രചന : ദുർഗ്ഗാ പ്രസാദ് ബുദ്ധ ✍

ഇരുട്ടിൽ ഇലവിൻ ചോട്ടിൽ
കയർപൊട്ടിച്ചു വന്നതാം
പയ്യിനെപ്പോൽ നാലു കാലിൽ
വാവച്ചണ്ണൻ്റെ പീടിക

ചുണ്ണാമ്പുവിരലാൽത്തൊട്ട
പുള്ളികൾ മെയ്യിലൊക്കെയും
മുക്രയിട്ടു കുതിക്കാനായ്
-കരിങ്കല്ലിൻ കുളമ്പുകൾ

മെലിഞ്ഞ കൈകളാൽ വാവ –
ച്ചണ്ണനൊന്നു തലോടിയാൽ
ചുരന്നൂ ചായ, പൈക്കുട്ടി
പോലെ നക്കുന്നു മഞ്ഞല

പറ്റുകാർ പമ്മി നീങ്ങുമ്പോൾ
കുത്താനായ്ച്ചുരമാന്തിയും
കാക്കത്തമ്പ്രാട്ടിമാർക്കേറി
ഇരിക്കാൻ പുറമേകിയും

വെണ്ണിലാക്കഞ്ഞിവെള്ളത്തിൻ
ചരുവത്തെ കമിഴ്ത്തിയും
വഴിവക്കത്തു നിൽക്കുന്നു.
മാടം മാടെന്ന മാതിരി.

കാണാക്കയറിനാൽ കാലം
കഴുത്തിലിട്ട കെട്ടുമായ്
വാവച്ചനെ വലിക്കുമ്പോൾ
കൂടെ നീങ്ങുന്നു പീടിക .

(വാക്കനൽ)

ദുർഗ്ഗാ പ്രസാദ് ബുദ്ധ

By ivayana