രചന : ജോസഫ് ✍

മഴ എന്നും. ഇഷ്ടമായിരുന്നു !!നനുനനെ പെയ്യുന്ന,
ചാറ്റൽ മഴയിൽ തുടങ്ങി, ആർത്തലച്ചു പെയ്യുന്നപേമാരിയെ വരെ.. എന്നും ഇഷ്ടമായിരുന്നു.
മഴയുടെ സംഗീതം കേട്ടു, ഇടവപ്പാതിയുടെ രാത്രികളിൽ
എത്രയോ കിനാക്കൾ കണ്ടിരിക്കുന്നു. പുതുമഴയിൽ നനയുവാൻ എന്നും ഇഷ്ടമായിരുന്നു.
തുലാവര്ഷവും, ഇടവപ്പാതിയും, വരുവാൻ, കാത്തിരുന്ന ബാല്യം !!പുഞ്ചപ്പാടത്തു ചിറകെട്ടി,
കൂട്ടുകാരൊത്തു ചെറുമീൻ പിടിക്കാനും, മഴവെള്ളത്തിൽ കളിക്കാനും, ഇഷ്ടം !!
മഴ എന്നും കാതിൽ മന്ത്രിച്ചിരുന്നു “നിന്നെ എനിക്കെന്തിഷ്ടമാണെന്നോ “”മഴയും, ഞാനും
നല്ല കൂട്ടുകാരായി !!എന്നും മഴയുണ്ടായിരുന്നെങ്കിൽ
എന്ന് മോഹിച്ചിരുന്നു ബാല്യം !!

   വീടിനു പുറകിൽ വളർന്നു പന്തലിച്ചു നിൽക്കുന്ന ഒരു മുത്തശ്ശൻ മാവ്. നിറയെ മധുരമുള്ള മാങ്ങയുണ്ടായിരുന്ന നാട്ടുമാവ്. ആ മുത്തശ്ശൻ മാവിന്റെ ചുവട്ടിൽ കൂട്ടുകാരൊത്തു നിൽക്കുമ്പോൾ. 

ഒരു പരിധിവരെ മഴ നനയില്ല.

മഴപോലെ ഒത്തിരി ഇഷ്ടമായിരുന്നു മുത്തശ്ശൻ മാവിനോടും.മധുരമാന്പഴം തിന്നാനും, ഊഞ്ഞാൽ കെട്ടിയാടാനും, മണ്ണപ്പം ചുട്ടുകളിക്കാനും. മുത്തശ്ശൻ മാവാണ് ബാല്യത്തിൽ ആശ്രയം.
മാവിന്റെ ചുവട്ടിൽ നിന്ന് മഴയെ കാണാൻ നല്ല രസമായിരുന്നു. നൂലുപോലെ തോരാതെ പെയ്യുന്ന മഴയെ !!
ഒരു ദിവസം
പ്രഭാതത്തിൽ ഉണർന്നു നോക്കുമ്പോൾ മുത്തശ്ശൻ മാവ് നെടുകെ പിളർന്നു കരിഞ്ഞു നിൽക്കുന്നു !!!
തെല്ലു പേടിയോടെ മുത്തശ്ശൻ മാവിനെ നോക്കിനിൽക്കുമ്പോൾ അമ്മ പറഞ്ഞു “”ഇന്നലത്തെ മഴയിൽ ഉണ്ടായ ഇടിമിന്നലേറ്റതാ “”

 അന്നാദ്യമായി ഞാൻ മഴയെ വെറുത്തു. 

പാവം മുത്തശ്ശൻ മാവ് !!!!!!

ജോസഫ്

By ivayana