ചന്ദ്രൻ തലപ്പിള്ളി✍
ശ്രീ ചന്ദ്രൻ തലപ്പിള്ളി നടത്തിവരുന്ന ഗുരുദേവഗീത എന്ന കാവ്യത്തിൻ്റെ
അവലോകനം
പലവിധകാരണങ്ങളാൽ മുടങ്ങിപ്പോയ കാവ്യ
വിചാരം പുന:രാരംഭിക്കുന്നു.
ശ്രീ ഷാജി നായരമ്പലം രചിച്ച ‘ഗുരുദേവഗീത ‘
കാവ്യ സമാഹാരത്തിലെ ‘ചട്ടമ്പിസ്വാമികളും നാണനും ‘എന്ന കവിത –
ശ്രീനാരായണഗുരുവിനോട് അമിതമായസ്നേഹവാത്സ ല്യ ങ്ങളുണ്ടായിരുന്നുവെങ്കിലും ഗുരുവിന്റെ
ബിംബ പ്രതിഷ്ഠസംബന്ധിച്ച് ശക്തമായവിയോജിപ്പ്
ചട്ടമ്പിസ്വാമികൾക്കുണ്ടായിരുന്നു. കവിയുടെ ഭാഷയിൽ ചട്ടമ്പിസ്വാമികൾ ചോദിക്കുന്നു–
“ബിംബപ്രതിഷ്ഠകൾ തീർക്കുന്നു, മൂർത്തമാം
ബിംബങ്ങളിൽ നിന്റെ, യീശൻ ശയിച്ചുവോ?”
ക്ഷേത്രപ്രതിഷ്ഠയെക്കുറിച്ച് ചട്ടമ്പി സ്വാമികൾക്കുള്ള അഭിപ്രായം “ക്ഷേത്രപ്രതിഷ്ഠകേവലം ഭജനമഠം കെട്ടിയുണ്ടാക്കുന്ന മാതിരിയുള്ളതല്ല. അതു പ്രതിഷ്ഠയാണ്.
കേരളത്തിൽ ഇന്നു നിലനിൽക്കുന്ന കേളികേട്ട ക്ഷേത്രങ്ങൾ അപ്രകാരം ആത്മപ്രതിഷ്ഠ നിർവഹിക്കുവാൻ ശക്തരായ യോഗീശ്വരന്മാരാൽ
സ്ഥാപിതമായതാണ്. ഇടക്കാലത്തു നശിച്ചുകാടു കയറിയ ചില ക്ഷേത്രങ്ങൾ അവയെ പ്രതിഷ്ഠിച്ചവരുടെ ആത്‍മ ശക്തിയുടെ അപകൃഷ്ടാവസ്ഥയെ ദ്യോതിപ്പിക്കുന്നതാണ്.”
ചട്ടമ്പിസ്വാമികളുടെ ഈ അഭിപ്രായം പലവിധ വാദ പ്രതി വാദങ്ങൾക്കും ഇടവരുത്തി. പക്ഷെ, ഗുരുവാകട്ടെ ഇതൊന്നും കേട്ടതായി ഭാവിച്ചില്ല. അദ്ദേഹം ചട്ടമ്പി സ്വാമികളുടെ വിമർശനത്തിനു മറുപടി നൽകുന്നു,
അങ്ങയുടെ ആക്ഷേപങ്ങൾ ഞാൻ ശരിവയ്ക്കുന്നു, പക്ഷെ ഈ ലോകയഥാർഥ്യം കാണാതിരിക്കാൻ എനിക്കു കഴിയില്ല….
“കൂരിരുൾ ചുറ്റും ‘,
തുടച്ചു നീക്കാനിറ്റു –
നേരം വെളിച്ചം
പരത്തട്ടെയമ്പലം “
തുടർന്നുള്ളവരികളിൽ
ഗുരുദേവദർശനം ആറ്റിക്കുറുക്കി അവതരിപ്പിക്കുന്നു, കവി ഷാജി.
