രചന : രഘുനാഥൻ കണ്ടോത്ത്✍

ധാർമ്മികത ജീവശ്വാസമാക്കിയ മഹാരഥർ
കർമ്മനിരതരായിരുന്ന സിംഹാസനങ്ങളിൽ
ദുർമ്മാർഗ്ഗികളിരുന്നട്ടഹസിച്ചധികാരത്തിൻ
മർമ്മങ്ങൾ കവർന്നന്നുണ്ടായ് ദുരന്തങ്ങളും

സ്ഥാപിതസ്വാർത്ഥതാല്പര്യങ്ങൾതൻ
ചീഞ്ഞളിഞ്ഞ വികൃതമുഖങ്ങളിൽ
സ്തുതിപാടി മിനുക്കിക്കെട്ടിയാടുന്നു
സർവ്വത്ര കളിയാട്ടത്തെയ്യക്കോലങ്ങൾ!

സാക്ഷരതതീണ്ടാതെയുണ്ട് സമൂഹങ്ങൾ
ലക്ഷങ്ങളായ്പ്പെരുകിയ വോട്ടുബാങ്കുകൾ
ലക്ഷ്യബോധരഹിതജനക്കൂട്ടം മാത്രമവർ
രക്ഷകരായ്ക്കണ്ടെത്തും സജാതീയരെ!

കുബേരൻ നരാധമനെന്നുകരുതിയോർ
കുചേലനേകിപോൽ കിരീടധാരണം
അധമരിലധമനായധ:പതിച്ചുപോലവനും
അധികാരം കാർക്കോടകനാക്കിയവനേയും

കൊള്ളയടിക്കണമേവർക്കുമീനാടിനെ
കൊള്ളിവെച്ചും,കൊന്നും കവരണം ധനം
കൊന്ന് ധനസമാഹരണമെന്ന ജാടയിൽ
കവരണം ചുളുവിൽ സിംഹഭാഗവും!

“സർക്കാർശമ്പളക്കാരനെ മാത്രമേ വേണ്ടൂ
വരനായ്‐”ശഠിപ്പൂ തരുണിമാർ
അനുദിനമദ്ധ്വാനം വിപണനം ചെയ്വോർ
തനൂജാവിഹീനർ,വംശനാശഭീഷണിയിൽ

പ്രണയമിന്നില്ല പ്രാരാബ്ധരഹിതനാവണം വരൻ
വേണം വേരറുത്ത്പണംവിളയും മരമായ്
ജീവിക്കിലും,മരിക്കിലും കിട്ടും പണം
വിധവയ്ക്ക് ജോലിയെന്നതും ഗുണം

ഗാന്ധിമഹാത്മാവിൻ ചൈതന്യമേറ്റ
സാത്വികനേതൃനിരയെന്നോ നാടുനീങ്ങി
സ്വാതന്ത്ര്യാനന്തരഭാഗ്യാന്വേഷികളെങ്ങും
സപ്തസൈന്ധവംതുണ്ടിച്ച് വില്ക്കയല്ലോ വണിക്കുകൾ!

നിരക്ഷരരക്ഷരവൈരികളയോഗ്യർ
നിരന്നു നാടമുറിച്ചുനീങ്ങുംകാഴ്ചയസഹ്യം
നിർല്ലജ്ജമോച്ഛാനിപ്പൂകലക്ടർമാരൈജിമാർ
നിന്ദ്യവ്യന്ദം വന്ദ്യരായ് നിരക്കവേ

നിരങ്കുശം ജനസേവകവേഷമണിയും
നിക്യഷ്ടരാൽ നിബിഡമിന്നാർഷഭാരതം!
വിശ്വസിച്ചു മുടിചൂടിച്ച മഹാജനങ്ങളെ
വഞ്ചിച്ചുമുച്ചൂടുംമുടിച്ച് വാഴ്വൂ കശ്മലർ!

സത്യംചെയ്ത് കള്ളസാക്ഷിപറയുന്നവർ
സമ്മാനക്കിഴിവാങ്ങി നീതിവില്ക്കുന്നവർ
ബംബർകൊള്ളയ്ക്കായ് വികസനംപാടുവോർ
ഭരണത്തണലിലെ വിക്രിയകൾ ഭയാനകം!

രഘുനാഥൻ കണ്ടോത്ത്

By ivayana