രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍

ഞാനെന്ന ഭാവത്തെയുള്ളിലുറപ്പിച്ചു-
ഗാനങ്ങളോരോന്നു പാടീടാം
ഗാനങ്ങളോരോന്നുംപാടീ,നിരന്തരം
‘ഞാനെന്നഡംഭ’മകറ്റീടാം
ഞാനെന്ന ഡംഭമകറ്റിയനന്തമാം
ഞാനെന്ന ദൈവത്തെവാഴ്ത്തീടാം
ഞാനെന്ന ദൈവത്തെ വാഴ്ത്തി,സ്വയംനമു-
ക്കാനന്ദചിത്തരായ് മാറീടാം
ഞാനില്ലയെങ്കിലാ’ദൈവ’മില്ലെന്നുള്ളൊ –
രാ,നാൻമറപ്പൊരുളോർക്കാതെ,
താനിരുൾ മൂടിത്തപിക്കുന്നതെന്തിനേ,
താനേ മനസ്സിനെപ്പുണ്ണാക്കി!
ഞാനാരെന്നുളെളാരാ,ജ്ഞാനമുദിക്കുകിൽ,
ഞാനുമാ,ദൈവവുമൊന്നായി!
ഞാനുമാ,ദൈവവുമൊന്നായാൽ പിന്നെ;
ഞാനെന്ന വാക്കിനെന്തുളെളാരർഥം!
ധ്യാനത്തിലാണ്ടിരുന്നൊന്നുനാം ചിന്തിപ്പു,
ഞാനെന്നബോധം പിഴയ്ക്കാതെ
ഞാനെന്നബോധത്തിൽ നിന്നിതല്ലോവിശ്വ-
മാനങ്ങളുള്ളിലായുദ്ഗമിപ്പൂ!
ഞാനെന്നബോധവും നഷ്ടമായീടിലോ,
‘ഞാനില്ല’,ഞാനില്ലേതൊന്നുമില്ലേ….!

സുദർശൻ കാർത്തികപ്പറമ്പിൽ

By ivayana