രചന : ബാബുഡാനിയല്‍ ✍

കൂനിനടക്കും കുഞ്ഞനുറുമ്പും
പറയുന്നുണ്ടിന്നേറെ കഥകള്‍
കൂനനും,വിശറും,ചോനനുമങ്ങനെ
പലതായ് ചേരിതിരിഞ്ഞകഥ
ആധിപത്ത്യകാലടിയാലെ
പലതായ് ചിതറിപോയ കഥ
കൂലിയില്ലാ വേലചെയ്തിട്ട-
ടിമകളായി തീര്‍ന്നകഥ
മലകള്‍ തുരന്നും പാതകള്‍ പണിതും
മര്‍ത്ത്യപുരോഗതി ചെയ്തകഥ
ഖനികള്‍ തുരന്നും അടിയിലടിഞ്ഞും
വെന്തു നീറിയ കദനകഥ
എല്ലുകളുന്തിയമാടായ് മാറി
ചേറിലുറഞ്ഞു പുളഞ്ഞകഥ
എല്ലുമുറിയെ പണിചെയ്തങ്ങനെ
നടുവുകൂനി പോയകഥ
‘വേട്ട’പെണ്ണിനെ കടിച്ചുകീറിയ
വേട്ടക്കാരുടെ കൺമുന്നിൽ
രോഷമടക്കീട്ടുള്ളമുലഞ്ഞ്
പിടഞ്ഞുപോയൊരു പഴയകഥ
അളമുട്ടീടില്‍ ചേരകടിക്കും
അതു പരമാര്‍ത്ഥമൊഴി.
സഹികെട്ടൊരുനാൾകൂട്ടംകൂടി
കടിച്ചു കൊന്നല്ലോ ,
തുറിച്ചകണ്ണും ദംഷ്ട്രവുമുള്ളൊരു വെളുത്തസത്വത്തേ.
അണിചേര്‍ന്നീടില്‍ കൂനനുറുമ്പും
ആനയെ പോലും ഹനിച്ചീടും
കാലം മാറി കഥകള്‍ മാറി
അധ്വാനത്തിന്‍ മൂല്യമുയര്‍ന്നു
തൊഴിലിടവും,തൊഴിലാളികളും
അടിമകളായീ ഗണിക്കില്ലാരും
അദ്ധ്വാനത്തിന്‍ മഹിമകളറിയണം
നാടിന്‍ ചേതന നിലനിര്‍ത്താന്‍.
അദ്ധ്വാനത്തിന്‍ മഹിമകളറിയണം
നാടിന്‍ ചേതന നിലനിര്‍ത്താന്‍.

By ivayana