രചന : അസ്‌ക്കർ അരീച്ചോല. ✍

ഏതൊരാത്മാന്വേഷിയും തന്റെ ആത്മീയാനുഭവങ്ങളും,ആനന്ദബോധ്യങ്ങളും മറകളില്ലാതെ സാധാരണക്കാർക്ക് മനസ്സിലാവുന്ന ഭാഷ്യത്തിൽ തുറന്നെഴുതുമ്പോൾ അതിനെ അതിശയോക്തികളെന്നും അപക്വ മനസ്സിന്റെ ഭ്രമകല്പ്പനകളെന്നും പരിഹസിക്കുകയും,വിമർശിക്കുകയും, വെറും ജല്പനങ്ങൾ മാത്രമെന്ന് വിലയിരുത്തുകയും ചെയ്യുന്നത് പലപ്പോഴും ഈയുള്ളവന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്..
ജിജ്ഞാസാ കുതുകിയും,സന്ദേഹിയുമായ ഒരാത്മന്വേഷിക്ക് പക്ഷേ ഇതിലൊന്നും ഒരു പുതുമയോ,അത്ഭുതമോ, അവജ്ഞയോ തോന്നുകയില്ല.. താൻ സദാ തന്നിൽ അനുഭവിച്ചറിയുന്ന ആ പാരമാർത്ഥിക സത്യം കാരണം.. “!!


ആത്മാന്വേഷണങ്ങളുടെ നിരന്തര സഞ്ചാര സപര്യകളിലൂടെ താൻ ആർജ്ജിച്ചെടുത്ത ബോധ്യങ്ങളിൽ തനിക്കെങ്ങിനെ ആശ്ചര്യം കൂറാനും, അത്ഭുതപ്പെടാനുമാവും..?!!
മസ്തിഷ്ക ബുദ്ധിയുടെയും അതുപദേശിക്കുന്ന കേവല യുക്തി ബോധത്തിന്റെയും അടിസ്ഥാനത്തിൽ ഉപജീവനാർത്ഥം പാഥാർത്ഥലോകത്ത് തികച്ചും ഭൗതികമായ ജീവസന്ധരണം നടത്തുന്ന സാമാന്യ തലത്തിലെ ആളുകൾ ആത്മന്വേഷികളുടെ ഇത്തരം വെളിപ്പെടുത്തലുകളെ ഇകഴ്ത്തിയും, പുച്ഛിച്ചും പരിഹസിക്കപ്പെടാതിരിക്കാനോ, തെറ്റിദ്ധരിക്കപ്പെടാതിരിക്കാനോ ആണ് മിക്കവാറും ആത്മാന്വേഷകർ അവരുടെ ഭാഷയെ വിശിഷ്ടമായ ആത്മ സംജ്ഞകളിലേക്ക് പരിമിതപ്പെടുത്തുന്നത്.. “!!


ഒറ്റനോട്ടത്തിൽ ഇതൊരു പരിമിതപ്പെടുത്തലാണെന്ന് തോന്നിയേക്കാമെങ്കിലും ഏതൊരു ആത്മാനേഷിയെയും സംബന്ധിച്ച് ഈ സംജ്ഞകൾ അവർക്ക് ലളിതമായി അവരുടെ അകമേ വെളിപ്പെട്ടുവരുന്ന അവനവനിൽ അന്തർലീനമായ ജ്ഞാനത്തിന്റെ അനുഭവ തലങ്ങൾ തന്നെയാണ്..””!
ഏതൊരാത്മാന്വേഷിയും നിരന്തരം സംവദിക്കുന്നതും, കലഹിക്കുന്നതും,തന്നിലുണരുന്ന ആത്മാനുഭങ്ങൾ പങ്കുവെക്കപ്പെടുന്നതും അവനവനോടും, തനിക്ക് ചുറ്റുമുള്ള സന്ദേഹികളായ മറ്റ് ആത്മാന്വേഷികളോടും മാത്രമാണ്..”!!


