രചന : ഷാഫി റാവുത്തർ✍
നക്ഷത്രമൊന്നല്ലോ
മണ്ണിൽ കിടക്കുന്നു…
ദൈന്യത മുറ്റിയ
കാഴ്ചയായ് മാറുന്നു…
കെട്ടകാലത്തെന്നും
വെട്ടം പരത്തിയോൾ
തിട്ടമില്ലാതെന്നും
നേട്ടങ്ങളേകിയോൾ
കാക്കയേം പൂച്ചയേം
കാട്ടിത്തൻ മക്കളെ
അന്നം കൊടുത്തുമ്മ
നല്കീയുറക്കിയോൾ
കാക്കയ്ക്കു
കൊത്തുവാൻ
നടതള്ളിയെറിയുന്നു
ദൈവമീ മണ്ണിൽ
കരഞ്ഞു മയങ്ങുന്നു…
മാതാവുമാത്മാവു-
മൊന്നു തന്നെ
മാതാവുജീവന്റെ
നാന്ദി തന്നെ
വാഴ്‌വിന്റെ ദൈവമേ
നിന്റെ കണ്ണീരിന്റെ
ശാപവും പേറിക്കഴിയുന്നവർ…
എല്ലുനുറുങ്ങുന്ന
വേദനയേറ്റതും
താങ്ങായി താരാട്ടിനീണം
പകർന്നതും
ഛർദ്ദിയുമമേദ്യവും
കയ്യാലെവാരിയും
കരളിന്റെ കഷ്ണമായ്
കൊണ്ടു നടന്നതും
പട്ടിണിയുണ്ടമ്മ
മൃഷ്ടാന്നമൂട്ടിയും
പനിച്ചൂടിലുഴറുമ്പോ
പുതപ്പായിമാറിയും
വിറയ്ക്കും കരങ്ങളിലുറപ്പിൻ തലോടലായ്
രാവുകൾ പകലാക്കി
മാറ്റിയ കരുതലും
വേവുന്ന വേദന
പൊളിച്ചതങ്കമായ്
ഇന്നും തിളങ്ങുന്നു
പൊൻ പ്രകാശം…
അന്ധർക്കു കാണുവാ-
നാവില്ല പ്രഭയെഴും
പൊന്നിൻ വെളിച്ചത്തെ
ജീവിതത്തിൽ
നന്മയ്ക്കു ജീവിതം
ഹോമിച്ച നെയ്യാണ്
അഗ്നിയായാളിയ
ഇന്ധനവുമവളാണ്
രക്തത്തെയമൃതാക്കി
യിറ്റിച്ചു ജീവനെ-
പ്പോറ്റിയപീയൂഷധാരയമ്മ…
നന്മനക്ഷത്രമേ…
പുണ്യനക്ഷത്രമേ…
ഞെട്ടറ്റീയൂഴിയിൽ
വീണ മുത്തേ…
നന്മത്തഴുകലേ
കർമ്മത്തലോടലേ
വാഴ്‌വിന്റെ ദേവിയെ…
വാഴ്ക നീ ജനനിയേ…
ഊഴിയിലാഴമളക്കു-
വാനാവാത്ത
അലിവിന്റെയാഴിയേ
നീ ക്ഷമിക്കൂ…
ശപിക്കുവാനാവില്ല
അമ്മയ്ക്കൊരിക്കലും
ഭൃഗുപുത്രർ തലയെടു-
ത്തെന്നാകിലും
വെറുക്കുവാനാവുമോ
പൊക്കിൾ കൊടിക്കെട്ടിലന്നം
പകുത്തന്നുമൂട്ടിയ
പ്രാണനെ…
മണ്ണിൽ മുഖം പൂഴ്ത്തി
കണ്ണീരു കൊണ്ടവൾ
തനയർക്ക് ശാന്തിയേ
നേരുകുള്ളൂ…
തമസ്സിൻ കുടീരത്തിലലയുമീ-
യോമനപ്പൂക്കൾക്കു
പരിമളം തേടുമമ്മ
ഉദരത്തിലുരുവായ
കനവിന്റെ കാതലാം
മക്കൾക്കു ക്ഷേമമേ-
യാഗ്രഹിക്കൂ…
വെട്ടിപ്പിടിച്ചും
തട്ടിപ്പറിച്ചും
കൂട്ടിക്കൊടുത്തും
സുഖിക്കും കിടാങ്ങളേ…
ശാപത്തിരയ്ക്കുമേൽ
ദ്വേഷച്ചിറതീർത്തു
കൊട്ടാരം കെട്ടി
സുഖിപ്പവരേ…
അത്രമേലുയരത്തിൽ
വീശിയടിക്കുന്ന
തിരമാലതന്നുടെ
ജലമാരിവന്നിടും
കൂട്ടിവെക്കുന്നതും
പോരാതെ വന്നിടും
കൂടാരാരും നിന്നെ
കൂട്ടാതെ നിന്നിടും
മനസ്സിൻ കയങ്ങളിൽ
കൽമഷമാലിന്യ-
മാഹരിച്ചുഴറുന്ന
ദുഷ്ട ജന്മങ്ങളേ…
സങ്കടത്തീപടർന്നാ-
ത്മാവ് കത്തുമ്പോ-
ളവനിയിലഭയം
തിരയുന്ന മർത്യരേ…
ദുരിതപ്പെമാരിയെ
തടയുന്ന ഛത്രമായ്
മാതാവ് മായാതിരിക്കട്ടെ
മനസ്സുകളിൽ…