എം.എ.ഹസീബ് പൊന്നാനി✍

ക്രിസ്തുമസ്സിന് സ്റ്റാറുകളെന്നപോലെ പൊന്നാനിയിൽ റമദാൻ സന്തോഷങ്ങളിൽ തെളിയുന്ന വർണ്ണ വിളക്കാണ്പാനൂസ.കേവലമൊരു അലങ്കാര വിളക്ക് മാത്രമല്ല,ഒരു നാടിന്റെ സന്തോഷാഘോഷങ്ങളുടെ മനസ്സുകൾ നിവേശിപ്പിച്ച നിറവൈവിദ്ധ്യങ്ങളുടെ പൈതൃകപ്പെരുമകൂടിയാണ് പാനൂസ.


കുഞ്ഞുമനസ്സുകളിൽ അത്ഭുതാതിരേകങ്ങളാൽ ആനന്ദമഴകൾക്കുമുന്നേ മഴവില്ലുപോലെ വർണ്ണം വിടർത്തിത്തെളിയുന്ന നിർമലതയുടെ നിറച്ചാർത്തും,
വലിയവരിൽ ഗൃഹതുരത്തസ്മരണകൾ വർണ്ണത്തിളക്കങ്ങളോടെ, നിറമുള്ള മണമുള്ള ഇന്നലെകൾ തിരികെയെത്തിക്കുന്ന, ഗൃഹാലങ്കാരങ്ങളോടൊപ്പം, ഹൃദയാലങ്കാരങ്ങൾക്കുകൂടിയുള്ള അടയാളസൂചികയുമാണ് പാനൂസ.


ജനസാന്ദ്രതാസവിശേഷതയിൽ,കന്മതിലുകളാൽ വേർതിരിവുകളില്ലാതെ, ഒന്നിനോടൊന്നുചേർന്ന് നീണ്ടുനീണ്ടുപോകുന്ന വീടുകൾ,പകൽ സമയം തീവണ്ടിബോഗികൾ പോലെയും,നോമ്പുമാസ രാത്രികളിൽ പാനൂസകൾ തെളിയുന്ന നഗരത്തെരുവുകൾ, നൂറുനൂറു തിളങ്ങുന്ന പൂക്കൾ ചിരിക്കുന്ന ശോഭയേറും ആരാമങ്ങൾ പോലെയുമാകും.


വിശുദ്ധ റമളാനിലെ വിശേഷപ്പെട്ട ഇരവുപകലുകളിലെ പ്രാർത്ഥനാഗൗരവങ്ങളിൽ തപം ചെയ്യപ്പെട്ട മനസ്സുകളിലേക്ക് ഇത്തിരി സന്തോഷക്കുളിരിന്, കൂട്ടുകുടുംബ സൗന്ദര്യത്തിൽ മുത്താഴ വെടിക്കും, പലഹാര സമൃദ്ധികൾക്കുമൊപ്പം പ്രാമുഖ്യത്തോടെ സ്ഥാനം പിടിച്ചിട്ടുള്ള കുഞ്ഞലങ്കാരമാണ് പാനൂസ.


നൂറ്റാണ്ടുകളായുള്ള പൊന്നാനിക്കാരുടെ സന്തോഷവാഹിനിയായ പാനൂസ, എണ്ണവിളക്കുകളാൽ തെളിഞ്ഞിടത്ത് വൈദ്യുതദീപങ്ങളായി പ്രകാശിക്കുന്നു എന്ന മാറ്റത്തിനപ്പുറം,പ്രായഭേദങ്ങളും കാലഭേദങ്ങളുമില്ലാതെ ‘മലബാറിന്റെമക്ക’യിലെ ആഘോഷപ്പെരുമയായി തിളങ്ങിവിളങ്ങി നിൽക്കുന്നു.


പൊന്നാനിയും പൊന്നാനിക്കാരുമുള്ളിടത്തോളം ഇതങ്ങനെത്തന്നെ നിലകൊള്ളും.
ആത്മീയതയുടെ ആഴിയാഴം സഞ്ചരിക്കുന്ന വിശ്വാസിയുടെ ഹൃദയാന്തരാളങ്ങളിലെ നിർവൃതി നിറവിന്റെ അടയാളപ്പെടുത്തലുകളായി തെളിഞ്ഞു കത്തേണ്ട, ഭൂത വർത്തമാനങ്ങളുടെ അകലങ്ങളില്ലാതാക്കുന്ന മോദദീപങ്ങളായി പ്രഭചൊരിഞ്ഞു തെളിയുന്ന, ഭക്തി വിതച്ചു സൗഭഗം കൊയ്യുന്നതിന്റെ പ്രതീകമായിട്ടുവേണം പാനൂസകളെന്നും പ്രകാശിക്കേണ്ടതെന്ന പ്രത്യാശാനിർഭര പ്രാർത്ഥനയോടെ..

എം.എ.ഹസീബ്

By ivayana