രചന : മാധവ് കെ വാസുദേവ് ✍

അയാൾ. അയാൾ അങ്ങിനെയാണ്. അങ്ങിനെയേ അയാളെ അതിൽ പിന്നെ ഇത്രനാളും എല്ലാവരും കണ്ടിട്ടുള്ളു. പിന്നിൽ തിരയാടിച്ചാർക്കുന്ന കടലോ അതിൽ മുങ്ങിച്ചാവാൻ ഒരുങ്ങുന്ന സൂര്യന്‍റെ നിലവിളിയോ കടൽ കാറ്റിന്‍റെ കണ്ണുനീരിന്‍റെ ഉപ്പുരസമോ അയാളെ അലസോരപ്പെടുത്തിയില്ല.


ചുറ്റിലും നടക്കുന്നതൊന്നും തൊട്ടുതീണ്ടാതെ ശൂന്യതയുടെ ആഴങ്ങളിൽ സ്വപ്നങ്ങൾ സ്വരൂക്കൂട്ടി, പിന്നെ അതിന്‍റെ അർത്ഥങ്ങൾ തേടി പോകുന്നു ജീവിതത്തിന്‍റെ അതിർത്തി വരെ. പെയ്യാന്‍ വിതുമ്പി നില്‍ക്കുന്ന മഴമേഘംപോലെ നിറഞ്ഞ കണ്ണുകള്‍ മൂടി പൂഴിമണിലില്‍ അങ്ങിനെ കിടക്കുക. ചീകിയൊതുക്കാത്ത മുടിയും വളര്‍ന്നു തുടങ്ങിയ താടിയും കുഴിഞ്ഞ കണ്ണുകളും ഒട്ടിയ കവിള്‍ത്തടവും മെലിഞ്ഞ ശരീരവും കൂടി ചേര്‍ന്നാല്‍ ഹരീന്ദ്രന്‍ എന്ന ഹരിയായി.


ഹരിയുടെ ജീവിതം അങ്ങീനെയാണ്. സങ്കീർണതകളിൽ ചുറ്റപ്പെട്ട ഒരു ഭൂതകാലത്തിന്റെ അപസ്മാരം അയാളെ വേട്ടയാടുന്നു. ഉയരത്തിൽ പറക്കുന്ന ചിതറിയ മേഘങ്ങൾ പോലെ.
അധികമാരോടും ഇടപഴകതെ ആർക്കും പിടികൊടുക്കാതെ ആൾക്കൂട്ടത്തിൽ തനിയെ, ജീവിതം ജീവിച്ചു തീർക്കുന്ന ഒരു ജന്മം. സ്വയം മെനഞ്ഞെടുത്ത മണ്‍പുറ്റിൽ നോവുകളുടെ ഇടയിൽ എല്ലാം മറന്നു പ്രകൃതിയുടെ മടിയിയിൽ പാതിരാവോളം ചുമ്മാ നിലാകശത്തു ചിതറിയ നക്ഷത്രങ്ങളെ നോക്കി കിടക്കുക. അതിനിടയിൽ ആരെയോ തിരിയുകയാണെന്നും അവന്‍റെ മനസ്സ്. മായാതെ നില്ക്കുന്ന ഒരു ചുവന്ന സിന്ദുരപ്പൊട്ടിനെ .


ഹരിയെ കുറിച്ചറിയുക അവന്‍റെ മനസ്സിന്‍റെ വേവലാതികൾ, ഗ്രാമത്തിന്‍റെ ഉൾത്തുടുപ്പായി മാറിയ ദിനങ്ങളിൽ അവനിൽ സംഭവിച്ച മാറ്റത്തിന്‍റെ നിറഭേദങ്ങൾ തിരിച്ചറിയുക. അത്തരമൊരു സഹാസത്തിലാണ് എന്‍റെ മനസ്സ്. അതു കണ്ടെത്താൻ ഞാനേറെ പ്രയസപ്പെടുകയും ചെയ്തു.


ഹരിയുടെ ജീവിതം ഗ്രാമത്തിന്‍റെ സ്പന്ദനമാവുന്നത് അന്നുമുതലാണ്. ചെറിയ കുളിർമഞ്ഞു നിറഞ്ഞുതൂവിനിന്ന ചിങ്ങമാസ പുലരികളിൽ ഒന്നിൽ മുറ്റത്തെ മാവിന്‍ കൊമ്പിൽ കെട്ടിയിരുന്ന ഊഞ്ഞാല്‍ കയറില്‍ തൂങ്ങിയാടിയ സുഭദ്രേട്ടത്തിയുടെ ശരീരം കണ്ട അന്നുമുതലാണ വന്‍റെ ജീവിതം താളം തെറ്റിയത്. അത്തപ്പൂക്കളം ഇടാൻ തലേന്നു സന്ധ്യയിൽ തൂശൻ ഇലയിൽ പറിച്ചുവെച്ച പൂക്കൾ കുനിഞ്ഞു കൈവെള്ളയിൽ എടുത്തു നിവർന്നപ്പോൾ തലയിൽ മുട്ടിയ സുഭാദ്രേച്ചിയുടെ തണുത്ത പാദങ്ങൾ കണ്ടു തരിച്ചു നിന്ന ആ പഴയ ഓണക്കാല ദിനത്തിൽ.


