രചന : സുഭാഷ്.എം.കുഞ്ഞുകുഞ്ഞ് ✍

വൈകുന്നേരങ്ങളിൽ
ഞാനെന്നെ അലക്കിപ്പിഴിഞ്ഞു
അഴയിൽ തൂക്കും
നിറച്ചുണ്ടവന്റെ
ഏമ്പക്കത്തിൽ
തൂങ്ങിയാടി ഉറങ്ങിയുണങ്ങും
പകലന്തിയോളം
ഉഴറിനടന്നതിന്റെ
അഴുക്കും വടുക്കളും
മാറ്റി പിഴിച്ചിൽപ്പാടിന്റെ
വേദനച്ചുളിവുകളിൽ
എന്നെ തിരുകി വയ്ക്കും
വിടവുകളിലിഴഞ്ഞെത്തുന്ന
അവസാന വെളിച്ചക്കീറും
ചീന്തിയെറിഞ്ഞു ചിന്തകളുടെ
പഴുപ്പുകളെ ഇരുട്ടിന്റെ
കൂനയിൽ ഒളിപ്പിക്കും
ഭ്രമകൽപ്പനകളുടെ
മേൽപ്പാലത്തിന്റെ
കൈവരികളിൽ
കുന്തിച്ചിരുന്നു
വിശന്നു കരിഞ്ഞു കരിഞ്ഞ്
ഞാനെന്നെ ഭക്ഷിക്കും
വിശപ്പ് മരിച്ചുന്മാദങ്ങൾ
ഉയിർക്കുമ്പോൾ
ഇടം കാൽ മന്തിനെ
വലം കാലിൽ കൊരുക്കും
പിന്നേ വലം കാൽമന്തിനെ
ഇടങ്കാലിൽ കുരുക്കും
പിന്നെ ഈറൻ വാർന്ന
എന്നെ ഞാനുടുക്കും..
ഒരു ഭ്രാന്ത് ചിക്കിച്ചികഞ്ഞു
വളഞ്ഞു പുളഞ്ഞു
സത്യത്തിലേക്കുള്ള
മലകയറുമ്പോൾ
അടുത്ത പകൽ
എന്നിൽ നിന്നും ഇറങ്ങി നടക്കും
ഞാനെന്റെ കാലു തിരയുമ്പോൾ
പകൽ എന്നേക്കാൾ
മുൻപേ നീട്ടി വലിച്ചു നടക്കും
അടുത്ത വൈകുന്നേരത്തിലേക്ക്..

സുഭാഷ്.എം.കുഞ്ഞുകുഞ്ഞ്

By ivayana