ഫ്രാൻസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ  ഇമ്മാനുവൽ മാക്രോണിന് വീണ്ടും വിജയം. ഇന്നലെ നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ  എതിരാളിയായ തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥി മറൈൻ ലെ പെന്നിനെ മാക്രോണ്‍ 58 % വോട്ടുകൾ നേടി പരാജയപ്പെടുത്തുകയായിരുന്നു. 

വിജയത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഫ്രാൻസിൽ ഒരു പുതുയുഗമുണ്ടാകുമെന്ന്  മാക്രോൺ പറഞ്ഞു.  രാജ്യം വളരെ അധികം സംശയത്തിലും വിഭജനത്തിലും മുങ്ങിക്കിടക്കുകയാണെന്നും. തീവ്ര വലതുപക്ഷത്തിന് വോട്ടു ചെയ്യാൻ നിരവധി ഫ്രഞ്ച് ആളുകളെ നയിച്ച കോപത്തിനും വിയോജിപ്പുകൾക്കും ഉത്തരം കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും. അത് തന്റെ ഉത്തരവാദിത്വമാണെന്നും എല്ലാവരും ദയയുള്ളവരായി ഇരിക്കണമെന്നും മാക്രോൺ അഭിസംബോധനയിലൂടെ അറിയിച്ചിട്ടുണ്ട്. കടുത്ത പോരാട്ടം അതിജീവിച്ച് ഇമ്മാനുവൽ വീണ്ടും അധികാരം നേടിയെങ്കിലും അദ്ദേഹത്തിന് മുന്നിലുള്ളത് വലിയ വെല്ലുവിളികളാണെന്ന കാര്യത്തിൽ ആർ ക്കും സംശയമില്ല.

‘ഓഡ് ടു ജോയ്’ എന്ന യൂറോപ്യൻ ഗാനം ആലപിച്ചതിന് പിന്നാലെ അദ്ദേഹം ഈഫൽ ടവറിന് സമീപം തന്റെ പിന്തുണക്കാരെ അഭിവാദ്യം ചെയ്തു. മെയ് 13ന് മാക്രോൺ വീണ്ടും പ്രസിഡന്റായി അധികാരമേൽക്കും. 20 വർഷത്തിനിടെ രണ്ടാംവട്ടവും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ പ്രസിഡന്റ് എന്ന നേട്ടവും മക്രോണിന് സ്വന്തം. 2002 ൽ ജാക് ഷിറാക്കിനു ശേഷം ഭരണത്തുടർച്ച നേടുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്റാണ് മാക്രോൺ.

ഇന്ത്യൻ സമയം രാവിലെ 11.30 ന് ആരംഭിച്ച വോട്ടെടുപ്പ് രാത്രി ഏതാണ്ട് 11.30 ഓടെയാണ് അവസാനിച്ചതെന്നാണ് റിപ്പോർട്ട്. ഏപ്രിൽ 10ന് നടന്ന ഒന്നാം റൗണ്ടിൽ ഇമ്മാനുവൽ മാക്രോൺ ഒന്നാമതും എതിർ സ്ഥാനാർത്ഥി മറൈൻ ലെ പെൻ രണ്ടാമതും എത്തിയിരുന്നു. 12 സ്ഥാനാർത്ഥികൾ മത്സരിച്ച ആദ്യ റൗണ്ടിൽ മാക്രോൺ 27.8 ശതമാനം വോട്ടുകൾ നേടിയപ്പോൾ പെന്നിന് ലഭിച്ചത് 23.1 ശതമാനം വോട്ടുകളായിരുന്നു.

By ivayana