ജീവിവർഗ്ഗം
മെല്ലെയകന്നൊ
പാടിവന്ന പൈങ്കിളികൾ
ചിലതു പോയൊ
പാറിനിന്ന തുമ്പികളും
കുറഞ്ഞു പോയൊ
പണ്ടുകണ്ട മാമരങ്ങൾ
പലതുമെങ്ങൊ
പാഴ്മരങ്ങളെന്നു ചൊല്ലും
പലതുമില്ല
മഞ്ഞണിഞ്ഞ പുൽക്കൊടികൾ
മാഞ്ഞു ചിലവ
കുഞ്ഞുകുഞ്ഞു ജീവിവർഗ്ഗം
മൺമറയുന്നൊ
കണ്ണിൽ നിന്നകലുന്നതു
വെളിച്ചമാണൊ
കാണാക്കയത്തിലിരുളിൻ
ചുരുൾ വിടർന്നൊ
ഉലകിനെയൊരർബ്ബുദം
കാർന്നിടുന്നുവൊ
ഉയിരിന്റെ ശോഭകളെ
ശുഷ്ക്കമാക്കുന്നൊ
മനുഷ്യന്റെ കാൽച്ചോട്ടിലെ
മണ്ണടരുന്നൊ
മാധവം പോയ് വരുന്നതു
മാരണമാണൊ
പുണ്യമോടെ ഭൂമിയെന്നും
നിന്നിടുവാനായ്
കരുതലായ് ദുരകളെ
ദൂരെ നിർത്തുക