ട്വിറ്റർ സ്വന്തമാക്കിയതിന് പിന്നാലെ ഉടമസ്ഥൻ എലോൺ മസ്ക് ട്വിറ്ററിൽ ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവന്നേക്കുമെന്ന് റിപ്പോർട്ട്. കരാർ അവസാനിക്കാൻ കുറച്ച് സമയമെടുക്കുമെങ്കിലും ട്വിറ്ററിൽ കൊണ്ടുവരാനുള്ള മാറ്റങ്ങളെക്കുറിച്ച് മസ്ക് തന്നെ ചില സൂചനകൾ തന്നിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യമുള്ള പ്ലാറ്റഫോം ആയി മാറണമെങ്കില്‍ ട്വിറ്റര്‍ സ്വകാര്യ ഉടമസ്ഥതയിലുള്ളതാവണം എന്നാണ് മസ്‌കിന്റെ നിലപാട്. നിലവിൽ ട്വിറ്ററിനുള്ള പല നിയന്ത്രണങ്ങളും നീക്കുന്നതിന് ഉൾപ്പെടെയുള്ള നടപടി മസ്ക് സ്വീകരിക്കുമെന്നാണ് കരുതുന്നത്. സെൻസർഷിപ്പോ തടയലോ ഇല്ലാതെ എല്ലാവർക്കും സംവാദിക്കാനും കാര്യങ്ങൾ പറയാനും കഴിയുന്ന ഒരു പ്ലാറ്റ്ഫോമായി ട്വിറ്ററിനെ മാറ്റാനാണ് മസ്ക് ആഗ്രഹിക്കുന്നത്. “പുതിയ ഫീച്ചറുകൾ ഉപയോഗിച്ച് ഉൽപ്പന്നം മെച്ചപ്പെടുത്തി, അൽഗോരിതങ്ങൾ ഓപ്പൺ സോഴ്‌സ് ആക്കി വിശ്വാസം വർദ്ധിപ്പിക്കുക, സ്പാം ബോട്ടുകളെ പരാജയപ്പെടുത്തുക, എല്ലാ മനുഷ്യരെയും ആധികാരികമാക്കുക എന്നിവയിലൂടെ ട്വിറ്ററിനെ എന്നത്തേക്കാളും മികച്ചതാക്കാനും ഞാൻ ആഗ്രഹിക്കുന്നു. കമ്പനിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഞാൻ കാത്തിരിക്കുകയാണ് ” മസ്ക് പറഞ്ഞു.

ട്വിറ്ററിൽ സംസാര സ്വാതന്ത്ര്യം കൊണ്ടുവരിക എന്നതാണ് മസ്‌കിന്റെ ആത്യന്തിക ലക്ഷ്യം. സെൻസർഷിപ്പോ ബ്ലോക്കോ ഇല്ലാതെ എല്ലാവർക്കും ട്വിറ്ററിൽ പറയാനുള്ളത് പറയാൻ കഴിയണമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. മറ്റൊന്നാണ് ബോട്ടുകളെ പരാജയപ്പെടുത്തുക എന്നത്. നിലവിൽ ട്വിറ്ററിന് കോടിക്കണക്കിന് ബോട്ട് അക്കൗണ്ടുകളാണ് ഉള്ളത്. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഈ ബോട്ടുകളെ തിരിച്ചറിയുകയും യഥാർത്ഥ ബോട്ടുകളെയും ബോട്ടുകളെപ്പോലെ പ്രവർത്തിക്കുന്ന ട്വിറ്റർ ഉപയോക്താക്കളെയും വേർതിരിച്ചെടുക്കുക എന്നതാണ് മസ്കിന്റെ മറ്റൊരു ലക്ഷ്യം. പക്ഷെ ഇത് വളരെയോറെ ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ്. അതേ സമയം ട്വിറ്റർ ഉപയോഗിക്കുന്ന എല്ലാവരുടെയും അക്കൗണ്ടുകൾക്ക് ബ്ലു ടിക്ക് നൽകാനും മസ്ക് പദ്ധതിയിടുന്നുണ്ട്.മസ്ക് ലക്ഷ്യമിടുന്ന മറ്റൊന്നാണ് ഓപ്പൺ സോഴ്‌സ് അൽഗോരിതങ്ങൾ. ട്വിറ്ററിലെ ഉപയോക്താക്കൾ നിർമ്മിക്കുന്ന ഉള്ളടക്കം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിൽ സുതാര്യതകൊണ്ടുവരാനാണ് ഈ നീക്കം.

By ivayana