രചന : ഡാർവിൻ പിറവം✍

(വായിച്ചാലും വായിച്ചില്ലെങ്കിലും വളരും! വ്യത്യാസം ഇത് വായിക്കുമ്പോൾ വ്യക്തമാകും അത്രമാത്രം)
പ്രപഞ്ചം എത്രയോ വലുത്.! എന്തെല്ലാം പ്രതിഭാസങ്ങൾ, എത്രയെത്ര നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ, അത് ചേരുന്ന ഗ്യാലക്സികൾ! അതിൽ നമ്മുടെ കടുകുമണിയോളം പോന്ന ഭൂമിയും നമ്മളും.! ഒരു സൗരയൂഥത്തിലെ ചെറിയൊരു ഗ്രഹത്തിൻ്റെ ഉപഗ്രഹമായ ചന്ദ്രനിൽപ്പോലും മനുഷ്യൻ എത്തിയെന്ന് പറഞ്ഞത് ഒരു പക്ഷെ കപടതയാകാം, അപ്പോൾ ഈ സൗരയൂഥത്തിനപ്പുറം എങ്ങിനെയെത്തും? മനുഷ്യർക്ക് ചിന്തിക്കാൻ പോലും സാധ്യമല്ല.!


. പഠനം ഒരു ബിഗ് ബാങ്ങിൽ മനുഷ്യനെ എത്തിക്കുമ്പോൾ ഒരു ബിഗ് ബാങ്ങ് മാത്രമാണോ സത്യം അനേകമോ എന്നത് മനുഷ്യനെ പിന്നെയും ചിന്തയിലേക്ക് നയിക്കുന്നു. ദൈവവും, പിശാചും സത്യമാണോയെന്ന് ചിന്തിക്കുമ്പോൾ തന്നെ ഏലിയാൻസെന്നതും സത്യമാണോയെന്ന് മനസിലാക്കാനാകുന്നില്ല. ഏലിയാൻസാണോ ദൈവങ്ങൾ, ഭൂമിയിലേക്കിറങ്ങിവന്ന് മനുഷ്യനെ സൃഷ്ടിച്ച ദൈവമെന്നതും ഇപ്പോളത്തെ മണ്ടത്തരവും നാളത്തെ സത്യവുമാകും!


ഇനിയും എത്രയേറെ മനുഷ്യൻ മുന്നേറുവാനുണ്ട്. ഈ പ്രപഞ്ചത്തെക്കുറിച്ച് അറിയുവാൻ മനുഷ്യനാകുന്നില്ല അപ്പോൾ ഈ പ്രപഞ്ചം ഒന്നോ, അതോ അനേകം പ്രപഞ്ചങ്ങൾ ചേർന്നതോ ഈ പ്രപഞ്ചമെന്നതും ചിന്തകൾക്കപ്പുറം! എങ്കിൽ നമ്മൾ ഇന്ന് വിളിക്കുന്ന പ്രപഞ്ചത്തെ പ്രപഞ്ചമെന്ന പേരിനപ്പുറം നാളെകളിൽ മറ്റൊരു പേര് വിളിക്കണ്ടി വരില്ലെ? പണ്ടൊരു ഗ്യാലക്സിയെന്ന് ചിന്തിച്ചതിൽ നിന്നും പിന്നീട് ആയിരക്കണക്കിന് ഗ്യാലക്സികളടങ്ങുന്നതാണ് പ്രപഞ്ചമെന്ന് മനസിലാക്കിയ പോലെ, ഇനി ആയിരക്കണക്കിന് പ്രപഞ്ചങ്ങൾ ചേർന്നതാണോ ഇന്ന് നമ്മൾ ഒരു പ്രപഞ്ചമെന്ന് വിളിക്കുന്ന ഈ പ്രപഞ്ചമെന്ന് ആര് കണ്ടു.?


പ്രപഞ്ചങ്ങളിലെ ഒരു കടുകുമണിക്കും താഴെ സ്റ്റേജ് വൺ സിവിലൈസേഷനിൽ ചിന്തിക്കാൻ പോലും പറ്റാത്ത മനുഷ്യരാണോ ബുദ്ധിശക്തിയിൽ ഏറ്റവും മുന്നിൽ, അതോ മറ്റേതെങ്കിലും ഗ്രഹങ്ങളിലോ, ഉപഗ്രഹങ്ങളിലോ നാമറിയാതെ വസിക്കുന്ന ഏലിയൻസോ, അവർ നമ്മളെക്കാൾ വലിയ ഡൈമൻഷനിൽ ചിന്തിക്കുന്ന കർദഷേവ് സ്റ്റേജ് സ്കെയിലിലെ മൂന്നാം തരം സിവിലൈസേഷനോ അതിലപ്പുറമോ ആയിരിക്കുമോ?


