രചന : ജയരാജ്‌ പുതുമഠം ✍

ഫെബ്രുവരി 26 ന് മുൻപുള്ള ഒരാഴ്ചക്കാലം ഞാൻ വല്ലാത്ത വിമ്മിഷ്ഠത്തിലായിരുന്നു. കാരണം 26 നാണ് പവിത്രന്റെ പതിനാറാം ചരമവാർഷികം. അന്ന് നടത്താൻ നിശ്ചയിച്ചിരുന്ന online അനുസ്മരണ കൂട്ടായ്മയിലേക്ക് പവിത്രന്റെ ഹൃദയചാരെ ജീവിച്ചിരുന്ന മറ്റുപലരെയും പോലെ ജോൺപോൾ അങ്കിളിനെയും(അങ്കിൾ എന്ന് ചേർത്താണ് ഇദ്ദേഹം വിളിക്കപ്പെട്ടിരുന്നിരുന്നത് ) ക്ഷണിക്കേണ്ടതുണ്ടായിരുന്നു.
എറണാകുളത്ത്‌ സംവിധായകൻ മോഹനേട്ടനെ
(‘വിടപറയും മുമ്പേ’)വിളിച്ച് ജോണിന്റെ നമ്പർ സംഘടിപ്പിച്ച് പലവട്ടം വിളി ആവർത്തിച്ചു.


മോഹനേട്ടൻ പറഞ്ഞു “അവൻ കട്ടിലിൽനിന്ന് വീണ് പരിക്കുകളോടെ ആശുപത്രിയിലാ”ണെന്ന്. “രണ്ടുദിവസം കഴിഞ്ഞാൽ തിരിച്ചെത്തും” എന്നും.
വിളികളുടെ ആവർത്തന ദിനങ്ങൾ ഉണ്ടായെങ്കിലും ജോൺപോൾ തിരിച്ചെത്തിയില്ല.
പണ്ടെങ്ങോ ഒരു ദിവസമാണ് ഷൊർണൂർ ടിബി യിൽവെച്ച് ശോഭനാ പരമേശ്വരൻ നായരോടൊപ്പം ജോൺപോളിനെ കാണുന്നത്. അന്ന് ഞാനും പവിയും ലെനിൻ രാജേന്ദ്രന്റെ ‘കുലം’ ലൊക്കേഷനിൽ നിന്നാണ് അവിടെ എത്തിയത്.അതിനുമുൻപ്തന്നെ അദ്ദേഹം തിരക്കഥയെഴുതിയ നിരവധി ചിത്രങ്ങൾ കണ്ടിരുന്നതുകൊണ്ട് ആരാധനയോടെയും ബഹുമാനത്തോടെയുമാണ് ഞാൻ പെരുമാറിയത്. ഭീമമായ അദ്ദേഹത്തിന്റെ ഉദരഭാരംകണ്ട് വിഷമം തോന്നിയെങ്കിലും ശിരസ്സിനുള്ളിലെ സർഗ്ഗരശ്മികളുടെ പ്രഭാവത്തിൽ ഞാൻ ശിരസ്സ് നമിച്ചു.


പിന്നീട് മൂന്നോ നാലോ തവണമാത്രമേ ഒത്തുകൂടൽ ഉണ്ടായിട്ടുള്ളുവെങ്കിലും അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളിലൂടെ അനവധി തവണ കയറിയിറങ്ങാനുള്ള അവസരങ്ങൾ എനിക്കുണ്ടായിട്ടുണ്ട്.
പവിത്രന്റെ കുടുംബവുമായി ആഴത്തിലുള്ള സാഹോദര്യമുണ്ടായിരുന്ന ജോൺ, കലാമണ്ഡലം ക്ഷേമാവതി ടീച്ചറുടെ നാമത്തിന് ചെറിയൊരു ഭേദഗതി തീർത്ത്, കലാമണ്ഡലം “ക്ഷമാവതി” എന്നാക്കി മാറ്റിയതിലും സ്നേഹത്തിന്റെയും നർമ്മത്തിന്റെയും സാഹചര്യത്തിന്റെയും സർഗ്ഗ ചാമരം വീശുന്നുണ്ട്.


ജനപ്രിയ സിനിമകൾ അച്ചടക്കത്തോടെ പണിതെടുത്ത അപൂർവം തിരക്കഥാകൃത്തുക്കളിൽ ഒരാളായിരുന്നു ജോൺപോൾ. സഹചാരികളോട് എക്കാലത്തും സൗഹൃദഭാവത്തിൽ മാത്രം വിനിമയം നടത്തിയിരുന്ന അപൂർവം വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു.
ശത്രുക്കളെ സംഭരിക്കുന്ന കാര്യത്തിൽ ഇദ്ദേഹം വൻ പരാജിതനായിരുന്നു എന്നുകൂടി പറഞ്ഞുകൊള്ളട്ടെ.

ജയരാജ്‌ പുതുമഠം

By ivayana