രചന : കൃഷ്ണമോഹൻ കെ പി ✍

സ്വരസുന്ദരിമാരെൻ തൂലികത്തുമ്പിലെത്തി
സ്വരമാധുരിയോടെ കീർത്തനം പാടി നില്ക്കേ
വരുവാൻ മടിക്കുന്നൂ, വാക്കുകളനുസ്യൂതം
വരളും മഷിയോ, എൻ മനസ്സിൻ പ്രയാസമോ…

കളിയായ്പ്പോലും മമ വാക്കുകളാരാരേയും
കരയിച്ചിട്ടില്ലിതുവരെ, എന്താണിന്നിതു പോലെ
ആസുര വാദ്യം കേട്ടു ഭയന്നോ, കിനാക്കളെൻ
ആയുധപ്പുരയുടെ ചാവിയും നഷ്ടപ്പെട്ടോ

ആനകളലറുന്നു, ഗർദ്ദഭം കരയുന്നൂ
ആനത മുഖികളോ, സന്തതം തപിക്കുന്നൂ
വാക്കുകൾ , കൂട്ടാളികളെന്നങ്ങുറപ്പിച്ച
വാസരകന്യകളോ, വെറുതെയുറങ്ങുന്നൂ

കേവലം മർത്യൻ ഞാനെന്നുള്ളിലങ്ങുറപ്പിച്ച
കേശവൻ പോലും, ഇന്നു കാണാത്ത തെന്തെൻ ദു:ഖം
കാൽ കൈ തളരുന്നൂ, ഹൃത്തടം വിങ്ങീടുന്നൂ

കാര്യമായെഴുതുവാൻ, ഒന്നുമേ തോന്നുന്നില്ല
മാമവ ശാന്തിയ്ക്കായി, ഞാനിതു കുറിയ്ക്കുന്നൂ
മാധവാ നീയിന്നെന്നെ, കൈവിടരുതേയേ വം: …
ഓം: ശാന്തി, ശാന്തി, ശാന്തി ഹി:

കൃഷ്ണമോഹൻ കെ പി

By ivayana