ഇത്രയേറെ ചിന്തകൾക്കപ്പുറം, ഉത്തരം കണ്ടെത്താനാവാത്ത പ്രതിഭാസങ്ങൾക്കിടയിൽ, ഒരു ഈയാംപാറ്റയുടെ സ്ഥാനത്ത് നിൽക്കുന്ന നമ്മൾ ചിന്തിക്കണ്ടയൊന്ന് നമ്മൾ ഒന്നുമല്ലെന്നതല്ലെ? നമ്മളെയെല്ലാം സൃഷ്ടിച്ചത് ഒരു ദൈവമാണോ, അതോ മറ്റേതെങ്കിലും സിവിലൈസേഷനാണോ എന്നൊന്നുമറിയാത്തപ്പോളും നമ്മളെ സൃഷ്ടിച്ചെന്ന് നാം വിശ്വസിക്കുന്ന നമ്മുടെ ദൈവത്തിന് വേണ്ടി നാം സൃഷ്ടിച്ച മതത്തിനും, രാഷ്ട്രീയത്തിനും മറ്റു പലതിനും വേണ്ടി നാം സ്വയം വെട്ടിവീഴ്ത്തുന്നു.!

മനുഷ്യർ വളരും തോറും ബുദ്ധിയിൽ വികാസം പ്രാപിക്കുമ്പോൾ പോലും പരിഷ്കൃത തലമുറയെന്ന് നമുക്ക് നമ്മെ വിളിക്കുവാൻ സാധിക്കണമെങ്കിൽ ആദ്യം വളർന്ന് വന്ന മൃഗീയ ചിന്തകളിൽ നിന്നും മാറ്റമുണ്ടാകണം.
എന്നാൽ ഇന്ന് മാതാപിതാക്കൾ മക്കളെ വളർത്തുന്നത് മൃഗീയ സംസ്കാരങ്ങളിലാണ്, പരസ്പരം വെട്ടുവാനും കുത്തുവാനുമാണ്. നമുക്ക് പോലുമറിയാത്ത നാം വിശ്വസിക്കുന്ന ദൈവമാണോ മറ്റുള്ളവർ വിശ്വസിക്കുന്ന ദൈവമാണോ സത്യം, അനുനാഗികൾ എന്ന് വിളിക്കുന്ന ഏലിയൻസാണോ നമ്മളെ മൃഗങ്ങളുടെ ബുദ്ധിയിൽ നിന്നും മാറ്റം വരുത്തി ഹോമോ ഇറക്ടസിൽ നിന്നും ഹോമോസാപ്പിയൻസ് ആക്കിയത്? അവരാണോ മനുഷ്യരെയെല്ലാം ഒരു ജനിതക ഘടനയിലേക്ക് മാറ്റിയത് അതോ നമ്മൾ മനുഷ്യർ വിശ്വസിക്കുന്ന എല്ലാ ദൈവങ്ങളും ചേർന്നാണോ മനുഷ്യനും മനുഷ്യരിൽ ഒരു രക്തവും നൽകിയത്?

എന്തായാലും മനുഷ്യരുടെ വെറും 4000 മോ 5000 മോ വർഷം പഴക്കമുള്ള ഗ്രന്ഥങ്ങളിലെ വിശ്വാസങ്ങളിലെല്ലാം എടുത്തു പറയുന്ന ഒരു സത്യം മാത്രം നമുക്ക് വിശ്വസിക്കാം, ആ വിശ്വാസങ്ങളിലെല്ലാം ഉയർന്നു നിൽക്കുന്നത് സ്നേഹമെന്ന പ്രതിഭാസമാണ്. അത് മാത്രമാണ് എല്ലാ വിശ്വാസങ്ങളിലും ഒരുപോലെ എഴുതി വച്ചിരിക്കുന്ന സത്യവും. അതുപോലെ ശാസ്ത്ര ബുദ്ധികളിലൂടെ മനുഷ്യർ ഉയർന്ന ചിന്താഗതിയിലേക്ക് കടന്നു വരുമ്പോളും ഒരു സത്യം മാത്രം ഉയർന്ന് നിൽക്കുന്നു, ബുദ്ധിയിൽ വികാസം പ്രാപിക്കുമ്പോൾ പരസ്പര ഐക്യവും സ്നേഹവുമാണ് ഉയർന്ന ബുദ്ധിശക്തിക്കുള്ള പ്രവണത.

