വന്ദേഭാരത് മിഷന്റെ ഭാഗമായി പ്രത്യേക വിമാന സര്‍വീസ് വഴി ഇന്ത്യയിലെത്തിയ പ്രവാസികള്‍ ദുരന്തമുഖത്ത്. ഇതില്‍ 59 ശമതാനം പേരും നാട്ടിലെത്തിയത് ജോലി നഷ്ടമായിട്ട്. സ്‌കില്‍ ഡെവലപ്‌മെന്റ് മന്ത്രാലയത്തിന്റെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിദേശകാര്യം, വ്യോമയാനം എന്നീ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ സ്‌കില്‍ ഡെവലപ്‌മെന്റ് മന്ത്രാലയം തയ്യാറാക്കിയ കണക്കുകളിലാണ് പ്രവാസികളുടെ ജോലി നഷ്ടം സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
ജൂണ്‍ ഒന്നു മുതല്‍ ഇന്ത്യയിലെത്തിയ പ്രവാസികളില്‍ നിന്നുള്ള വിവരം അടിസ്ഥാനമാക്കിയാണ് 59 ശതമാനം പ്രവാസികള്‍ക്ക് ജോലി നഷ്ടമായി എന്ന് പറയുന്നത്. കേരളത്തിലാണ് കൂടുതല്‍.
വിമാനത്താവളത്തില്‍ വച്ച് തന്നെ പ്രത്യേക ഫോറം പ്രവാസികളില്‍ നിന്ന് പൂരിപ്പിച്ചു വാങ്ങുന്നുണ്ട്. ജോലി, തൊഴില്‍ മേഖല, ജോലി പരിചയം എന്നീ കാര്യങ്ങളും പൂരിപ്പിച്ചു നല്‍കേണ്ടതുണ്ട്. ജൂണ്‍ ഏഴ് വരെയുള്ള ഒരാഴ്ചക്കിടെ 15634 പ്രവാസികളാണ് സ്വദേശ് സ്‌കില്‍ ഫോറം പൂരിപ്പിച്ചു നല്‍കിയത്. ഇതില്‍ 9222 അതായത് 59 ശതമാനം പേരും ജോലി നഷ്ടമായിട്ടാണ് വിദേശത്ത് നിന്ന് മടങ്ങിയത്.
പ്രവാസികള്‍ക്ക് ജോലി നഷ്ടമാകുന്ന വിഷയത്തില്‍ പ്രതിസന്ധി നേരിടാന്‍ സാധ്യത കൂടുതല്‍ ഇന്ത്യയാണ്. പ്രത്യേകിച്ച് കേരളം. ഇവിടെ ബഹുഭൂരിഭാഗം പേരും ജോലി ചെയ്യുന്നത് ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലാണ്. വിദേശത്ത് നിന്ന് ജോലി നഷ്ടമായെത്തുന്ന പ്രവാസികളില്‍ കൂടുതല്‍ പേരും ഏറെ പ്രവൃത്തി പരിചയമുള്ളവരാണെന്ന് കണക്കുകള്‍.തിരിച്ചെത്തിയവരില്‍ 7341 പേര്‍ ബിരുദധാരികളാണ്. 2638 പേര്‍ ബിരുദാനന്ത ബിരുദമുള്ളവരാണ്. 3000ത്തോളം പേര്‍ പ്ലസ് ടു കഴിഞ്ഞവരും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് വന്ദേഭാരത് മിഷന്റെ ഭാഗമായി കൂടുതല്‍ പ്രവാസികള്‍ എത്തുന്നത്. ഗള്‍ഫില്‍ 80 ലക്ഷം ഇന്ത്യക്കാരുണ്ടെന്നാണ് കണക്കാക്കുന്നത്.