രചന : ബാബുഡാനിയല്‍✍
അഭിമാനിയായൊരെന്‍ കൂട്ടുകാരന്‍
അരോഗദൃഡഗാത്രനാം ശാന്തശീലന്‍
അദ്ധ്വാനത്തിന്‍ മഹത്വമറിഞ്ഞവന്‍
കുടുംബത്തിനെന്നും വിളക്കായവന്‍.
സഹചരെ സോദരരെന്നു നിനച്ച-
വരുടെ സങ്കടമേറ്റെടുത്തോന്‍.
പ്രായത്തിനെക്കാള്‍ പക്വതപാലിച്ച
പഞ്ചാബിന്‍റെ ധീരപുത്രന്‍.
പ്രതീക്ഷതന്‍ മുട്ടയടവെച്ചതിന്മേല്‍
സ്വപ്നത്തിന്‍ ചിറകാല്‍ ചൂടേകിയോന്‍
‘പ്രവാസ’ പ്രയാസത്താലുരുകി നീ
വിരഹതാപത്താല്‍ പിടഞ്ഞതോര്‍ക്കുന്നു ഞാന്‍.
കാലങ്ങളോളം കാത്തിരുന്നൊടുവില്‍
കാമിനിതന്‍ ചാരത്തണഞ്ഞെങ്കിലും
ഒരുതോക്കിന്‍ തിരയാല്‍ തലതകര്‍ത്ത്
‘സ്വ’ജീവന്‍ വെടിഞ്ഞതന്നെന്തിനാണ്!?
നീ നെയ്തസ്വപ്നത്തിന്‍ വേരറുത്തവ-
നേതോ പിശാചിന്നും ചിരിക്കയാവാം.
കാഞ്ചിയില്‍ വിരലമരുന്ന മാത്രനീ
വഞ്ചനതന്‍ മുഖം മാത്രം നിനച്ചുവോ..??