രചന : ജലജ സുനീഷ് ✍

ഭ്രാന്തന്റെ ചങ്ങലക്കിലുക്കങ്ങളും –
ഋതുക്കളും
ആവർത്തനം കൊണ്ടെന്നെ
വീർപ്പുമുട്ടിക്കാറേയില്ല.
നോക്കി നോക്കിയിരിക്കുമ്പോൾ
ഉറഞ്ഞുകൂടുന്ന മഴമേഘത്തെപ്പോലെ
എപ്പോൾ പെയ്യുമെന്നറിയാത്ത
ചിലത്
പിന്നെയുമവശേഷിപ്പിച്ചിരിക്കും.
നിഗൂഢമായ രഹസ്യങ്ങളിലേക്ക്
മനസിറക്കി
ഞാനങ്ങനെ കണ്ണടച്ചിരിക്കും
ഭ്രാന്തന്റെ കോടിയ ചിരിയും
കരച്ചിലും ഒരിക്കലുമെന്നെ
അസ്വസ്ഥതപ്പെടുത്തിയില്ല.
കേട്ടുകേട്ടു മതിവരാത്ത
മഴശബ്ദങ്ങളെപ്പോലെ
ഞാനതിനെ
തോരാതൊളിച്ചു വെച്ചിട്ടുണ്ട്.
അയാളുടെ നോട്ടങ്ങളിലെ
തീക്ഷണതയിൽ
ഒരു വേനലിന്റെ കനലുകളും
മഞ്ഞുമലകൾപ്പുറം
കാഴ്ച്ചയെത്താത്ത സ്വപ്നങ്ങളുമുണ്ട്.
വാക്കുകളുടെ മൂർച്ചയിൽ
ജയപരാജയങ്ങളുടെ
വസന്തവും ശിശിരവും പേറി
അയാളങ്ങനെ നടന്നു പോവാറുണ്ട്.
മാറ്റിവെച്ചിട്ടുണ്ട് നിന്റെ
ഭ്രാന്തിന്റെ ചങ്ങലകളിലൊന്ന്.
വേണമെന്ന് തോന്നുമ്പൊഴൊക്കെ
എന്റെ കാലിലണിയിക്കുവാൻ മാത്രം.

ജലജ സുനീഷ്

By ivayana