മഠത്തിലെ സുഭദ്രയ്ക്കു ജീവനൊടുക്കാൻ മാത്രം ഒരുപ്രശ്നവുമവിടെ ഇല്ലായിരുന്നു എന്നു നാട്ടുകാരിൽ പലരും പറയുന്നു. അന്തസ്സുള്ള തറവാട്ടിലെ വിദ്യാഭ്യാസവും ജോലിയുമുള്ള പെണ്‍കുട്ടി. അച്ഛനും അമ്മയ്ക്കും ഏക മകൾ. പിന്നെ പത്താം തരത്തിൽ പഠിക്കുന്ന ഹരിയെന്നു വിളിക്കുന്ന ഹരീന്ദ്രൻ അയല്‍വക്കത്തുള്ള കുട്ടി. ഒരമ്മയുടെ വയറ്റിൽ പിറന്ന മക്കളെ പോലെ ആയിരുന്നു അവരുടെ പെരുമാറ്റം.
പിന്നെ എവിടെയാണു പിഴച്ചത്. ജീവിതത്തിന്‍റെ താളം തെറ്റിയത്. പല രാത്രികളിലും അണയാതെ നില്ക്കുന്ന മങ്ങിയ വെളിച്ചം സുഭദ്രയുടെ ജനൽ പാളികൾക്കിടയിലൂടെ ഊർന്നിറങ്ങി വരുന്നതും അടക്കി നിർത്താൻ കഴിയാത്ത നിശ്വാസങ്ങളുടെ പിടച്ചിലും രാമഴയുടെ താളങ്ങൾക്കിടയിലും ഉയർന്നു കേട്ടിരുന്നു.


സുഭദ്രയുടെ നീലിച്ച ശരീരം ആശുപത്രിയിൽ നിന്നും കൊണ്ടുവന്നു തളത്തിൽ വാഴയിലയിൽ കിടത്തുമ്പോൾ ഹരിയുടെ മുഖം ചോരവാർന്നു വിളറിയിരുന്നു. ചുറ്റും ചില കണ്ണുകൾ അവനെ വലംവെയ്ക്കുന്നതും ചില നോട്ടങ്ങൾ അവനിലേയ്ക്കു നീണ്ടു വരുന്നതും അവനെ അസ്വസ്ഥനാക്കി.
വരാന്തയിലെ തൂണിൽ ചാരിയിരുന്നടുത്തു നിന്നും അവൻ എഴുനേറ്റു വടക്കേ തളത്തിലേയ്ക്കു നടന്നപ്പോൾ തുറന്നിട്ടിരുന്ന സുഭദ്രേട്ടത്തിയുടെ മുറിയിലേയ്ക്കു കണ്ണുകൾ പാറി വീണു.


മാസങ്ങള്‍ക്കു മുന്‍പ് താളത്തിലൂടെ സുഭദ്രേട്ടത്തിയുടെ മുറിക്കു മുന്നിലൂടെ നടന്നു നീങ്ങവേ പാതി ചാരിയ വാതിലിനപ്പുറം അടക്കിപ്പിടിച്ച ശീല്ക്കാരങ്ങളുടെ ധ്വനിയിൽ ഉയർന്ന നിശ്വാസങ്ങളിൽ കാതുടക്കി. ചാരിയ വാതിൽപ്പാളിയുടെ സത്യം കണ്ണുകളെ മൂടിക്കളഞ്ഞു. പിൻകഴുത്തിലെ വലിയ മറുകിൽ കണ്ണുകൾ ഉടക്കി നിന്നു.
പതിയെ പതിയെ തോര മിഴികളുമായി വീർപ്പുമുട്ടി ദിവസങ്ങൾ തള്ളിനീക്കിയ സുഭദ്രേച്ചിയുടെ മുഖം കാണും തോറും മനസ്സില്‍ അകാരണമായ ഒരു ഭയമടിഞ്ഞു കൂടി. പിന്നീടെന്നോ ഒരു ചാറ്റല്‍മഴ തൂവിന്ന പുലരിയില്‍ ചോദിച്ചറിഞ്ഞു എല്ലാം. പക്ഷെ കണക്കുക്കൂട്ടലുകളെ തെറ്റിച്ചു കൊണ്ട് തോല്പിച്ചു കളഞ്ഞു.


തളത്തിന്‍റെ വാതിൽ തുറന്നു മുറ്റത്തേയ്ക്കിറങ്ങി ഹരി, തെക്കേ പറമ്പിൽ ഒരുങ്ങുന്ന ചിത നോക്കി ഭിത്തിയില്‍ ചാരി നിന്നു. മാവിൻ വിറകു അടുക്കുന്ന ആളുകള്‍ക്കിടയില്‍ നിന്നും ഒരു ചെറുപ്പക്കാരൻ ചിരിച്ചുകൊണ്ട് നിവർന്നു തിരിഞ്ഞു നിന്നപ്പോൾ ഓര്‍മ്മയില്‍ ഓടിയെത്തി ആ കറുത്ത മറുകും അവനെ ചുറ്റി വരിയുന്ന സുഭദ്രേട്ടത്തിയുടെ വെളുത്തു നീണ്ട കൈകളും.

മാധവ് കെ വാസുദേവ്

By ivayana