തന്നിൽ തന്നെയുള്ള ആ പരബ്രഹ്മ ചേതനയെ അകമേ ഉണർത്താനുള്ള ചോദന ഏതൊരുവനിലുണ്ടോ/ഏതൊരുവളിലുണ്ടോ അവർ ഈ വഴിയേ കടന്നുപോയ ആത്മവിദ്യ കരസ്ഥമാക്കിയവരുടെ ആത്മഭാഷയെ അതിജയിച്ചു സായത്തമാക്കുക തന്നെ ചെയ്യും..”!!സംശയമില്ല..”!!
മനുഷ്യനിൽ ഉണരുന്ന ആനന്ദത്തെയും, ആനന്ദാനുഭങ്ങളെയും രണ്ടായി തരം തിരിക്കാം.. “!”
ഒന്ന് തികച്ചും ശാരീരികവും, മാനസികാവുമായ തലങ്ങളിൽ അനുഭവേദ്യമാവുന്ന ലൗകികവും, നശ്വരവുമായ കേവല ഭൗതികാനന്ദങ്ങളും അവ നൽകുന്ന താൽക്കാലിക ആനന്ദബോധ്യങ്ങളും.. “!!


ശരീരവും, മനസ്സും, അനുഭവിക്കുന്ന ലൗകിക വിഷയാസക്തികളുടെ പ്രേരണയാൽ ഉടലെടുക്കുന്ന ആനന്ദങ്ങളുടെ പ്രഭവം പുറമേ പദാർത്ഥപരതയിൽ നിന്ന് ഉടലെടുക്കുന്നവയാണെങ്കിലും അകമേയുള്ള ആത്മാനന്ദപൂർവ്വമായ സ്വീകാര്യതകൾ കൊണ്ടാണ് ഏതൊരാളിലും അത് അനിർവ്വചനീയമായ ലൗകികാനന്ദം പ്രധാനം ചെയ്ത് അനുഭവേദ്യമാവുന്നത്.
രണ്ടാമത്തേത് സന്ദേഹികളായ ആത്മാന്വേഷികളുടെ അകമേ ഹൃദയബോധ്യം സിദ്ധിക്കുന്ന അനശ്വരമായ ആത്മാനന്ദനിർവൃതികളും അവയുടെ ആത്മ ബോധ്യതലങ്ങളും..”!!


(ഒരു മിന്നായം പോലെ തന്നിൽ സംജാതമാവുന്ന ആത്മാനന്ദ ലബ്ധികളെ അവയുടെ പരിപൂർണ്ണാർത്ഥത്തിൽ മറ്റൊരാളോടോ, തനിക്ക് ചുറ്റുമുള്ള സാധാരണക്കാരായ സാമാന്യ ജനസമൂഹത്തോടോ സാധാരണ ഭാഷാ ശൈലിയിൽ വിവരിക്കുക എന്നത് തികച്ചും അസാധ്യവും,വ്യർത്ഥവുമാണ്.”!!തെറ്റിദ്ധരിക്കാൻ ഒരുപാട് സാധ്യതകൾ ഉള്ളതുമാണ്..”!!
പഞ്ചേന്ദ്രിയങ്ങൾക്കതീതമായ ആത്മേന്ദ്രിയങ്ങൾ പ്രസരിപ്പിക്കുന്ന യഥാർത്ഥ ആത്മാനന്ദങ്ങളെന്നാൽ തന്നെ താൻ തന്നെ സസൂക്ഷ്മം നിരീക്ഷിച്ചറിയുന്നതിലൂടെ അവനവനിൽ അവനവനെ കണ്ടെത്തി (ബ്രഹ്മവും, പരബ്രഹ്മാവും തന്നിൽ തന്നെയെന്ന അനുഭവിച്ചറിയൽ) അതിലൂടെ സിദ്ധമാകുന്ന അനിർവ്വചനീയവും,സദാ നിർഗ്ഗളസ്വഭാവമുള്ളതുമായ ദിവ്യവും, പവിത്രവുമായ അനുഭൂതിയാണത്.

അസ്‌ക്കർ അരീച്ചോല.

By ivayana