രചന : എൻ.കെ.അജിത്ത് ആനാരി✍

അവളുവന്നു പുല്ലരിഞ്ഞു
പുല്ലുതിന്നു കാളവീർത്തു
കണവനെത്തി ഹലമെടുത്തു
ഉഴതുപാടമുശിരിലായി

നിലമടിച്ചു വൃത്തിയാക്കി
കളകുഴച്ചു മണ്ണിലാഴ്ത്തി
അവർ വിതച്ച വിത്തുകൾക്ക്
ഹരിതകാല രചനയായി

നെല്ലതേത് കവടയേത്
വരിയതേതതവളറിഞ്ഞു
അവളു ഞാറ്റുപാട്ടുപാടി
കളപറിച്ചു നെല്ലു കൊയ്തു!

ഓലകീറിയവൾമെടഞ്ഞു
പുല്ലുകൊണ്ടു വട്ടി നെയ്തു
പുട്ടലിട്ടു ഞാറുനട്ടു
മുട്ടിലട്ട ചോര മോന്തി!

ചെത്തി, നെല്ല് കെട്ടുചാക്കു-
കൊണ്ടെടുത്തു കറ്റയൊക്കെ
കറ്റമേൽച്ചവിട്ടി നെല്ല്
തമ്പുരാന് പൊലികളാക്കി

എട്ടിനൊന്നളന്നുവട്ടി
മൊത്തമായ് നിറച്ചുവന്നു
വിട്ടു ദീർഘശ്വാസമൊന്ന്,
തുഷ്ടിയായി ഹൃത്തകത്ത്!

തമ്പുരാൻ്റെ കെട്ടകണ്ണ്
നോക്കിയാട്ടി, പതമെടുത്തു
കൊയ്ത്തരിവാൾവായ്ത്തലപ്പ്
കൈയിലേന്തി വീട്ടിലെത്തി

ചട്ടിയൊന്നടുപ്പിൽ വച്ച്
മൂന്നുനാഴി നെല്ലെടുത്തു
വൃത്തിയായ് വറുത്തുകുത്തി
കഞ്ഞിവച്ചു മക്കളുണ്ടു!

കന്നിയായ കന്യകയ്ക്ക്
മംഗലത്തിനായി കാലം
നെല്ലുചാഞ്ഞ പുഞ്ചകണ്ടു
നെഞ്ചകം തുടിച്ചവൾക്ക്

കെട്ടിയോല,ചെറ്റകുത്തി,
ചാണകം തറയ്ക്കു തേച്ച്
പുത്തനാക്കി തൻതറയ്ക്ക്
കെട്ടുമംഗളാഭനല്കി!

ഒറ്റമുണ്ടുടുത്തു മാറിൽ
കെട്ടുബോഡിമായ്ച്ചുവച്ചു
വെറ്റപാക്കെടുത്തു മാരൻ
കെട്ടുവീണുറക്കമായി

കെട്ടുവിട്ടു കെട്ടുവീണു
ചിക്കുപായിലൊത്തുറങ്ങി
കെട്ടിയോൻ്റെ നെഞ്ചകത്ത്
നെഞ്ചുരഞ്ഞു തഞ്ചമായി

വിത്തെടുത്തു കുത്തിടാതെ –
യഷ്ടിയെയൊതുക്കി നിന്നു
പുസ്തകം പഠിച്ചു മെല്ലെ
മക്കളൊക്കെ വിദ്യനേടി

കൊച്ചു മക്കൾ പിച്ചവച്ചു
മുറ്റിമോദം മുറ്റമാകെ
ചട്ടൊഴിഞ്ഞു ചെറ്റമാറി –
യിഷ്ടികപ്പുരയതായി!

കൊയ്ത്തുപാട്ടൊഴിഞ്ഞകന്നു
ചിക്കുപായ്കൾ പോയ് മറഞ്ഞു
ഞാറ്റുപാട്ടു കേട്ട കാറ്റ്
നാടുവിട്ടു പോയകന്നു!

പെറ്റൊഴിഞ്ഞവയറിനിറ്റു
കഞ്ഞിമാത്രമേകിയോള്
കൺനിറച്ചുകണ്ടിടുന്നു
കാലമേറ്റി വന്നമാറ്റം!

മാർമറച്ചു കല്ലുമാല
ചിന്തിയങ്ങെറിഞ്ഞുവന്ന
പഞ്ചമിക്കിടാത്തിയിന്നു
പുഞ്ചിരിച്ചുവാണിടുന്നു!

വിപ്ളവക്കൊടികളേന്തി –
യിങ്ക്വിലാബ് ചൊന്നനാവ്
വീണ്ടെടുത്ത നാട്ടുപാട്ട്
നീട്ടിയൊന്നു പാടിടുന്നു…

പട്ടിണിക്കു മുന്നിലായി
കല്ലുപോലെ നിന്നവൾക്ക്
വെറ്റതിന്നു പാടുവീണ
ചുണ്ടിലെത്തി സ്മേരമൊന്ന്!

By ivayana