“ബിംബങ്ങൾ, ബിംബപ്രതിഷ്ഠകൾ
ഞാൻ വച്ച
കണ്ണാടികൾ, പ്രഭാമണ്ഡലങ്ങൾ, ജനം
വന്നോട്ടെ, യേറുന്നിരുൾ
തെളിക്കാൻ പോരു –
മെന്നാകിൽ വിദ്യാലയം
തന്നെ ക്ഷേത്രവും.”
കേരളത്തിലെ ഒരു വലിയവിഭാഗം ജനങ്ങൾക്കു വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അക്കാലത്ത്, കുടിപ്പള്ളി ക്കൂടങ്ങളിൽ വർണ്ണ വിവേചനം നില നിന്നിരുന്ന അക്കാലത്ത്,
ക്ഷേത്രങ്ങൾ അവർണ്ണർക്ക് ഒത്തുകൂടുവാനും ആ ഒത്തുകൂടലിലൂടെ ഒരു സംഘടിതശക്തിയെ വാർത്തെടുക്കുവാൻ കഴിയുമെന്നും ഗുരുവിനു ഉറച്ച വിശ്വാസം ഉണ്ടായിരുന്നു. ഒപ്പം വിദ്യാലയവും. ഇന്ന് നോക്കുമ്പോൾ നമുക്കുകാണാം ഗുരു സ്ഥാപിച്ച ഭൂരി പക്ഷം ക്ഷേത്രങ്ങളോടാനുബന്ധിച്ചു വിദ്യാലയങ്ങളും പ്രവൃത്തിക്കുന്നു.
തുടർന്ന് കവി എഴുതുന്നു ഗുരുവിന്റെ ഭാഷയിൽ …
“ആദിമദ്ധ്യാന്തങ്ങളില്ലാതവർണ്യമാം
നാഥന്റെ, യിച്ഛയാലാവാം ചതുർവർണ്യ-
മോതും വിലക്ഷണം വേരുകൾ തോണ്ടുവാ –
നേതോ വിരൽതൊട്ടുണർത്തുന്നിതെന്നെയും”
വളരെ സമർത്ഥമായി ഗുരുവിന്റെ ചിന്തകൾ കവി അവതരിപ്പിച്ചിരിക്കുന്നു. 123infinity, അവർണ്യമാംനാഥൻ
ഈ പ്രയോഗത്തിലൂടെ ദൈവത്തെ ഒരു മതവിഭാഗ ത്തിലും ഉൾപ്പെടുത്താതെ, താൻ ഒരു നിമിത്തം, നിയോഗം, മാത്രമാണെന്ന ഗുരുചിന്തയുടെ തെളിച്ചം, വെളിച്ചമായി വായനക്കാരിൽ നിറയുന്നു. തുടർന്നുള്ളനാലുവരികൾ തങ്കലിപികളാൽ എഴുതപ്പെട്ടവയാണ്. ഗുരു പറയുന്നു കവിയിലൂടെ,
“കാരുണ്യമാണെന്റെ
ദർശനം, ചിന്തയിൽ
ചേരുന്നവണ്ണം വിതച്ചു –
പോവുന്നു ഞാൻ.”
ബി. സി. ആറാം നൂറ്റാണ്ടിൽ കൊട്ടാരം വിട്ട് കുടിലു കളിലേക്കിറങ്ങിയ ഒരു മഹാനായ മനുഷ്യസ്നേഹിയെ ഓർമ്മയിൽ വരുന്നില്ലേ?
“നേരിന്റെ കറ്റകൾ
കത്തിച്ചുയർത്തിയി
ച്ചേറിന്നളത്തിന്നിരുട്ട-
കറ്റട്ടെ ഞാൻ “
കേവലം സന്യാസിവേഷംധരിച്ചു നിഷ്‌ക്രിയനായി രിക്കുകയല്ല തന്റെ ലക്ഷ്യം, സക്രിയനായി, കർമ്മയോഗി യായി, അഴുക്കിൽ മുങ്ങിക്കിടക്കുന്ന കേരളസമൂഹത്തെ വെടിപ്പും മെനയുമുള്ളതാക്കി തീർക്കുക, അതാണ് തന്റെ ലക്ഷ്യമെന്നു ഗുരു പ്രഖ്യാപിക്കുന്നു, കവി ഷാജിയിലൂടെ.