എങ്കിൽ ഇന്ന് മതത്തിൻ്റെയും, രാഷ്ട്രീയത്തിൻ്റെയും, അസൂയയുടെയും, അഹങ്കാരത്തിൻ്റെയും പേരിൽ പരസ്പരം വെട്ടിവീഴ്ത്തുന്നവർ ദൈവത്തിൻ്റെ ഏറ്റവും വലിയ ചിന്തയിൽ ഉയർന്നു നിൽക്കുന്ന സ്നേഹിക്കാനറിയാൻ പാടില്ലാത്തവരാണെങ്കിൽ അവർ മൃഗമാണോ ദൈവം സൃഷ്ടിച്ച മനുഷ്യനാണോ? ബുദ്ധിശക്തിയിൽ, ശാസ്ത്രത്തിൽ ഉയർന്ന് വരുന്ന മനുഷ്യർ സ്നേഹത്തിലാണ് ഉയർന്ന് വരുന്നതെങ്കിൽ പരസ്പരം വെട്ടിവീഴ്ത്തുന്നവർ മനുഷ്യരോ മൃഗങ്ങളോ?
. എങ്കിൽ ഒരുകാര്യം മനസിലാക്കണ്ടിയിരിക്കുന്നു. മാതാപിതാക്കളും, രക്തബന്ധങ്ങളുമാണ് ശാസ്ത്ര ചിന്തയിലും, ദൈവീക ചിന്തയിലുമാണോ എൻ്റെ മക്കൾ മുന്നോട്ട് പോകുന്നതെന്ന്, അവർ ഉയർന്ന ചിന്താഗതിയായ മറ്റുള്ളവരെ സ്നേഹിക്കുകയെന്ന അടിസ്ഥാനത്തിലാണോ മുന്നോട്ട് പോകുന്നതെന്ന് ചിന്തിക്കണ്ടത്.

അതല്ല മറ്റു ചിന്തകളിലാണ് മുന്നേറുന്നതെങ്കിൽ അതിൽ നിന്ന് പിന്തിരിപ്പിക്കണ്ടതും മാതാപിതാക്കളാണ്. സമയമില്ലെന്ന പേരിൽ അത് തട്ടിമാറ്റാൻ ശ്രമിക്കുമ്പോളാണ് അവർ സ്നേഹമെന്നത് മറക്കുന്നതും ബുദ്ധിയില്ലാത്ത മൃഗങ്ങളായി പരിണമിക്കുന്നതും. അവരാണ് നാളെ മറ്റുള്ള മനുഷ്യരെ വെട്ടിവീഴ്ത്താൻ ശ്രമിക്കുന്നതും അവരെ നാളെ മറ്റുള്ള മൃഗീയർ വെട്ടിവീഴ്ത്തുന്നതും.!
. അതിനാൽ ജനിപ്പിക്കുന്ന ഓരോ മാതാപിതാക്കളുടെയും കടമയാണ് മക്കൾ മൃഗീയരായാണോ വളരുന്നതെന്നും, ദൈവം പഠിപ്പിച്ച, ശാസ്ത്രം പറയുന്ന സ്നേഹത്തിലാണോ വളരുന്നതെന്നും മനസിലാക്കുകയെന്നത്.

അവർ ജനിച്ചപ്പോൾ മനുഷ്യനായും വളർന്നത് മൃഗീയരായുമാണെങ്കിൽ അതിന് കാരണം മാതാപിതാക്കൾ മാത്രമാണ്. അതിനാൽ മക്കൾ മൃഗീയരായി മാറുന്നത് അത് ഏത് മതത്തിനും രാഷ്ട്രീയത്തിനും പ്രത്യയശാസ്ത്രങ്ങൾക്ക് വേണ്ടിയാണെങ്കിലും ആദ്യ പാപം ചെയ്യുന്നത് മാതാപിതാക്കളാണ്. നന്മയിലും സ്നേഹത്തിലും വളർത്താത്ത മാതാപിതാക്കളാണ് മക്കളെ ദൈവസ്നേഹത്തിൽ വളർത്താതെ മൃഗീയരായ് മൃഗമായ് വളർത്തി വിടുന്നത്. വീട്ടിലെ പട്ടി യജമാനനെ സ്നേഹിക്കുന്ന പോലെ അവൻ നാളെ വിവരമില്ലാത്തവർ സ്നേഹമില്ലാത്തവർ പറയുന്ന വാക്ക് കേട്ട് സ്വയം ചിന്തിക്കാതെ മറ്റുള്ളവരെ വെട്ടിവീഴ്ത്തി സ്വയം മരണം ഏറ്റെടുക്കുകയും, ജയിലറകളിൽ മൃഗത്തിന് തുല്യം കൂട്ടിലടയ്ക്കപ്പെടുകയും ചെയ്യും.

ചിന്തിക്കുക മനുഷ്യരെ ശാസ്ത്രത്തിലും, ദൈവ വിശ്വാസത്തിലും നമ്മൾ വളരുന്നത് ഏറെ സ്നേഹിക്കുവാൻ മാത്രമാണ്. അല്ലാതെ മറ്റുള്ളവർ പറഞ്ഞു നൽകുന്ന മൃഗീയതയിൽ നിന്ന് മൃഗീയതയിലേക്ക് മാറ്റപ്പെടുവാനല്ല…!

ഡാർവിൻ പിറവം

By ivayana