രചന : പള്ളിയിൽ മണികണ്ഠൻ✍

മധുരസംഗീതമണിനാദമിടറുന്നു
മരണഗേഹംപോലകം പിടയ്ക്കുന്നു
ഇടയ്ക്ക് സാന്ത്വനസ്പന്ദമായ് മോഹങ്ങൾ
ഇടയ്ക്കകൊട്ടാറുണ്ടതും നിലയ്ക്കുന്നു.

‘പകുതിചന്ദ്രികേ’ നിൻ ശുഷ്കവെട്ടമീ
വ്രണിതവീഥിയിൽ വീണതെന്തിനോ
ശ്രുതിയകന്നൊരീ പഴയതന്ത്രിയിൽ
വിരലമർത്തി നീ പരിഹസിയ്ക്കയോ.?

മമഹൃദയഗഗനമാ മിഴിക്കിന്നദൃശ്യമോ
പഥികനായ് നിൽക്കുന്ന ഞാൻ നിനക്കന്യനോ
പൊൻകൂന്തലൊന്നഴിച്ചാട്ടുവാനിന്നെന്റെ
ചന്ദ്രികേ പിന്നിത്ര താമസമെന്തിനോ.?

ശിഥിലമയമാണ്‌ മമ ഹൃദയാംബരമെങ്കിൽ
തവരൂപമെന്നിൽ നിറഞ്ഞുനിന്നീടുമോ
ശിഥിലമെന്നകമെന്ന് നീ ധരിച്ചീടുകിൽ
പൂർണ്ണേന്ദുസുന്ദരീ ഞാനെന്തുചെയ്യുവാൻ.

മോഹങ്ങൾ കൈവെടിഞ്ഞന്യനായ് ചെങ്കടൽ
തീരത്ത് ഞാനിന്നൊരസ്ഥിയായ് മാറിയാൽ
മേഘമേലാപ്പിൽനിന്നുനീ മുക്തയായ്
പൂർണ്ണേന്ദുവാകുകിൽ വഴിയൊതുങ്ങുന്നു ഞാൻ.

ജ്വലിച്ചുമാനത്ത് നിനക്കു നിൽക്കുവാൻ
വിഘ്നമിന്നെന്റെ ജന്മമാണെങ്കിൽ നീ
തെളിഞ്ഞുനിൽക്കുക പുളകവർണ്ണമേ
അളന്നൊരാറടി മണ്ണിൽഞാൻ പൂണ്ടിടാം.

പള്ളിയിൽ മണികണ്ഠൻ

By ivayana