രചന : ജയലക്ഷ്മികവുക്കോടത്ത്✍
ആരും വരാത്തയെൻ മൂകയാമങ്ങളിൽ
ഒറ്റയ്ക്കുവന്ന നിലാകിളിയേ
പഴം പാട്ടു മൂളുമീ മൺവീണാതന്ത്രിയിൽ
ഇടറിയ ശ്രുതി നീയും കേട്ടതില്ലേ
കരിനിഴലുകൾ ചുട്ടിയിട്ടാടും കരളിൻകളിയരങ്ങിൽ
ഒരു കളിവിളക്കെന്തേ തെളിഞ്ഞതില്ലാ
ആർദ്രമേതോ പദം ഒഴുകിയ വേളയിൽ
ആടാൻ കൊതിച്ചൊരു നായികയായ്
രാവിനെ ധ്യാനിച്ചു നിൽക്കും നിശാഗന്ധി
പ്പൂവിലെ കനവെല്ലാം വിടർന്നുവല്ലോ
പാതിയും പിന്നിട്ട പാതിരാതീരത്തെ
പ്രണയിച്ച രാക്കിളീ വീണുറങ്ങീ