രചന : രവീന്ദ്രനാഥ്‌ സി ആർ ✍

വർഷാവർഷങ്ങളിൽ സ്‌കൂളടച്ചാൽ
അമ്മാവൻ അമ്മായി വിരുന്നിനെത്തും
അന്യനാട്ടിലവർ ജോലിസംബന്ധമായ്
പതിനൊന്നു മാസവും നിൽക്കയല്ലേ

വിഷുവിന്ന്‌ കൈനീട്ടം പുത്തനുടുപ്പുകൾ
അതിലേറെ മധുരം ബേക്കറി തീറ്റകൾ
എങ്കിലും ഞങ്ങൾക്കാ വിരുന്നു കൂട്ടക്കാരെ
അത്രമേൽ ഇഷ്ടം കുറഞ്ഞു പോയി

കുട്ടികൾ ഞങ്ങൾക്ക് വിനയായൊരുത്തൻ
അമ്മാമ അമ്മായി മകനായിട്ടുണ്ട്
ഞങ്ങളെ ദ്രോഹിക്കലവന്നു മോദം
കളിക്കോപ്പു തല്ലി തകർക്കുകയും

ഒളിപ്പിച്ചു വക്കുവാൻ ഞാനുമെൻ പെങ്ങളും
ഒരുപാട് മെനക്കെട്ടു നോക്കുമെന്നാൽ
മുക്കും മൂലയും അരിച്ചു പെറുക്കിടും
രഹസ്യമായ് വച്ചതോ വെളിച്ചത്തുമാക്കും

കൊച്ചുകുഞ്ഞല്ലേ അവൻ നിങ്ങൾക്കു താഴെ
മൂത്തവർ നിങ്ങൾ ക്ഷമിക്കേണ്ടതല്ലേ
അമ്മയുമച്ഛനും ഒരുപോൽ മൊഴിഞ്ഞു
ഉത്തരം ഇല്ലാതെ ഞങ്ങൾ കുഴഞ്ഞു

ഒരുനാൾ ക്രോധത്താൽ വടിയെടുത്തു
അവൻ അമ്മിണിമോളുടെ തലയ്ക്കടിച്ചു,
തലയോട്ടി പൊട്ടി ചോര ചീറ്റിത്തെറിച്ചു..
അച്ഛനു മമ്മയും അപ്പോൾ പൊട്ടിത്തെറിച്ചു!

ചെറുതല്ലെന്നു കരുതി പൊറുത്തു പിന്നെ,
മര്യാദയോടെ ഇവർ പെരുമാറി നിന്നു,
ഇനിമേലിൽ ഇത്തരം കുരുത്തക്കേടുകൾ
കാട്ടുകിൽ വേദന അറിയിക്കും നിശ്ചയം!

അമ്മായി എപ്പോഴും കുട്ടിക്ക് കൂടെയായ്
നിൽക്കും പിന്നെ ഞങ്ങൾക്കു ശകാരവും
ഈ സംഭവം ഒരു പൊട്ടിത്തെറിയായി..
പിന്നീടൊരിക്കലും വിരുന്നവർ വന്നില്ല.

രവീന്ദ്രനാഥ്‌ സി ആർ

By ivayana